അരുണാചല്‍ പ്രദേശിലെ ഇറ്റാനഗറില്‍ ഒരു ഹോട്ടലില്‍ മലയാളികളായ ദമ്പതിമാരും സുഹൃത്തായ മറ്റൊരു സ്ത്രീയും ദുരൂഹസാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കോട്ടയം മീനടം സ്വദേശികളായ നവീന്‍, ഭാര്യ ദേവി, സുഹൃത്തും അധ്യാപികയുമായ ആര്യ എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടത്. ഇവരെ മാര്‍ച്ച് 27 മുതല്‍ കാണാനില്ലായിരുന്നു.
വന്യജീവി ഫോട്ടോഗ്രാഫര്‍ ബാലൻ മാധവന്റെ മകളാണ് ദേവി. ഇന്ന് രാവലെ 11.30ഓടെയാണു മരണവിവരം അരുണാചൽ പ്രദേശ് എസ്‌പി ബാലൻ മാധവനെ ഫോൺ വിളിച്ചറിയിക്കുന്നത്. ദേഹമാസകലം മൂര്‍ച്ഛയുള്ള കത്തി കൊണ്ടോ മറ്റോ വരഞ്ഞ് മുറിച്ച് ചോര വാര്‍ന്ന നിലയിലായിരുന്നു മരണം.
മന്ത്രവാദത്തിലും നിഗൂഢ വാദത്തിലുമൊക്കെ ആകൃഷ്ടരായിരുന്നു ദമ്പതിമാരെന്ന് പറയപ്പെടുന്നുണ്ട്. പുനര്‍ജ്ജനി എന്നൊരു സംഘടനയില്‍ ഇവര്‍ അംഗങ്ങളായിരുന്നുവത്രേ. ഈ സംഘടന വഴിയാണ് ഇവര്‍ അരുണാചലിലേക്ക് പോയതെന്നും പറയുന്നുണ്ട്.
മരണാനന്തര ജീവിതത്തെക്കുറിച്ചും മറ്റും ദേവിയും നവീനും ഇന്റര്‍നെറ്റില്‍ പരതിയിരുന്നതായും വിവരമുണ്ട്. മരണത്തെ സംബന്ധിച്ച് ദുരൂഹത വര്‍ധിപ്പിക്കുന്ന കാര്യങ്ങളാണിവ. കൂടുതല്‍ വിവരങ്ങള്‍ പുറത്തു വരാനിരിക്കുന്നതേയുള്ളൂ.
“നവീൻ പുനർജനി എന്നോ മറ്റോ പേരുള്ള സംഘടനയിൽ അംഗമായിരുന്നു. ദേവിയും അതിൽ അംഗമാണെന്നാണു പറയുന്നത്. 13 വർഷമായി വിവാഹം കഴിഞ്ഞെങ്കിലും കുട്ടികൾ വേണ്ടെന്ന തീരുമാനത്തിലായിരുന്നു ഇരുവരും. ആ ഒരു രീതിയിലേക്ക് ഇവരുടെ മനസ്സ് മാറിയിരുന്നു. ആ സംഘടന വഴിയാണ് ഇവർ അരുണാചലിലേക്കു പോയതെന്നാണു പറയുന്നത്.”– കോട്ടയത്തെ പരിചയക്കാർ പറയുന്നത് ഇങ്ങനെയാണ്.
മരിച്ച ആര്യ തിരുവനന്തപുരത്തുകാരിയാണ്. അവിടെ സ്വകാര്യസ്‌കൂള്‍ ടീച്ചറായിരുന്നു. ആര്യയെ കാണാതായതു സംബന്ധിച്ചുള്ള അന്വേഷണത്തിനിടെയാണ് ആര്യയുടെ കൂടെ ജോലി ചെയ്യുന്ന അധ്യാപികയായ ദേവിയും ഭര്‍ത്താവ് നവീനും കോട്ടയത്തു നിന്നും അപ്രത്യക്ഷരായ വിവരവും പുറത്തു വരുന്നത്. മാര്‍ച്ച് 17 മുതല്‍ ഇവരെ കാണാതായിരുന്നു. ഈ അന്വേഷണത്തിനൊടുവിലാണ് ഇറ്റാനഗറില്‍ മരിച്ച നിലയില്‍ കണ്ടെത്തുന്നത്.
തിരുവനന്തപുരത്തെ സ്വകാര്യ സ്‌കൂളിൽ അധ്യാപികയായിരുന്നു ആര്യ. മാർച്ച് 27 ന് വീട്ടുകാരെ അറിയിക്കാതെ ഇവർ വീടുവിട്ടിറങ്ങി. ആര്യയെ ഫോണിൽ ബന്ധപ്പെടാനാകാതെ വന്നതോടെ ബന്ധുക്കൾ പോലീസിൽ വിവരമറിയിക്കുകയായിരുന്നു. പോലീസ് നടത്തിയ അന്വേഷണത്തിൽ ആര്യയുടെ സുഹൃത്ത് ദേവിയും ഭർത്താവ് നവീനും കൂടെയുണ്ടായിരുന്നതായി മനസ്സിലായി. മൂവരും വിമാനമാർഗം ഗുവാഹത്തിയിലേക്ക് പോയതായി കണ്ടെത്തി. വിനോദയാത്രയ്ക്ക് പോകുന്നുവെന്ന് പറഞ്ഞാണ് നവീനും ദേവിയും വീട്ടിൽ നിന്ന് ഇറങ്ങിയത്. അതിനാൽ, ബന്ധുക്കൾ അവരെ ഓർത്ത് വിഷമിച്ചില്ല. എന്നാൽ, ആര്യയെ കാണാതായ കേസ് അന്വേഷിച്ചപ്പോഴാണ് ദമ്പതികളും ഇവർക്കൊപ്പമുണ്ടായിരുന്നതായി അറിയുന്നത്.