Categories
latest news

ജെ.എന്‍.യു. വിദ്യാര്‍ഥി യൂണിയന് കാല്‍നൂറ്റാണ്ടിനു ശേഷം ദലിത് പ്രസിഡണ്ട്…കാമ്പസ് മനസ്സ് മതേതരം, ഇടതുപക്ഷം… മേജര്‍ സ്ഥാനത്തെല്ലാം എബിവിപി തോറ്റു

നാല് വര്‍ഷത്തിലേറെയായി സര്‍വ്വകലാശാലയില്‍ എ.ബി.വി.പി.വലിയ തോതില്‍ ചുവടുറപ്പിക്കാന്‍ ശ്രമിച്ചുവരികയായിരുന്നു. വിദ്യാര്‍ഥി മനസ്സ് ഇപ്പോഴും മതേതരമായി തുടരുന്നു എന്നതിനുള്ള തെളിവായി മാറിയിരിക്കയാണ് ജെ.എന്‍.യു. തിരഞ്ഞെടുപ്പു ഫലം

Spread the love

ജവഹർലാൽ നെഹ്‌റു യൂണിവേഴ്‌സിറ്റി (ജെഎൻയു) സ്റ്റുഡൻ്റ്‌സ് യൂണിയൻ തിരഞ്ഞെടുപ്പിൽ എബിവിപിയെ തോൽപ്പിച്ച്, പ്രസിഡൻ്റ്, വൈസ് പ്രസിഡൻ്റ്, ജനറൽ സെക്രട്ടറി, ജോയിൻ്റ് സെക്രട്ടറി എന്നിങ്ങനെ തിരഞ്ഞെടുപ്പ് നടന്ന നാല് പ്രധാന കേന്ദ്ര സീറ്റുകളിലും ഐക്യ ഇടതുപക്ഷം വിജയിച്ചു. ബിഹാറിൽ നിന്നുള്ള പിഎച്ച്‌ഡി വിദ്യാർത്ഥി ധനഞ്ജയ് ജെഎൻഎസ്‌യു പ്രസിഡൻ്റായി തിരഞ്ഞെടുക്കപ്പെട്ടു. നാലുവർഷത്തെ ഇടവേളയ്ക്കുശേഷം വെള്ളിയാഴ്ചയാണ് ജെഎൻയുവിൽ തിരഞ്ഞെടുപ്പ് നടന്നത്.

പ്രസിഡണ്ടായി തിരഞ്ഞെടുക്കപ്പെട്ട ധനഞ്ജയ് ആഹ്‌ളാദ പ്രകടനത്തില്‍

ഓൾ ഇന്ത്യ സ്റ്റുഡൻ്റ്സ് അസോസിയേഷൻ (ഐസ ), ഡെമോക്രാറ്റിക് സ്റ്റുഡൻ്റ്സ് ഫെഡറേഷൻ (ഡിഎസ്എഫ്), എസ്എഫ്ഐ, എഐഎസ്എഫ് തുടങ്ങിയ ഇടതുപക്ഷ വിദ്യാർത്ഥി സംഘടനകൾ ആർഎസ്എസിനെതിരെയും ബിജെപിക്കെതിരെയും സഖ്യമുണ്ടാക്കിയാണ് തിരഞ്ഞെടുപ്പിൽ മത്സരിച്ചത്.

thepoliticaleditor

എബിവിപിയുടെ ഉമേഷ് ചന്ദ്ര അജ്മീരയെ 922 വോട്ടുകൾക്കാണ് ധനഞ്ജയ് പരാജയപ്പെടുത്തിയത്. ബിഹാറിലെ ഗയ സ്വദേശിയാണ് സ്‌കൂൾ ഓഫ് ആർട്‌സ് ആൻഡ് ഈസ്‌തറ്റിക്‌സിലെ പിഎച്ച്‌ഡി വിദ്യാർത്ഥിയായ ധനഞ്ജയ്.1996ൽ ജയിച്ച ബട്ടിലാൽ ബൈർവയ്ക്കുശേഷം ജെഎൻയു-വിൽ സ്റ്റുഡന്റസ് യൂണിയൻ പ്രസിഡന്റ് സ്ഥാനത്തേക്ക് എത്തുന്ന ദളിത് വിദ്യാർത്ഥിയാണ് ധനഞ്ജയ്.

