തെറ്റായ പ്രചാരണം അടിച്ചു വിടുകയാണ്. ഇ.പി.ജയരാജന്‍ സിപിഎമ്മിന്റെ കേന്ദ്രക്കമ്മിറ്റി അംഗമാണ്. ജയരാജനെതിരായ ആക്രമണം, സിപിഎമ്മിനും ഇടതുമുന്നണിക്കും എതിരായ ആക്രമണമായാണ് കാണേണ്ടതെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ഇന്ന് രാവിലെ ധര്‍മ്മടത്തെ തന്റെ ബൂത്തില്‍ വോട്ടു ചെയ്തതിനു ശേഷം മാധ്യമങ്ങളുടെ ചോദ്യത്തോട് പ്രതികരിച്ചു കൊണ്ടാണ് ഇ.പി.ജയരാജനെതിരായ ആരോപണങ്ങള്‍ പൂര്‍ണമായി നിഷേധിച്ചും എന്നാല്‍ ഇ.പി.യെ തിരുത്തിയും ഉപദേശിച്ചും മുഖ്യമന്ത്രി സംസാരിച്ചത്.
“ജയരാജന്റെ പ്രകൃതം നമുക്കറിയാമല്ലോ. എല്ലാവരുമായും സൗഹൃദം കാണിക്കുന്ന ആളാണ് അദ്ദേഹം. പക്ഷേ സൗഹൃദങ്ങളില്‍ ജാഗ്രത കാണിക്കേണ്ടതുണ്ടായിരുന്നു. അത് ചിലപ്പോള്‍ കെണിയായി മാറും. കൂട്ടുകെട്ടുകളില്‍ ഇ.പി. കൂടുതല്‍ ശ്രദ്ധിക്കേണ്ടതായിരുന്നു. പാപിയോടൊപ്പം ശിവന്‍ ചേര്‍ന്നാല്‍ ശിവനുപം പാപിയാവും എന്നൊരു ചൊല്ലുണ്ടല്ലോ. അതു പോലെയാണ് സംഭവിക്കുക. പണം മാത്രം ഉണ്ടാക്കാന്‍ ശ്രമിക്കുന്ന ഒരാള്‍ എന്തു ചെയ്യുന്നതും എന്ത് ഉദ്ദേശ്യത്തോടെയാണെന്ന് എല്ലാവര്‍ക്കും അറിയാം.
ജാവഡേക്കറെ കാണുന്നതിലും സംസാരിക്കുന്നതിലും തെറ്റില്ല. ഞാന്‍ എത്രയോ തവണ കണ്ടിരിക്കുന്നു. എന്നാല്‍ ആളെപ്പറ്റിക്കാന്‍ നടക്കുന്നവരുടെ കൂട്ടുകെട്ട് ഒഴിവാക്കണം. ആ മനുഷ്യന്‍ എങ്ങിനെയും പണം കിട്ടണം എന്ന് നോക്കുന്നു. അത്തരം ആളുകളുമായുള്ള ലോഹ്യമോ ബന്ധമോ പാടില്ല. നന്ദകുമാറിന് എന്റെ കേസിലുള്ള ബന്ധം എനിക്ക് നന്നായറിയാം.”– മുഖ്യമന്ത്രി പറഞ്ഞു.
സൗഹൃദങ്ങളില്‍ ഇ.പി.ജയരാജന്‍ മുമ്പും ജാഗ്രത കാണിക്കാറില്ല എന്നത് നേരത്തെയുള്ള അനുഭവമാണ്. കൂട്ടുകെട്ടുകളില്‍ ഇ.പി. ജാഗ്രത കാണിക്കണം.- പിണറായി വിജയന്‍ പറഞ്ഞു.
ഇടതുമുന്നണിക്ക് കേരളത്തില്‍ ചരിത്രവിജയം ഉണ്ടാകുമെന്നും കേരള വിരുദ്ധ ശക്തികള്‍ക്കെതിരായ പ്രതികരണമായി മാറുമെന്നും മുഖ്യമന്ത്രി പറഞ്ഞു.