ലൈംഗികാരോപണ കേസിലെ പ്രതിയും ജനതാദൾ (സെക്കുലർ) നേതാവുമായ പ്രജ്വൽ രേവണ്ണയെ ആക്രമിച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. പ്രജ്വൽ രേവണ്ണയെ പിന്തുണച്ചതിന് പ്രധാനമന്ത്രി നരേന്ദ്ര മോദി മാപ്പ് പറയണമെന്നും രാഹുൽ ഗാന്ധി ആവശ്യപ്പെട്ടു .
“പ്രജ്വൽ രേവണ്ണ 400 സ്ത്രീകളെ ബലാത്സംഗം ചെയ്യുകയും വീഡിയോകൾ ഉണ്ടാക്കുകയും ചെയ്തു. ഇത്, കൂട്ടബലാത്സംഗമാണ്. കർണാടകയിലെ ജനങ്ങളുടെ മുന്നിൽ പ്രധാനമന്ത്രി ഈ കൂട്ടബലാത്സംഗക്കാരനെ പിന്തുണക്കുകയും വോട്ട് ചോദിക്കുകയും ചെയ്തു.”–കർണാടകയിലെ ശിവമോഗയിൽ ഒരു പൊതു റാലിയിൽ രാഹുൽ ഗാന്ധി പറഞ്ഞു.
മുൻ പ്രധാനമന്ത്രിയും ജെഡി(എസ്) നേതാവുമായ എച്ച്‌ഡി ദേവഗൗഡയുടെ ചെറുമകൻ പ്രജ്വൽ സ്ത്രീകളെ ലൈംഗികമായി ചൂഷണം ചെയ്തുവെന്ന ആരോപണം നേരിടുകയാണ്. രണ്ടാം ഘട്ട തിരഞ്ഞെടുപ്പില്‍ പ്രജ്വല്‍ ഹാസന്‍ മണ്ഡലത്തില്‍ ബിജെപി സഖ്യകക്ഷിയായ ജെഡിഎസ് സ്ഥാനാര്‍ഥിയായിരുന്നു. പ്രജ്വലിന്റെ പ്രചാരണത്തിനായി നരേന്ദ്രമോദി വരികയും പ്രസംഗിക്കുകയും ചെയ്തിരുന്നു. വോട്ടെടുപ്പിനു പിറകെയാണ് വന്‍ വിവാദമുയര്‍ത്തിയ കൂട്ട ലൈംഗിക പീഢനക്കേസ് വരുന്നത്. പ്രത്യേക അന്വേഷണ സംഘം കേസ് അന്വേഷിച്ചു വരികയാണ്. പ്രജ്വല്‍ ജര്‍മനിയിലെ ഫ്രാങ്ക്ഫുര്‍ട്ടിലേക്ക് രക്ഷപ്പെട്ടിരിക്കയാണ്.
പ്രജ്വല് രേവണ്ണയ്ക്കെതിരെ അശ്ലീല വീഡിയോ കേസിൽ അന്വേഷിക്കുന്ന പ്രത്യേക സംഘം വ്യാഴാഴ്ച ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചു. ലോകമെമ്പാടുമുള്ള എല്ലാ ഇമിഗ്രേഷൻ പോയിൻ്റുകളിലും നോട്ടീസ് നൽകിയിട്ടുണ്ട്.
ഏപ്രിൽ 26ന് രേവണ്ണ ജർമ്മനിയിലെ ഫ്രാങ്ക്ഫർട്ടിലേക്ക് കടന്നതായാണ് പുറത്തുവരുന്ന അന്വേഷണ റിപ്പോർട്ടുകൾ.