കാശ്മീരി പണ്ഡിറ്റുകള്‍ക്കു വേണ്ടി വൈകാരികമായി വാദിച്ച് ന്യൂനപക്ഷങ്ങള്‍ക്കെതിരായ വികാരത്തിന്റെ ഗ്രാഫ് ഉയര്‍ത്തുന്ന പാര്‍ടിയാണ് ബിജെപി. എന്നാല്‍ യഥാര്‍ഥത്തില്‍ കാശ്മീരി പണ്ഡിറ്റുകള്‍ ആര്‍ക്കൊപ്പമാണ്- അതിന് ഉത്തരമായി.
കശ്മീരി പണ്ഡിറ്റ് സംഘടനയായ ഓൾ ഇന്ത്യ കശ്മീരി ഹിന്ദു ഫോറം (എഐകെഎച്ച്എഫ്) ശനിയാഴ്ച ഇവിടെ പാർട്ടി ആസ്ഥാനത്ത് കോൺഗ്രസിൽ ലയിച്ചു.
ജമ്മു കശ്മീർ പ്രദേശ് കോൺഗ്രസ് കമ്മിറ്റി പ്രസിഡൻ്റ് വികാർ റസൂൽ വാനി എഐകെഎച്ച്എഫ് ചെയർമാൻ രത്തൻ ലാൽ ഭാനിനെയും മറ്റ് ഭാരവാഹികളെയും പാർട്ടിയിലേക്ക് സ്വാഗതം ചെയ്തു.
1998ലാണ് എഐകെഎച്ച്എഫ് രൂപീകരിച്ചത്. നൂറുകണക്കിന് അംഗങ്ങൾ കോൺഗ്രസിൽ ചേരുന്നത് പാർട്ടിക്ക് വലിയ ഉത്തേജനമാണെന്നും വാനി മാധ്യമപ്രവർത്തകരോട് പറഞ്ഞു.
എല്ലാ കശ്മീരി പണ്ഡിറ്റ് സംഘടനകളോടും പാർട്ടിയിൽ ചേരാൻ ആഹ്വാനം ചെയ്ത അദ്ദേഹം കഴിഞ്ഞ 10 വർഷമായി ബിജെപിയുടെ നേതൃത്വത്തിലുള്ള കേന്ദ്ര സർക്കാർ സമുദായത്തെ “വിഡ്ഢികളാക്കുക”യാണെന്ന് ആരോപിച്ചു.

“അധികാരത്തിലെത്താൻ ബിജെപി രാജ്യത്തുടനീളം അവരുടെ ദുരവസ്ഥയെ വൈകാരികമായി വിറ്റു. അവരുടെ പുനരധിവാസത്തിനായി ഒരുപാട് കാര്യങ്ങൾ ചെയ്യുമെന്ന് സമൂഹത്തിന് ഉറപ്പ് നൽകി. അവർക്ക് പ്രതീക്ഷ നൽകി. കഴിഞ്ഞ 10 വർഷമായി ബിജെപി അധികാരത്തിലുണ്ടെങ്കിലും 10 പൈസയുടെ ഒരു ജോലി പോലും അവർക്കായി ചെയ്യുന്നതിൽ പരാജയപ്പെട്ടു” — വാനി പറഞ്ഞു.
അടുത്തയിടെ വിവാദമുയര്‍ത്തിയ സിനിമ കേരളസ്റ്റോറിയില്‍ ഒരു കാശ്മീരി പണ്ഡിറ്റ് യുവതി അഭിനയിച്ചിരുന്നു. സിനിമയില്‍ ഹുസ്‌ന എന്ന കഥാപാത്രത്തെ അവതരിപ്പിച്ചത് കാശ്മീരില്‍ നിന്നും ജമ്മുവിലേക്ക് കുടിയേറേണ്ടി വന്ന എലീന എന്ന അഭിനേത്രിയാണ്. ഈ സിനിമയില്‍ ബിജെപി ഉയര്‍ത്തിയ ന്യൂനപക്ഷ വിദ്വേഷപരമായ ഉള്ളടക്കം ഉണ്ടെന്ന് വിമര്‍ശനം ഉയര്‍ന്നിരുന്നു.
അനുപം ഖേര്‍ അഭിനയിച്ച മറ്റൊരു ഹിന്ദി ചിത്രവും കാശ്മീരി പണ്ഡിറ്റുകളുടെ വൈകാരികത ഉയര്‍ത്തിക്കാട്ടി ഫലത്തില്‍ ബിജെപി നടത്തിക്കൊണ്ടിരുന്ന പ്രചാരണങ്ങള്‍ക്ക് അടിവരയിടുന്ന രീതിയിലായിരുന്നു ചിത്രീകരിച്ചത്. ഇതോടെ ബിജെപി ആണ് കാശ്മീരി പണ്ഡിറ്റുകളുടെ സംരക്ഷകര്‍ എന്ന മനോവികാരം രാജ്യത്താകെ സൃഷ്ടിക്കാന്‍ സാധിച്ചിരുന്നു.