വൈസ് പ്രസിഡൻ്റ് സ്ഥാനത്തേക്ക് അവിജിത് ഘോഷ് (ഇടത്) ദീപിക ശർമ്മയെ (എബിവിപി) 927 വോട്ടുകൾക്ക് പരാജയപ്പെടുത്തി. ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് പ്രിയാൻഷി ആര്യ (ബിർസ അംബേദ്കർ ഫൂലെ സ്റ്റുഡൻ്റ്സ് അസോസിയേഷൻ- ഇടതുപക്ഷം പിന്തുണയോടെ ) അർജുൻ ആനന്ദിനെ (എബിവിപി) 926 വോട്ടുകൾക്ക് പരാജയപ്പെടുത്തി. ജോയിൻ്റ് സെക്രട്ടറി സ്ഥാനത്തേക്ക് മുഹമ്മദ് സാജിദ് (ഇടത്) ഗോവിന്ദ് ഡാംഗിയെ (എബിവിപി) 508 വോട്ടുകൾക്ക് പരാജയപ്പെടുത്തി.

  • സ്‌കൂള്‍ ഓഫ് സോഷ്യല്‍ സയന്‍സസിലെ കൗണ്‍സിലര്‍ സ്ഥാനത്തേക്ക് മല്‍സരിച്ച മലയാളി ജയിച്ചത് കേരളത്തിനും അഭിമാനമായി. തൃശ്ശൂര്‍ ജില്ലയിലെ ഇരിങ്ങാലക്കുട സ്വദേശി കെ. ഗോപിക ബാബു ആണ് ജയിച്ചത്. ഇവര്‍ എസ്.എഫ്.ഐ.യുടെ സ്ഥാനാര്‍ഥിയാണ്.

ലോകറാങ്കിങിലുള്ള ഇന്ത്യന്‍ കേന്ദ്ര സര്‍വ്വകലാശാലകളില്‍ ഒന്നാം സ്ഥാനത്തുള്ള ഡെല്‍ഹി ജവഹര്‍ലാല്‍ നെഹ്‌റു സര്‍വ്വകലാശാലയില്‍ വിദ്യാര്‍ഥി മനസ്സ് മതേതര – ഇടതു പക്ഷത്തില്‍ തന്നെ എന്ന് തെളിയുന്നു. ആകെ 73 ശതമാനം പോളിങ്ങ് രേഖപ്പെടുത്തിയെന്നാണ് കണക്കുകള്‍. എന്‍.എസ്.യു.-ഐ, ആര്‍.ജെ.ഡി.യുടെ യൂണിയനായ ഛാത്ര രാഷ്ട്രീയ ജനതാദള്‍, ബാപ്‌സ, ഫ്രറ്റേണിറ്റി മൂവ്‌മെന്റ് എന്നീ സംഘടനകളും ഇടതു സഖ്യത്തിനും എബിവിപിക്കും പുറമേ മല്‍സര രംഗത്തുണ്ടായിരുന്നു.

നാല് വര്‍ഷത്തിലേറെയായി സര്‍വ്വകലാശാലയില്‍ എ.ബി.വി.പി.വലിയ തോതില്‍ ചുവടുറപ്പിക്കാന്‍ ശ്രമിച്ചുവരികയായിരുന്നു. വി.സി. ഉള്‍പ്പെടെയുള്ള ഔദ്യോഗിക സംവിധാനങ്ങള്‍ പലപ്പോഴും പക്ഷപാതപരമായി പെരുമാറുകയും ഇടതു വിദ്യാര്‍ഥി സംഘടനാപ്രവര്‍ത്തനത്തിന് തടയിടാന്‍ ശ്രമിക്കുകയും ചെയ്തുകൊണ്ടിരുന്നു. എന്നാല്‍ വിദ്യാര്‍ഥി മനസ്സ് ഇപ്പോഴും മതേതരമായി തുടരുന്നു എന്നതിനുള്ള തെളിവായി മാറിയിരിക്കയാണ് ജെ.എന്‍.യു. തിരഞ്ഞെടുപ്പു ഫലം.

Spread the love
English Summary:

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick