പ്രതിപക്ഷ സഖ്യത്തിന് “ഇന്ത്യ” (ഇന്ത്യൻ നാഷണൽ ഡെവലപ്‌മെൻ്റൽ ഇൻക്ലൂസീവ് അലയൻസ്) എന്ന ചുരുക്കപ്പേർ ഉപയോഗിക്കുന്നത് നിരോധിക്കുന്നതിനുള്ള പൊതുതാൽപ്പര്യ ഹരജിയിൽ പ്രതികരണം ഫയൽ ചെയ്യാൻ കേന്ദ്രത്തിനും പ്രതിപക്ഷ പാർട്ടികൾക്കും ഡൽഹി ഹൈക്കോടതി ചൊവ്വാഴ്ച അവസാന അവസരം നൽകി. തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിനാല്‍ ഉടന്‍ വാദം കേള്‍ക്കണമെന്ന ഹര്‍ജിക്കാരന്റെ ആവശ്യം കോടതി നിരസിച്ചു. 2023 ജൂലൈയിലാണ് പ്രതിപക്ഷ സഖ്യം രൂപീകരിച്ചത്.
“ഏപ്രിൽ 10 ന് വിഷയം കേൾക്കാനും തീർപ്പാക്കാനും ശ്രമിക്കു” മെന്ന് ജസ്റ്റിസ് മൻമോഹൻ, ജസ്റ്റിസ് മൻമീത് പ്രീതം സിംഗ് അറോറ എന്നിവരുടെ ബെഞ്ച് പറഞ്ഞു. മറുപടികൾ ഫയൽ ചെയ്യാനുള്ള അവസാന അവസരവും നൽകി. ഹർജിയിൽ പരാമർശിച്ചിരിക്കുന്ന പ്രതിപക്ഷ പാർട്ടികളുടെ പ്രതികരണവും കോടതി തേടി.
പ്രതിപക്ഷ പാർട്ടികളുടെ സഖ്യത്തിന് ഇന്ത്യ എന്ന ചുരുക്കെഴുത്ത് ഉപയോഗിക്കുന്നതിനെതിരായ ഹർജിയിൽ പ്രതികരിക്കവേ രാഷ്ട്രീയ സഖ്യങ്ങളെ നിയന്ത്രിക്കാൻ കഴിയില്ലെന്ന് അടുത്തിടെ ഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻ ഡൽഹി ഹൈക്കോടതിക്ക് നൽകിയ മറുപടിയിൽ പറഞ്ഞിരുന്നു.
നിരവധി രാഷ്ട്രീയ പാർട്ടികൾ തങ്ങളുടെ സഖ്യത്തിൻ്റെ ലോഗോയായി ദേശീയ പതാക ഉപയോഗിക്കുന്നുണ്ടെന്നും നിരപരാധികളായ പൗരന്മാരുടെ സഹതാപവും വോട്ടും ആകർഷിക്കാനും നേടാനുമുള്ള കൂടുതൽ തന്ത്രപരമായ നീക്കമാണിതെന്ന് അഭിഭാഷകൻ വൈഭവ് സിംഗ് മുഖേന ഹർജിക്കാരനായ ഗിരീഷ് ഉപാധ്യ വാദിക്കുന്നു.
രാഷ്ട്രീയ പാർട്ടികൾ ഇന്ത്യ എന്ന ചുരുക്കപ്പേർ ദുരുദ്ദേശത്തോടെയാണ് ഉപയോഗിക്കുന്നത്. ഇത് നമ്മുടെ രാജ്യത്ത് മാത്രമല്ല വിവിധ അന്താരാഷ്ട്ര വേദികളിലും നമ്മുടെ മഹത്തായ രാഷ്ട്രത്തിൻ്റെ അതായത് ഇന്ത്യയുടെ യശസ്സ് കുറയ്ക്കുന്നതിനുള്ള ഘടകമായി മാത്രമേ പ്രവർത്തിക്കൂവെന്ന് ഹർജിയിൽ ആരോപിച്ചു.
“ഇന്ത്യ” എന്ന പദം രാജ്യത്തിനകത്തും പുറത്തുമുള്ള മാധ്യമങ്ങൾ ചുരുക്കപ്പേരായി ഉപയോഗിക്കുന്നത് അതിൻ്റെ പൂർണ്ണരൂപത്തിലല്ല.ഇത് പൗരന്മാർക്കിടയിൽ ആശയക്കുഴപ്പം സൃഷ്ടിക്കുമെന്നും “ഇന്ത്യൻ ദേശീയ ഡെവലപ്‌മെൻ്റൽ ഇൻക്ലൂസീവ് അലയൻസ്” 2024-ലെ പൊതുതെരഞ്ഞെടുപ്പിൽ പരാജയപ്പെട്ടാൽ അത് ഇന്ത്യ മൊത്തത്തിൽ തോറ്റതായി വ്യാഖ്യാനിക്കപ്പെടുമെന്നും, ഇത് രാജ്യത്തെ രാഷ്ട്രീയ അക്രമങ്ങളിലേക്ക് നയിച്ചേക്കാവുന്ന രീതിയിൽ പൗരന്മാരുടെ വികാരത്തെ വ്രണപ്പെടുത്തുമെന്നും ഹർജിയിൽ ആരോപിക്കുന്നു..