കേരളത്തിലുള്‍പ്പെടെ രണ്ടാംഘട്ട വോട്ടിങ് തുടങ്ങിയപ്പോള്‍ തന്നെ ബൂത്തുകളില്‍ നീണ്ട ക്യൂ. കനത്ത ചൂടിനെ പേടിച്ച് വോട്ടര്‍മാര്‍ പരമാവധി രാവിലെ തന്നെ വോട്ടു ചെയ്യാനെത്തിയതോടെ നല്ല തിരക്കാണ് മിക്ക ബൂത്തുകളിലും. രണ്ടാം ഘട്ട് വോട്ടെടുപ്പില്‍ വന്‍ ആശങ്കയാണ് ദേശീയ തലത്തില്‍ ബിജെപിക്കുള്ളത്. എന്നാല്‍ ഇടതുപക്ഷം ഉള്‍പ്പെടെ ഇന്ത്യ മുന്നണിക്ക് വലിയ പ്രതീക്ഷ നല്‍കുന്ന വോട്ടെടുപ്പായിരിക്കും ഇന്ന് നടക്കുക.
രാഹുല്‍ ഗാന്ധി ഉള്‍പ്പെടെ പ്രമുഖര്‍ ജനവിധി തേടുന്ന ഈ ഘട്ടത്തില്‍ കടുത്ത ചൂട് ഇന്ത്യയിലാകെ വലിയ പ്രതികൂലകാലാവസ്ഥ സൃഷ്ടിക്കുന്നുണ്ട്. എന്നാല്‍ തിരഞ്ഞെടുപ്പാവേശത്തിനെ അത് ബാധിച്ചിട്ടില്ലെന്നാണ് വാര്‍ത്താ ഏജന്‍സികളുടെ ആദ്യ റിപ്പോര്‍ട്ടുകളില്‍ പറയുന്നത്. രണ്ടാം ഘട്ടത്തിൽ കോൺഗ്രസിൽ നിന്ന് രാഹുല്‍ ഗാന്ധി, ശശി തരൂർ എന്നിവരും ബിജെപിയിൽ നിന്ന് ലോക്‌സഭാ സ്പീക്കര്‍ ഓം ബിര്‍ളയും ജനവിധി തേടുന്നുണ്ട്. അസം, ബിഹാർ (5 സീറ്റുകൾ വീതം), ഛത്തീസ്ഗഡ് (3), കർണാടക (14), കേരളം (20), മധ്യപ്രദേശ് (6), മഹാരാഷ്ട്ര (8), രാജസ്ഥാൻ (13), ത്രിപുര (1) ഉത്തർപ്രദേശ് (8), പശ്ചിമ ബംഗാൾ (3), മണിപ്പൂർ (1), ജമ്മു കശ്മീർ (1) എന്നിവിടങ്ങളിലാണ് ഇന്ന് വോട്ട്.

ഇതില്‍ മധ്യപ്രദേശ്, ഉത്തര്‍പ്രദേശ് എന്നിവിടങ്ങളില്‍ മാത്രമാണ് ബിജെപിക്ക് വ്യക്തമായ പ്രതീക്ഷകള്‍ ഉള്ളത്. നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപി ജയിച്ചെങ്കിലും രാജസ്ഥാനില്‍ ഇപ്പോള്‍ കോണ്‍ഗ്രസിന് അനുകൂലമായ നിലയാണുള്ളതെന്ന് പറയപ്പെടുന്നു.
