സിപിഐ(എം) സംസ്ഥാന സെക്രട്ടറി ജിതേന്ദ്ര ചൗധരിക്ക് ത്രിപുരയിൽ പ്രതിപക്ഷ നേതാവാകാൻ അവസരം ലഭിച്ചത് ഭാരതീയ ജനത പാർട്ടിയുടെ കാരുണ്യം കൊണ്ടാണെന്ന് ത്രിപുര മുൻ മുഖ്യമന്ത്രിയും ലോക്സഭാ തിരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിയുമായ ബിപ്ലബ് കുമാർ ദേബ്.
“തിപ്ര മോത ബിജെപിയിൽ ചേർന്നതിന് ശേഷമാണ് സിപിഐഎം പ്രധാന പ്രതിപക്ഷ കക്ഷിയായത്. ജിതേന്ദ്ര ചൗധരി പ്രതിപക്ഷ നേതാവായത് നമ്മുടെ കാരുണ്യം കൊണ്ടാണ്. തിപ്ര മോത സ്ഥാപകൻ പ്രദ്യോത് കിഷോർ മാണിക്യയുടെ കാരുണ്യത്താലാണ് സബ്റൂം നിയോജകമണ്ഡലത്തിൽ നിന്ന് നിയമസഭാ തിരഞ്ഞെടുപ്പിൽ അദ്ദേഹം വിജയിച്ചതും.”– ഞായറാഴ്ച സെപാഹിജാല ജില്ലയിലെ ചാരിലാമിൽ തിരഞ്ഞെടുപ്പ് പ്രചാരണത്തിൻ്റെ ഭാഗമായി സംഘടിപ്പിച്ച റാലിയിൽ സംസാരിക്കവെ ദേബ് പറഞ്ഞു. ത്രിപുരയിലെ രണ്ട് ലോക്‌സഭാ സീറ്റുകളിലൊന്നായ വെസ്റ്റ് ലോക്‌സഭാ മണ്ഡലത്തിൽ നിന്നാണ് ബിപ്ലബ് കുമാർ ദേബ് മത്സരിക്കുന്നത്.
ലോക്‌സഭാ തെരഞ്ഞെടുപ്പിനുള്ള കോൺഗ്രസ്-സിപിഐ(എം) സഖ്യത്തെ വിമർശിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു– “ഇനിയും സമയമുണ്ട്. ഞങ്ങൾക്കൊപ്പം ചേരുക. അവരോടൊപ്പം (സിപിഎമ്മും കോൺഗ്രസും) നിന്നിട്ട് കാര്യമില്ല. അവർ അവരുടെ വ്യക്തിപരമായ നേട്ടത്തിനായി പ്രവർത്തിക്കുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തിന് വേണ്ടിയാണ് പ്രവർത്തിക്കുന്നത്.”