പ്രമുഖ കഥാകൃത്തും അധ്യാപകനുമായിരുന്ന ടി.എന്‍.പ്രകാശ്(68) അന്തരിച്ചു. ഇന്നലെ വൈകീട്ടായിരുന്നു വിയോഗം. കണ്ണൂര്‍ വലിയന്നൂര്‍ സ്വദേശിയാണ്. പള്ളിക്കുന്ന് ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ അധ്യാപകനായിരുന്നു. കണ്ണൂര്‍ ജില്ലാ വിദ്യാഭ്യാസ ഓഫീസറായി റിട്ടയര്‍ ചെയ്തു.
2015 മുതല്‍ പക്ഷാഘാതം ബാധിച്ച് ചികില്‍സയിലായിരുന്നു. ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് ഇന്നലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രാത്രി ഒന്‍പത് മണിയോടെ മരിച്ചു. മൃതദേഹം ഇന്ന് രാവിലെ മുതല്‍ വീട്ടില്‍ പൊതുദര്‍ശനത്തിന് വെക്കും. ശവസംസ്‌കാരം വൈകീട്ട് 3.30-ന് പയ്യാമ്പലത്ത്.
കടമ്പൂര്‍ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ റിട്ട. പ്രധാനാധ്യാപിക ഗീതയാണ് ഭാര്യ. മക്കള്‍- പ്രഗീത്, തീര്‍ഥ. മരുമകള്‍-ശാരിക.
1955 ഒക്‌ടോബര്‍ 7ന് കണ്ണൂരിലെ വലിയന്നൂരില്‍ ആണ് പ്രകാശിന്റെ ജനനം.അബുദാബി ശക്തി അവാര്‍ഡ്, ചെറുകഥാ ശതാബ്ദി അവാര്‍ഡ്, ജോസഫ് മുണ്ടശ്ശേരി അവാര്‍ഡ്, വി.ടി. ഭട്ടതിരിപ്പാട് അവാര്‍ഡ്, എസ്.ബി.ടി. സാഹിത്യ പുരസ്‌കാരം, കേരള സാഹിത്യ അക്കാദമി അവാര്‍ഡ്, മയില്‍പ്പീലി പുരസ്‌കാരം, അറ്റ്‌ലസ് കൈരളി പുരസ്‌കാരം, എക്‌സലന്റ് അവാര്‍ഡ് എന്നിവ ലഭിച്ചിട്ടുണ്ട്.
കൃതികള്‍: വളപട്ടണം പാലം, ദശാവതാരം, സ്‌നേഹദൃശ്യങ്ങള്‍, ഇന്ത്യയുടെ ഭൂപടം, ഈ കടല്‍ത്തീര നിലാവില്‍, തെരഞ്ഞെടുത്ത കഥകള്‍, താപം, ലോകാവസാനം, താജ്മഹല്‍, വാഴയില, രാജ്ഘട്ടില്‍ നിന്നൊരാള്‍ (കഥകള്‍), സൗന്ദര്യലഹരി, നട്ടാല്‍ മുളയ്ക്കുന്ന നുണകള്‍, കിളിപ്പേച്ച് കേക്കവാ…, ചന്ദന (നോവലെറ്റുകള്‍), തെരഞ്ഞെടുത്ത പതിനൊന്ന് നോവലെറ്റുകള്‍, ആര്‍ട്ട് ഓഫ് ലിവിങ്, നക്ഷത്രവിളക്കുകള്‍ (ഓര്‍മ്മ), വാന്‍ക, വീഞ്ഞ്, ഈസ്റ്ററിന്റെ തലേരാത്രി (ബാലസാഹിത്യം), സമനില, തണല്‍, തൊട്ടാല്‍ പൊള്ളുന്ന സത്യങ്ങള്‍, കൈകേയി, വിധവകളുടെ വീട് (നോവലുകള്‍), ഡോ. ടി.പി.സുകുമാരന്‍: പേരിന്റെ പൊരുള്‍ (ജീവചരിത്രം).