കേരളത്തില്‍ ഉത്തരേന്ത്യന്‍ മാതൃകയില്‍ വോട്ടിന് കൈക്കൂലിയായി ഭക്ഷ്യക്കിറ്റുകള്‍ നല്‍കാനുള്ള ബിജെപി സംസ്ഥാന പ്രസിഡണ്ട് കെ.സുരേന്ദ്രന്റെ ആരോപിക്കപ്പെട്ട നീക്കം പാര്‍ടിയുടെ പരാജയഭീതി പുറത്തുകൊണ്ടുവന്നു. തിരുവനന്തപുരത്തെ ബിജെപിയുടെ സ്ഥാനാര്‍ഥി രാജീവ് ചന്ദ്രശേഖര്‍ തന്റെ വ്യക്തിപരമായ വാഗ്ദാന പത്രിക ഇതാണ് കാര്യം പ്രസിദ്ധീകരിച്ച് പ്രചാരണം നടത്തിയിട്ടും തീര ദേശ മേഖലയിലാകെ ബിജെപിക്കെതിരായ ശക്തമായ മനോഭാവം പ്രകടമാകുന്നു. ലത്തീന്‍ ബിഷപ്പിനെ സന്ദര്‍ശിച്ച് സ്വാധീനിക്കാന്‍ വന്ന ബിജെപിക്കാരനായ ഡല്‍ഹി ലഫ്.ഗവര്‍ണര്‍ നിരാശനായി മടങ്ങി. രാജീവ് ചന്ദ്രശേഖര്‍ ദേശീയ തലത്തില്‍ താന്‍ ജയിക്കുമെന്ന പ്രതിച്ഛായ സൃഷ്ടിക്കാന്‍ സ്വന്തം മാധ്യമ സ്വാധീനം ഉപയോഗിച്ച് ശ്രമിക്കുന്നുണ്ടെങ്കിലും പരാജയം ഉറപ്പാണെന്നാണ് വോട്ടര്‍മാരുടെ മനസ്സ് വിലയിരുത്തുന്ന പ്രാദേശിക മാധ്യമപ്രവര്‍ത്തകര്‍ പറയുന്നത്.
കര്‍ണാടകയില്‍ ബിജെപി വലിയ തോല്‍വി ഭയത്തിലാണ്. 14 മണ്ഡലങ്ങളില്‍ ഇന്നാണ് വോട്ടെടുപ്പ്. സഖ്യത്തിലുള്ള ദേവഗൗഡയുടെ ജെ.ഡി.എസ്. അവസാന നിമിഷം വലിയ പിണക്കത്തിലായിരിക്കുന്നു. കുമാരസ്വാമി മല്‍സരിക്കുന്ന മണ്ഡിയില്‍ നേരത്തെ ബിജെപി എം.പി.ആയിരുന്ന സുമലത ഇടന്തടിച്ചു തന്നെ നില്‍ക്കുകയാണ്. റോഡ് ഷോയില്‍ അവര്‍ പങ്കെടുക്കാതിരുന്നത് കുമാരസ്വാമിയെ ചൊടിപ്പിച്ചിരിക്കുന്നു. ദേവഗൗഡയുടെ കൊച്ചുമകന്റെ മണ്ഡലത്തില്‍ ബിജെപി നേതാക്കള്‍ കൂട്ടത്തോടെ പ്രചാരണ പരിപാടികളില്‍ നിന്നും വിട്ടു നിന്നത് ദേവഗൗഡയെ വലിയ രോഷത്തിലാക്കിയിരിക്കുന്നു.
പഞ്ചാബിലുടനീളമുള്ള ബിജെപി സ്ഥാനാർത്ഥികൾക്ക് ലോക്‌സഭാ തെരഞ്ഞെടുപ്പിനായി പ്രചാരണം നടത്താൻ പ്രയാസകരമായ സാഹചര്യം ആണ് ഇപ്പോൾ ഉള്ളത്. പ്രത്യേകിച്ച് ഗ്രാമപ്രദേശങ്ങളിൽ രാജ്യത്തെ ഭരണകക്ഷിയുടെ സ്ഥാനാർത്ഥികളെ സംസ്ഥാനത്ത് ഒട്ടാകെ ജയിപ്പിക്കരുതെന്ന് വിവിധ കർഷക ഗ്രൂപ്പുകൾ ആഹ്വാനം ചെയ്തിരിക്കുന്നു.