പത്തനം തിട്ടയില്‍ സിപിഎം ജില്ലാ സെക്രട്ടറിയറ്റ് യോഗത്തില്‍ സംഭവിച്ചത് കയ്യാങ്കളിയാണോ വാക് തര്‍ക്കമാണോ എന്നതിനെച്ചൊല്ലിയുള്ള വിവാദം ദൃശ്യമാധ്യമങ്ങള്‍ പൊലിപ്പിക്കുന്നത് ചരിത്രത്തിലില്ലാത്ത അതിഗുരുതര വിഷയമായും സിപിഎമ്മിനെ സംസ്ഥാനകമ്മിറ്റിയെ ആകെ ഗുരുതരമായി ബാധിക്കുന്ന സംഘടനാ പ്രശ്‌നമായും ഒക്കെയാണ്. പിണറായി-വി.എസ്. വിഭാഗീയതയുടമായും ചില വിശകലന വിദഗ്ധര്‍ ഈ വിഷയത്തെ ബന്ധപ്പെടുത്തി വിവരിക്കുന്നു. എന്തൊരു രസമാണ്. ഇതെല്ലാം ഉള്ളടങ്ങിയിട്ടുള്ള ഇത്ര ഗുരുതരമായൊരു വിഷയമായി പെട്ടെന്നിത് മാറിയല്ലോ എന്നോര്‍ത്തും അയ്യോ സിപിഎമ്മിനെ ഇത്രയും വലിയൊരു സംഘടനാ പ്രശ്‌നം പിടിച്ചുകുലുക്കുകയാണല്ലോ എന്നോര്‍ത്തും സഹതാപവും തോന്നിപ്പോകുന്നു.
ഇതെല്ലാം കേട്ടു കഴിഞ്ഞ ശേഷം എന്താ ഇതിലെ ഇത്ര ഗുരുതരമായി മാറിയിരിക്കുന്ന പ്രശ്‌നം എന്ന് ഭാവനയെല്ലാം ചെത്തിക്കുറച്ച് ചിന്തിച്ചപ്പോള്‍ കിട്ടിയത് ഇങ്ങനെ….
പത്തനം തിട്ട ജില്ലാ സെക്രട്ടറിയറ്റ് യോഗം. മന്ത്രി വി.എന്‍.വാസവന്‍ ഹാജരുണ്ട്. സ്ഥാനാര്‍ഥി തോമസ് ഐസകിന്റെ പ്രചാരണ പ്രവര്‍ത്തനങ്ങളുടെ അവലോകനവും പ്ലാനിങ്ങും. യോഗത്തിലിരിക്കുന്ന സിപിഎം നേതാക്കള്‍ (മറ്റെല്ലാടത്തെയും പോലെ) ഒരേ ശരീരവും മനസ്സും ഉള്ളവരൊന്നുമല്ലെന്ന് അരിയാഹാരം കഴിക്കുന്നവര്‍ക്കെല്ലാം അറിയാം. പലര്‍ക്കും പല ഈഗോ, താല്‍പര്യങ്ങള്‍, സ്വയം അവതരിപ്പിക്കാനുള്ള തന്ത്രങ്ങള്‍ ഇതൊക്കെ ജനിതക സാധാരണം.
യോഗത്തില്‍ പ്രധാന ചര്‍ച്ച അടൂരിലെ പ്രചാരണം. അടൂരിലെ പ്രധാന നേതാവ് കെ.ബി ഹര്‍ഷകുമാര്‍ അവിടിരിപ്പുണ്ട്. ഇപ്പോഴത്തെ വിവാദത്തിലെ മറുപക്ഷമായ മുന്‍ എം.എല്‍.എ. എ. പത്മകുമാര്‍ തൊട്ടുപ്പുറത്തും ഇരിപ്പുണ്ട്. ആറന്‍മുളയുടെ മൊത്തം ഉടമയാണ് പത്മകുമാര്‍. മുന്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡണ്ടായിരുന്നു. യുവതീ പ്രവേശന വിവാദക്കാലത്ത് പിണറായി വിജയന്‍ സുപ്രീംകോടതി തീരുമാനിച്ചത് നടപ്പാക്കുന്നതിനായി നീക്കങ്ങള്‍ നടത്തിയപ്പോള്‍ പലപ്പോഴും അതില്‍ നിന്നും വ്യത്യസ്തമായ നിലപാടും രീതികളും പ്രകടിപ്പിച്ച് വിമര്‍ശനം ഏറ്റുവാങ്ങിയ വ്യക്തിയാണ്. പരമ അയ്യപ്പഭക്തനാണ്. ജനാധിപത്യവാദിയാണ്.
