മലയാളി ദമ്പതിമാരും അവരുടെ സുഹൃത്തായ അധ്യാപികയുടെയും ദുരൂഹ മരണത്തിൽ മന്ത്രവാദത്തിനുള്ള സാധ്യത തള്ളിക്കളയാതെ അരുണാചൽ പ്രദേശ് പൊലീസ്. മന്ത്രവാദം സംബന്ധിച്ച സംശയവും പരിശോധിച്ചുവരികയാണെന്നും മാധ്യമങ്ങളോട് സംസാരിക്കവെ എസ്പി കെന്നി ബഗ്ര പറഞ്ഞു. മറ്റുള്ളവരുടെ ദേഹത്ത് മുറിവുണ്ടാക്കിയ ശേഷം നവീൻ കൈ ഞരമ്പ് മുറിച്ചതാണെന്നാണ് സംശയമെന്നും അദ്ദേഹം പറഞ്ഞു . നവീന്‍ മറ്റു രണ്ടുപേരെയും കൊലപ്പെടുത്തും വിധം മുറിവുകളുണ്ടാക്കിയ ശേഷം സ്വയം കൈ ഞരമ്പു മുറിച്ചു നടത്തിയ കൊലപാതകമാണിതെന്ന സംശയം ഉയരുന്നതിനിടെയാണ് അതിനെ പിന്തുണയ്ക്കുന്ന സൂചന അരുണാചല്‍ പോലീസ് നല്‍കുന്നത്.
ഒരു കുടുംബത്തിലെ അംഗങ്ങളെ പോലെയാണ് മൂവരും ഹോട്ടലിൽ തങ്ങിയത്. കേരള പോലീസുമായി സഹകരിച്ച് മുന്നോട്ട് പോകുമെന്നും കേസ് അന്വേഷിക്കാൻ അഞ്ചംഗ പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുണ്ടെന്നും എസ്പി കെന്നി ബഗ്ര പറഞ്ഞു. മുറി ലഭിക്കുന്നതിന് നവീൻ്റെ രേഖകളാണ് തെളിവായി നൽകിയത്. മറ്റ് രണ്ട് പേരുടെയും രേഖകൾ പിന്നീട് നൽകാമെന്ന് ഹോട്ടൽ ജീവനക്കാരോട് പറഞ്ഞതായി പോലീസ് പറഞ്ഞു.
“മാർച്ച് 28ന് ഇവിടെയെത്തിയ മൂവരും മൂന്ന് ദിവസത്തേക്ക് പുറത്തായിരുന്നു. ഏപ്രിൽ ഒന്നു മുതൽ ഇവരെക്കുറിച്ച് ഒരു വിവരവുമില്ല. ഇവർ എന്തിനാണ് സീറോ വാലിയിലേക്ക് വന്നത് എന്ന് അന്വേഷിക്കും. സീറോയിൽ മാത്രമാണ് ഇത്തരം സംഭവങ്ങൾ നടക്കുന്നതെന്ന പ്രചാരണം ശരിയല്ല,’ എസ്പി പറഞ്ഞു.