വെറ്ററിനറി വിദ്യാര്‍ഥി സിദ്ധാര്‍ഥന്റെ മരണവുമായി ബന്ധപ്പെട്ട് സസ്‌പെന്‍ഡ് ചെയ്തിരുന്ന 90 വിദ്യാര്‍ഥികളില്‍ 33 പേരെ കുറ്റവിമുക്തരാക്കിയ സര്‍വ്വകലാശാലാ വൈസ് ചാന്‍സലറുടെ നടപടി ഗവര്‍ണര്‍ ഇടപെട്ട് റദ്ദാക്കിയതോടെ, ജന മനസ്സില്‍ നിന്നും മറഞ്ഞു നിന്നിരുന്ന സിദ്ധാര്‍ഥന്‍ കേസ് വീണ്ടും സജീവ ചര്‍ച്ചയിലേക്ക് വരുന്നു. വെറ്ററിനറി സര്‍വ്വകലാശാലാ വിസി ഡോ.പി.സി. ശശീന്ദ്രന്‍ ഇന്നലെ പെട്ടെന്ന് രാജി വെച്ചത് വലിയ വാര്‍ത്തയായി. ഗവര്‍ണര്‍ തന്റെ രാജി ചോദിച്ചു വാങ്ങുകയായിരുന്നു എന്നാണ് ശശീന്ദ്രന്‍ പ്രതികരിച്ചത്.
ഒപ്പം സിദ്ധാര്‍ഥിന്റെ അച്ഛന്‍ സര്‍ക്കാരിനെതിരെ പരോക്ഷമായി രംഗത്തു വരികയും ചെയ്തത് തിരഞ്ഞെടുപ്പു പ്രചാരണക്കാലത്ത് ഈ വിഷയം വീണ്ടും ചര്‍ച്ചയിലേക്ക് വരുന്നതിന്റെ സൂചനയായി. സിബിഐ അന്വേഷണം എതിര്‍പ്പില്ലാതെ സമ്മതിച്ചതിനു പിന്നില്‍ സര്‍ക്കാരിന് ദുഷ്ടലാക്കായിരുന്നു എന്ന് സംശയിക്കുന്നതായി അച്ഛന്‍ ജയപ്രകാശ് ഇന്നലെ പ്രതികരിച്ചിരുന്നു.