ഏപ്രില്‍ എട്ടിന് പിണറായി വിജയന്റെ പരിപാടി ജില്ലയില്‍ ഏത് സമയത്തൊക്കെ പ്ലാന്‍ ചെയ്യണമെന്ന ചര്‍ച്ച നടക്കുന്നു. പിണറായിയുടെ യോഗം അടൂരില്‍ വേണമെന്ന് ഹര്‍ഷകുമാര്‍ വാദിക്കുന്നു. അടൂരില്‍ പ്രചാരണം തീരെ പോരെന്നും അവിടെ തിരഞ്ഞെടുപ്പിന്റെ ഓളം ഒന്നും കാണാനില്ലെന്നും ആറന്‍മുളക്കാരനായ പത്മകുമാറിന്റെ വിമര്‍ശനം. എന്നാ പിന്നെ ആറന്‍മുളയില്‍ എന്ത് തേങ്ങയാ കാണാനുള്ളത് എന്ന് ഉടനെ പ്രകോപിതനായ ഹര്‍ഷകുമാറിന്റെ എതിര്‍ പ്രകടനം. വാക് തര്‍ക്കം രൂക്ഷം. ഒടുവില്‍ എല്ലാം കോംപ്ലിമെന്‍സാക്കി യോഗത്തില്‍ നിന്നും എഴുന്നേറ്റ് പുറത്തേക്ക് നടക്കുമ്പോള്‍ കോണിപ്പടിയില്‍ മുന്നില്‍ പത്മകുമാര്‍ ഇറങ്ങുന്നു, പിന്നില്‍ ഹര്‍ഷകുമാര്‍. യോഗത്തിലെ മൂച്ച് ഇറങ്ങിയിട്ടില്ലാത്ത ഹര്‍ഷന്‍ കലിപ്പ് തീര്‍ക്കാന്‍ മുന്നിലെ പത്മനെ കഴുത്തിനിട്ടൊരു തള്ള്. പിന്നൊരു പിടിവലിയും. ഇതോടെ കലിപ്പിലായ പത്മകുമാര്‍ ഉടനെ ഓഫീസിലേക്ക് തിരിച്ചു കയറി ഒരു കടലാസില്‍ താനിനി തോമസ് ഐസകിന്റെ ഒരു പ്രചാരണ ചുമതലയിലും ഇല്ലെന്ന ഒഴിവുകത്ത് നല്‍കി ഇറങ്ങിയങ്ങ് പോകുന്നു.-ഇതാണ് മാധ്യമങ്ങള്‍ വിവരിച്ചതിലെ കാടും പടലും കളഞ്ഞാല്‍ കിട്ടുന്നത്. ഇതില്‍ കുറേയേറെ സത്യമുണ്ട്. കയ്യാങ്കളി നടന്നോ പത്മകുമാറിനെ പുറത്തു വെച്ചോ അകത്തു വെച്ചോ ഹര്‍ഷകുമാര്‍ പിടിച്ച് തള്ളിയോ എന്നത് സംബന്ധിച്ച് സിപിഎം നേതാക്കളല്ലാതെ ആരും കണ്ടവരില്ലാത്തതിനാല്‍ അവര്‍ ഉണ്ടെന്നു പറയാതെ സംഭവം ഇല്ല. എന്നാല്‍ അവര്‍ ഉണ്ടെന്നു പറഞ്ഞ് സംഭവം- തമ്മില്‍ ശക്തമായ വാക് തര്‍ക്കം ഉണ്ടായി എന്നത് പരമസത്യമായി അംഗീകരിക്കാം.
ഈ പരമസത്യത്തെ വിശകലനം ചെയ്താല്‍, രണ്ട് നേതാക്കള്‍ ഒരു തിരഞ്ഞെടുപ്പു പ്രചാരണ വിശകലനത്തില്‍ പരസ്പരം ആരോപണം ഉയര്‍ത്തിയതില്‍ എന്താണ് ഇത്രയേറെ ആകാശം ഇടിഞ്ഞു വീഴുന്ന കാര്യമെന്ന് മനസ്സിലാക്കാന്‍ ബുദ്ധിമുട്ടു തന്നെ. വാക് തര്‍ക്കം നല്ലതല്ലേ. അടിമുടി അനുദിനം ജനാധിപത്യവല്‍ക്കരിക്കപ്പെട്ട്, മുതലാളിത്ത മാര്‍ഗത്തിലുള്ള പ്രവര്‍ത്തന ശൈലി സ്വീകരിച്ചു കഴിഞ്ഞിട്ടുള്ള സിപിഎമ്മിലെ രണ്ടു നേതാക്കള്‍ ഇക്കാലത്ത് ഒരു യോഗത്തിനകത്ത് പരസ്പരം വാക്കുകള്‍ കൊണ്ട് തല്ലു കൂടിയാല്‍ അതിനെ ഇത്രയേറെ ഗുരുതരം എന്ന് വിശേഷിപ്പിക്കുന്ന ദൃശ്യമാധ്യമങ്ങള്‍ പഴയ എണ്‍പതുകളിലെ കമ്മ്യൂണിസ്റ്റ് ഇരുമ്പുമറയും അച്ചടക്കമൂല്യവും പേറിയാണ് നടക്കുന്നത് എന്നല്ലേ പറയാനാവൂ. സത്യത്തില്‍ ഇത്തരം ജനാധിപത്യപാര്‍ടികളില്‍ തര്‍ക്കങ്ങള്‍ ജനാധിപത്യപരാമായി നടക്കണം. കോണ്‍ഗ്രസില്‍ എത്ര കയ്യാങ്കളിയും തുണിപറിച്ചടിയും വരെ യോഗത്തില്‍ നടന്നു, ഇനിയും നടന്നേക്കും. പുറത്തു വെച്ചു വരെ പരസ്യമായ അവഹേളനവും വാക് പ്രയോഗങ്ങളും നടക്കുന്നു. അതൊക്കെ ജനാധിപത്യം അല്‍പം കൂടിപ്പോയതിന്റെ ബഹിര്‍സ്ഫുരണം മാത്രമാണ്. സിപിഎമ്മില്‍ ജനാധിപത്യം അത്ര വികസിതമായിട്ടില്ലാത്തതിനാല്‍ തള്ളും തലോടലും യോഗത്തിനകത്തും ഓഫീസിനകത്തും ഒതുങ്ങി നടക്കുന്നു.
