Categories
latest news

സംഘപരിവാറിനെ അസ്വസ്ഥമാക്കുന്ന ചരിത്രഭാഗങ്ങളെല്ലാം വെട്ടിനീക്കി എന്‍.സി.ഇ.ആര്‍.ടി.യുടെ പുതിയ പാഠപുസ്തകം

കൊവിഡ് കാലഘട്ടത്തിലെ നഷ്ടങ്ങളില്‍ നിന്നും വേഗത്തില്‍ വിദ്യാര്‍ഥികളെ വീണ്ടെടുക്കാനെന്ന വ്യാഖ്യാനത്തോടെ, സംഘപരിവാറിന് അസ്വസ്ഥതയുണ്ടാക്കുന്ന സമകാലിക ഇന്ത്യാ ചരിത്രഭാഗങ്ങള്‍ സിലബസില്‍ നിന്നും ഒഴിവാക്കിയ പുതിയ പാഠപുസ്തകം എന്‍.സി.ഇ.ആര്‍.ടി. ഇറക്കി.

11,12 ക്ലാസുകളിലേക്കുള്ള പൊളിറ്റിക്കല്‍ സയന്‍സ് പാഠപുസ്തകത്തിലാണ് പുതിയ വെട്ടിമാറ്റലുകള്‍. ഈ വര്‍ഷം കുട്ടികള്‍ പഠിക്കുക ഈ പുസ്തകമായിരിക്കും.

thepoliticaleditor

2022 ജൂണില്‍ 12-ാം ക്ലാസിനലെ സിലബസില്‍ നിന്നും ഒഴിവാക്കിയത് മുഗള്‍ കാലഘട്ടം, ഡെല്‍ഹി സുല്‍ത്താന്‍ ഭരണകാലം, മഹാത്മാ ഗാന്ധിയുടെ നേരെയുള്ള ഹിന്ദുതീവ്രവാദ സംഘടനകളുടെ അനിഷ്ടവും രോഷവും അനുബന്ധ സംഭവങ്ങളും എന്നിവയാണെങ്കില്‍ ഇപ്പോള്‍ സമകാലിക ഇന്ത്യന്‍ രാഷ്ട്രീയത്തിലെ സംഘപരിവാറിന് അസ്വസ്ഥതയുണ്ടാക്കിയ ഭാഗങ്ങളാണ് ഒഴിവാക്കിയിരിക്കുന്നത്. സ്വാതന്ത്ര്യം കിട്ടിയതു മുതലുള്ള ഇന്ത്യന്‍ രാഷ്ട്രീയം എന്ന ഭാഗത്തിലെ അടിയന്തിരാവസ്ഥ സംബന്ധിച്ച വിവാദങ്ങള്‍, ഗുജറാത്ത് കലാപം, ബാബരി മസ്ജിദ് തകര്‍ക്കല്‍, തുടങ്ങിയവ ഒഴിവാക്കിയ പ്രധാന പാഠഭാഗങ്ങളില്‍ പെടുന്നു. മണിപ്പൂര്‍ ഇന്ത്യയുടെ ഭാഗമാക്കിയ കരാര്‍ സംബന്ധിച്ച തര്‍ക്കവും തദ്ദേശീയരുടെ അനിഷ്ടവും പ്രതിപാദിക്കുന്ന ഭാഗവും കാശ്മീരിന്റെ കാര്യത്തിലെ വിവാദവും തിരുത്തുകയും ചെയ്തിട്ടുണ്ട്.

12-ാംക്ലാസിലെ സ്വാതന്ത്ര്യത്തിനു ശേഷമുള്ള ഇന്ത്യന്‍ രാഷ്ട്രീയം എന്ന പുസ്തകത്തിലെ എട്ടാം അധ്യായത്തില്‍ പ്രതിപാദിക്കുന്ന അഞ്ച് പ്രധാന സംഭവങ്ങളില്‍ 1989-നു ശേഷമുള്ള അഞ്ച് പോയിന്റുകള്‍ വിവരിക്കുന്നുണ്ട്. കോണ്‍ഗ്രസിനുണ്ടായ തകര്‍ച്ച, മണ്ഡല്‍ കമ്മീഷന്‍ ശുപാര്‍ശകള്‍, 1991-ലെ സാമ്പത്തിക ഉദാരവല്‍കരണം, രാജീവ് ഗാന്ധിയുടെ കൊലപാതകം, ബാബരി മസ്ജിദ് തകര്‍ത്തതും അതിനു തൊട്ടു മുന്‍പും പിന്‍പും നടന്ന വര്‍ഗീയ സംഘര്‍ഷങ്ങള്‍ എന്നിവയാണ് അവ. പൂര്‍ണമായും വെട്ടിമാറ്റിയ ഭാഗങ്ങള്‍ ഇവയാണ്. 11-ാം ക്ലാസിലേക്കുള്ള പുസ്തകത്തിലെ ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട പാഠഭാഗത്തിലെ ‘ ആയിരത്തിലേറെപ്പേര്‍, കൂടുതലും മുസ്ലീം വിഭാഗക്കാര്‍ ഗുജറാത്ത് കലാപത്തിനിടെ കൊല്ലപ്പെട്ടു’ എന്നത് മുസ്ലീം എന്ന വാക്ക് ഒഴിവാക്കി ‘ആയിരത്തിലേറെപ്പേര്‍ കൊല്ലപ്പെട്ടു’ എന്നു മാത്രമാക്കി മാറ്റി. ഏത് വര്‍ഗീയ കലാപത്തിലും മത വ്യത്യാസമില്ലാതെ ആളുകള്‍ ഇരയാകാറുണ്ടെന്ന പൊതു തത്വവും സൂചിപ്പിച്ചു.

പാക് അധീന കാശ്മീരിനെക്കുറിച്ചുള്ള ഭാഗത്തും ചരിത്രവിരുദ്ധമായ തിരുത്തലുണ്ട്. ‘ ഈ പ്രദേശം പാകിസ്താന്‍ അനധികൃതമായി കൈയേറിയെന്ന് ഇന്ത്യ അവകാശപ്പെടുന്നു. പാകിസ്താന്‍ ഈ പ്രദേശത്തെ ആസാദ് കാശ്മീര്‍ എന്ന് വിളിക്കുന്നു’ എന്ന ഭാഗം പരിഷ്‌കരിച്ച് ഈ പ്രദേശത്തെ പാകിസ്താന്‍ അധിനിവേശ ജമ്മു ആന്‍ഡ് കാശ്മീര്‍ എന്നാണ് അവര്‍ അവകാശപ്പെടുന്നത് എന്നാക്കി മാറ്റി.
മണിപ്പൂര്‍ ഇന്ത്യയോട് ചേര്‍ക്കുന്ന കാര്യത്തില്‍ അന്നത്തെ നിയമസഭയോട് ഉപദേശം തേടാതെ മഹാരാജവില്‍ സമ്മര്‍ദ്ദം ചെലുത്തിയാണ് കരാര്‍ ഒപ്പിട്ടത് എന്ന തിനാല്‍ മണിപ്പൂരിലെ ജനങ്ങളില്‍ കാര്യമായ എതിര്‍പ്പിന് കാരണമായി എന്ന ഭാഗത്തെ എതിര്‍പ്പുണ്ടായെന്ന പരാമര്‍ശം ഒഴിവാക്കിയാണ് പുതിയ പാഠം കുട്ടികള്‍ക്കു ലഭിക്കുക.

Spread the love
English Summary:

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick