വടക്കെ മലബാറിലെ ഇസ്ലാം മത വിശ്വാസികളുടെ വൈകീട്ടത്തെ നോമ്പുതുറ കഴിഞ്ഞാല്‍ പങ്കുവെക്കുന്ന വിശേഷങ്ങളിലൊന്ന് രാത്രികളില്‍ ഓരോരോ നഗരങ്ങളിലായി ആയിരങ്ങള്‍ പങ്കെടുക്കുന്ന ചില യോഗങ്ങളെക്കുറിച്ചാണ്. തിരഞ്ഞെടുപ്പിന്റെ കാലത്തായതിനാല്‍ അവ രാഷ്ട്രീയ പ്രചാരണ യോഗങ്ങളായിരിക്കും എന്ന് വിചാരിച്ചെങ്കില്‍ തെറ്റി. രാഷ്ട്രീയപാര്‍ടികളുടെയോ മുന്നണിയുടെയോ ബാനറിലല്ല ഈ മഹാറാലികള്‍ നടക്കുന്നത്. ഇടതു മുന്നണി നേതൃത്വം കൊടുക്കുന്ന റാലികളാണെങ്കിലും ഭരണഘടനാ സംരക്ഷണസമതി എന്ന കൂട്ടായ്മയുടെ ബാനറിലാണ് റാലികള്‍. വിഷയം ഒന്നുമാത്രം- പൗരത്വ നിയമഭേദഗതി. സമസ്തയുടെ ഇരു വിഭാഗങ്ങളുടെയും ഇടതു സംഘടനകളുടെയുമെല്ലാം പങ്കാളിത്തം സജീവം. പ്രധാന പ്രാസംഗികന്‍ ഒരാള്‍- മുഖ്യമന്ത്രി പിണറായി വിജയന്‍.

തിരഞ്ഞെടുപ്പിനെപ്പറ്റിയോ വോട്ടിനെപ്പറ്റിയോ ഒരക്ഷരം മിണ്ടാതെയാണ് പിണറായിയുടെ പ്രസംഗം. തിരഞ്ഞെടുപ്പുമായി പ്രസംഗത്തെ ഒരിടത്തും ബന്ധിപ്പിക്കുന്നേയില്ല. എന്നാല്‍ പറയുന്ന ഓരോ വാക്കിലും ഉദ്ദിഷ്ടരാഷ്ട്രീയത്തിന്റെ നിഴല്‍ പകല്‍ പോലെ വ്യക്തമാണ് താനും.

കാസര്‍ഗോഡ് മണ്ഡലത്തിലും കണ്ണൂര്‍ മണ്ഡലത്തിലും വന്‍ ജനപങ്കാളിത്തത്തോടെ രാത്രിയില്‍ നടക്കുന്ന റാലികള്‍ കഴിഞ്ഞിരിക്കുന്നു. ലക്ഷ്യം ഒന്നു മാത്രമാണ്- ന്യൂനപക്ഷങ്ങളുടെ വോട്ട് ഇത്തവണ ഇടതുമുന്നണി സ്ഥാനാര്‍ഥികള്‍ക്ക് വീഴ്ത്തണം. കോണ്‍ഗ്രസിന്റെ പി.സി.സി. അധ്യക്ഷനെ ഉള്‍പ്പെടെ വീഴ്ത്താന്‍ ആ വോട്ടുകള്‍ക്ക് സാധിക്കുമെന്ന് സിപിഎം നേതൃത്വത്തിന് അറിയാം.
പൗരത്വനിയമഭേദഗതിയിലൂടെ കേന്ദ്രസര്‍ക്കാര്‍ മുന്നോട്ടു വെക്കുന്ന മുസ്ലീം വിദ്വേഷ രാഷ്ട്രീയത്തിനെതിരെ മുസ്ലീങ്ങളെ ഒപ്പം ചേര്‍ത്തു നിര്‍ത്തുകയും കോണ്‍ഗ്രസല്ല ഇടതുപക്ഷമാണ് ന്യൂനപക്ഷങ്ങള്‍ക്ക് കരുത്താകുന്നത് എന്ന് അറിയിക്കുക എന്നതാണ് പ്രത്യക്ഷമായും പരോക്ഷമായും ഈ റാലികളുടെ ലക്ഷ്യം. തിരഞ്ഞെടുപ്പിനെപ്പററി ഒരക്ഷരം മിണ്ടുന്നില്ലെങ്കിലും തിരഞ്ഞെടുപ്പ് തന്നെയാണ് ലക്ഷ്യവും. പരസ്പരം യോജിപ്പില്ലാതെ രണ്ടായിപ്പിളര്‍ന്നു കഴിയുന്ന സമസ്ത വിഭാഗങ്ങളെപ്പോലും ഒരു കുടക്കീഴില്‍ കൊണ്ടുവരാന്‍ സാധിക്കുന്നു എന്ന് ഈ മഹാറാലികളുടെ നേട്ടമായും കാണുന്നു. റാലികളിലെ ജനപങ്കാളിത്തം തങ്ങള്‍ മുന്നോട്ടു വെക്കുന്ന ആശയത്തിനുള്ള ജനപിന്തുണയും ന്യൂനപക്ഷവിഭാഗങ്ങളുടെ ഇടയിലുള്ള ഇടതുപക്ഷത്തോടുള്ള പുതിയ ചായ് വുമാണെന്ന് പ്രചാരണം നടത്താനുള്ള ഒരുക്കങ്ങളും ഇടതുമുന്നണി തയ്യാറാക്കിക്കഴിഞ്ഞു.
ഏറ്റവും രസകരമായ കാര്യം മുസ്ലീംലീഗിനെ സഖ്യകക്ഷിയാക്കിയിട്ടുള്ള കോണ്‍ഗ്രസ്, വടക്കന്‍ കേരളത്തില്‍ യു.ഡി.എഫിന്റെ പ്രധാന വോട്ടുബാങ്കായ കോണ്‍ഗ്രസ്, ഇടതുപക്ഷത്തിന്റെ ഈ നീക്കങ്ങള്‍ക്കു മുന്നില്‍ ചുമ്മാ കാണികളുടെ റോളിലാണ് എന്നതാണ്. കാണികള്‍ കാണിക്കാറുള്ള ആവേശം പോലും പൗരത്വനിയമഭേദഗതിക്കാര്യത്തില്‍ കോണ്‍ഗ്രസ് കാണിക്കുന്നില്ലെന്ന തോന്നലും ഉണ്ടാക്കുന്നുണ്ട്. പൗരത്വനിയമഭേദഗതിയെ രാഹുല്‍ഗാന്ധി പോലും പാര്‍ലമെന്റില്‍ എതിര്‍ത്തില്ലെന്നും കോണ്‍ഗ്രസ് ഈ ഭേദഗതിയെ വിമര്‍ശിച്ച് പൊതുവേദിയില്‍ ശക്തമായി വരാന്‍ ധൈര്യപ്പെടുന്നില്ലെന്നും സി.പി.എം. ആഞ്ഞടിക്കുമ്പോള്‍ കോണ്‍ഗ്രസ് നിസ്സംഗരായി നില്‍ക്കുകയാണ്. പൗരത്വനിയമത്തിലെ വിവേചനമൊക്കെ അവസാനിപ്പിക്കാന്‍ കോണ്‍ഗ്രസ് നേതൃത്വത്തില്‍ ഇന്ത്യയില്‍ അധികാരം ലഭിച്ചാല്‍ മാത്രമേ ഇനി സാധിക്കൂ എന്ന് എല്ലാവര്‍ക്കും അറിയാം എന്ന സമാധാനിക്കലാണ് കോണ്‍ഗ്രസിന്റെ ഭാഗത്തു നിന്നും വരുന്ന പ്രതികരണം. പാര്‍ലമെന്റില്‍ ഇടതുപക്ഷം മാത്രമേ ന്യൂനപക്ഷത്തിനു വേണ്ടി പ്രതികരിക്കൂ എന്ന ഇടതുപ്രചാരണത്തിലും കഴമ്പില്ലെന്നു കൂടി കോണ്‍ഗ്രസ് നേതൃത്വം ആവര്‍ത്തിക്കുന്നുണ്ട്. അതിനപ്പുറം തെരുവിലിറങ്ങിയുള്ള കൂട്ടായ്മകളുടെ ശക്തിപ്രകടനത്തിന് കോണ്‍ഗ്രസ് തയ്യാറായിട്ടില്ല.
ഇലക്ഷന്‍ പ്രചാരണ യോഗങ്ങളില്‍ തങ്ങള്‍ നേരിട്ട് ഈ വിഷയം കൈകാര്യം ചെയ്യുമെന്നും ഇടതുപക്ഷം വേഷപ്രച്ഛന്ന രൂപത്തില്‍ മഹാറാലികള്‍ സംഘടിപ്പിച്ച് നടത്തുന്ന പ്രചാരണം പോലെ തങ്ങള്‍ക്ക് ആവശ്യമില്ലെന്നും കണ്ണൂര്‍ ജില്ലയിലെ നേതൃത്വത്തിലെ ഒരു മുതിര്‍ന്ന നേതാവ് പ്രതികരിച്ചു.
സമസ്ത ഇ.കെ. വിഭാഗത്തിന്റെതുള്‍പ്പെടെ യു.ഡിഎഫിന്റെയും മുസ്ലിംലീഗിന്റെയും കോണ്‍ഗ്രസിന്റെ തന്നെയും വോട്ടുബാങ്കില്‍ വിള്ളലുണ്ടാക്കുക എന്ന ലക്ഷ്യമാണ് മഹാറാലികളിലൂടെ സിപിഎം ലക്ഷ്യമിടുന്നത്. എന്നാല്‍ മുസ്ലീം ലീഗിന്റെ പോലും നേതൃത്വത്തില്‍ ഇതു സംബന്ധിച്ച ഒരു വേവലാതിയും പ്രകടമല്ല എന്നത് കൗതുകകരമാണ്. ഇടതുമുന്നണിയുടെ ചൂണ്ടയില്‍ തങ്ങളുടെ വോട്ടുബാങ്ക് കൂട്ടം കൊത്തുകയില്ലെന്നാണ് അവര്‍ ആണയിടുന്നത്.
ഇടതു മുന്നണിയുടെ നിഴല്‍പ്പങ്കാളിത്തത്തോടെയും നേതൃത്വത്തോടെയും നടന്നു വരുന്ന മഹാറാലികള്‍ ലക്ഷ്യം കാണുകയാണെങ്കില്‍ കാസര്‍ഗോഡ്, കണ്ണൂര്‍, വടകര, കോഴിക്കോട് മണ്ഡലങ്ങളില്‍ ഇപ്പോള്‍ കോണ്‍ഗ്രസ് എം.പി.മാരുള്ളത് നേരെ വിപരീതദശയില്‍ ഫലമുണ്ടാകുമെന്നുറപ്പാണ്.
ഇപ്പോഴുള്ള ഒരു വൈരുദ്ധ്യം, സിപിഎമ്മിന് സമഗ്രമായ രാഷ്ട്രീയ ആധിപത്യമുള്ള ഈ മണ്ഡലങ്ങളില്‍ എം.പി.മാരായി ജയിച്ചത് കോണ്‍ഗ്രസുകാരാണ് എന്നതാണ്. ഇത് വലിയൊരു തമാശയാണ് ആ അര്‍ഥത്തില്‍. അതേസമയം ഇടതുമുന്നണിക്ക് നാണക്കേടായ പരാജയവുമാണ്. ആ പരാജയം ഇ്ത്തവണ നേരെ തിരിച്ചാക്കി വിജയയാത്ര നടത്താനുള്ള തന്ത്രമാണ് ഇടതുമുന്നണിയും സിപിഎമ്മു ഇപ്പോള്‍ നടപ്പാക്കി വരുന്നത്. കോണ്‍ഗ്രസിനു മുന്നിലുള്ള ചോദ്യം നാല് എം.പി.മാരെ നഷ്ടപ്പെടണമോ നിലനിര്‍ത്തണമോ എന്നതു മാത്രമാണ്.