അറസ്റ്റും ഇഡി റിമാൻഡും ചോദ്യംചെയ്ത് അരവിന്ദ് കെജ്‌രിവാൾ നൽകിയ ഹർജി അടിയന്തരമായി ലിസ്റ്റ് ചെയ്യാൻ ഡൽഹി ഹൈക്കോടതി തയ്യാറായില്ല. തൻ്റെ അറസ്റ്റിനെയും മാർച്ച് 22ന് വിചാരണക്കോടതി അനുവദിച്ച റിമാൻഡ് ഉത്തരവിനെയും ചോദ്യം ചെയ്ത് അരവിന്ദ് കെജ്‌രിവാൾ ഡൽഹി ഹൈക്കോടതിയെ സമീപിച്ചിരുന്നു.
വ്യാഴാഴ്ച എൻഫോഴ്‌സ്‌മെൻ്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്യുകയും മാർച്ച് 28 വരെ കസ്റ്റഡിയിൽ വിടുകയും ചെയ്ത കെജ്‌രിവാൾ വിഷയത്തിൽ അടിയന്തര വാദം കേൾക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. ഇനി ബുധനാഴ്ച മാത്രമേ ഹർജി പരിഗണിക്കുകയുള്ളൂ.
തൻ്റെ അറസ്റ്റും റിമാൻഡും നിയമവിരുദ്ധമാണെന്നും കസ്റ്റഡിയിൽ നിന്ന് ഉടൻ മോചനത്തിനു തനിക്ക് അർഹതയുണ്ടെന്നും കെജ്‌രിവാൾ തൻ്റെ ഹർജിയിൽ വാദിച്ചു.
കള്ളപ്പണം വെളുപ്പിക്കൽ അന്വേഷണത്തിൽ ഇഡിയുടെ ഏതെങ്കിലും നിർബന്ധിത നടപടികളിൽ നിന്ന് ഇടക്കാല സംരക്ഷണം നൽകാൻ ഡൽഹി ഹൈക്കോടതി വ്യാഴാഴ്ച വിസമ്മതിച്ചതിന് മണിക്കൂറുകൾക്ക് ശേഷമാണ് കെജ്‌രിവാളിൻ്റെ അറസ്റ്റ് നടന്നത് എന്നതും ശ്രദ്ധേയമാണ്.