ഇതിലൊക്കെ പാര്‍ടിയുടെ അച്ചടക്കവാളിന്റെ തുമ്പു കൊണ്ടുള്ള മുറിവുകള്‍ ചിലര്‍ക്ക് ലഭിച്ചേക്കാം. കുതിരവട്ടം പറഞ്ഞതു പോലെ അതൊക്കെ ചെറ്ത്. പഴയ വി.എസ്. അനുഭാവിയായ, ട്രേഡ് യൂണിയന്‍ നേതാവായ ഹര്‍ഷകുമാറിനാണോ അതോ പത്മകുമാറിനാണോ പാര്‍ടി പാത്രിയാര്‍ക്കീസുമായി ഇപ്പോള്‍ കൂടുതല്‍ അടുപ്പമുള്ളത് അതിനനുസരിച്ച് മുറിവേല്‍ക്കുന്ന ദേഹത്തില്‍ വ്യത്യാസം കാണുമായിരിക്കാം. എന്നാലും അവരിരുവരും ഈ പാര്‍ടിയില്‍ നേതാക്കളായി തുടരുക തന്നെ ചെയ്യും. പത്മകുമാര്‍ പോകുമായിരുന്നെങ്കില്‍ ശബരിമല വിഷയത്തില്‍ പിണറായി പത്മകുമാറിനെ പരസ്യമായി വിമര്‍ശിച്ച് തള്ളിപ്പറഞ്ഞപ്പോള്‍ പോകേണ്ടതായിരുന്നു.
ഇതൊക്കെ പാര്‍ടിയിലെ തന്റെ പ്രവര്‍ത്തനമികവിനെയൊക്കെ വിമര്‍ശിച്ചപ്പോളുണ്ടായ അല്ലറ ചില്ലറ ഈഗോ തര്‍ക്കങ്ങള്‍. പിന്നെ കയ്യാങ്കളി നടന്നു എന്നത്, അത് സംഭവിച്ചെങ്കില്‍ അതീവ നാണക്കേട്. സംഭവിച്ചതായി കേട്ടു കേള്‍വിയുണ്ടായത് തന്നെ സംസ്ഥാനത്തെ സിപിഎമ്മിന് നാണക്കേട്. എന്നു വെച്ച് ഈ തിരഞ്ഞെടുപ്പിനോ അതിന്റെ പ്രചാരണത്തിനോ ഇതൊന്നും കാര്യമായൊന്നും ബാധിക്കുകേല എന്നുറപ്പാണ്. ഇതൊക്കെ അത്ര ബാധിക്കാന്‍ മാത്രമുള്ള തര്‍ക്കമാണോ. പിണറായി വിജയന്‍ ഒന്ന് വിളിച്ച് വിരട്ടിയാല്‍ അപ്പോ മുണ്ടു താഴ്ത്തിയിട്ട് കൈകൂപ്പുന്നത്ര സിമ്പിളായ കാര്യമാണ്. അവര്‍ ജനാധിപത്യപരമായി വാക് തര്‍ക്കങ്ങളിലേര്‍പ്പെടട്ടെ. അത് ജനാധിപത്യത്തിന്റെ സൂചനയായി എടുക്കുക. ഇതൊന്നും മഞ്ഞുമ്മല്‍ ബോയ്‌സ് ഡെവിള്‍സ് കിച്ചണില്‍ വീണുപോയ പോലുള്ള അപായമേയല്ല. കുട്ടേട്ടാ…എന്ന് വെറുതെ മാധ്യമങ്ങള്‍ അലറേണ്ട കാര്യമേയല്ല.