ബിജെപി ഞായറാഴ്ച പ്രഖ്യാപിച്ച അഞ്ചാമത്തെ സ്ഥാനാര്‍ഥിപ്പട്ടികയില്‍ രാഹുല്‍ ഗാന്ധിക്കെതിരെ വയനാട്ടില്‍ മല്‍സരിക്കുന്ന സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചതും മറ്റ് ചില വാര്‍ത്താ താരങ്ങള്‍ ഉള്‍പ്പെട്ടതും കൗതുകമുണര്‍ത്തുന്നു. വയനാട്ടില്‍ മല്‍സരിക്കുക കേരള സംസ്ഥാന പ്രസിഡണ്ട് കെ.സുരേന്ദ്രന്‍ തന്നെയായിരിക്കും. ഒപ്പം കേരളത്തിലെ മറ്റ് മൂന്നിടത്തെ സ്ഥാനാര്‍ഥികളെയും പ്രഖ്യാപിച്ചു. ഏറണാകുളത്ത് മുന്‍ പി.എസ്.സി. ചെയര്‍മാനും ഇപ്പോള്‍ പാര്‍ടി സംസ്ഥാന വൈസ് പ്രസിഡണ്ടുമായ കെ.എസ്. രാധാകൃഷ്ണന്‍, കൊല്ലത്ത് നടന്‍ ജി.കൃഷ്ണകുമാറും, ആലത്തൂരില്‍ പാലക്കാട് ഗവ.വിക്ടോറിയ കോളേജ് മുന്‍ പ്രിന്‍സിപ്പല്‍ ഡോ.ടി.എന്‍.സരസുവും മല്‍സരിക്കും. ഇതോടെ കേരളത്തില്‍ ബിജെപിയുടെ എല്ലാ മണ്ഡലങ്ങളിലും സ്ഥാനാര്‍ഥികളായി.
അഖിലേന്ത്യാതലത്തില്‍ നോക്കിയാല്‍ മേനകാ ഗാന്ധിക്ക് സ്ഥിരം സീറ്റായ യു.പി.യിലെ സുല്‍ത്താന്‍ പൂരില്‍ സീറ്റ് നല്‍കിയതും മകന്‍ വരുണ്‍ഗാന്ധിക്ക് സീറ്റ് നിഷേധിച്ചതും പ്രധാന സംഗതിയാണ്. ബിജെപിക്കും നരേന്ദ്രമോദിക്കും എതിരെ ശക്തമായ വിമര്‍ശനം ഉയര്‍ത്താറുള്ള വരുണിന്റെ മണ്ഡലമായ പിലിഭിത്തില്‍ ഇത്തവണ കോണ്‍ഗ്രസില്‍ നിന്നും ചേരിമാറി വന്ന ജിതിന്‍ പ്രസാദ ആയിരിക്കും മല്‍സരിക്കുക.
സംഘപരിവാറിന് ശക്തമായ പിന്തുണ നല്‍കി രംഗത്തു വരാറുളള നടി കങ്കണ റണൗട്ടിന് ഹിമാചല്‍ പ്രദേശില്‍ ടിക്കറ്റ് നല്‍കി. ഇവര്‍ മണ്ഡിയില്‍ നിന്നാണ് മല്‍സരിക്കുക. രാമായണം ടി.വി. പരമ്പരയില്‍ ശ്രീരാമനെ അവതരിപ്പിച്ച് പ്രശസ്തനായ നടനായ അരുണ്‍ ഗോവിലിനും ബിജെപി ടിക്കറ്റ് നല്‍കി. മീററ്റിലാണ് അരുണ്‍ ഗോവില്‍ മല്‍സരിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആരാധികയാണെന്ന് സ്വയം വിളിച്ചിരുന്ന കങ്കണയുടെയും ജനപ്രിയ ടിവി സീരിയൽ രാമായണത്തിൽ രാമനായി അഭിനയിച്ച അരുൺ ഗോവിലിൻ്റെയും തിരഞ്ഞെടുപ്പ് അരങ്ങേറ്റമാണിത്.
അതു പോലെ അടുത്തിടെ ജെ.എം.എം.-ല്‍ നിന്നും രാജി വെച്ച് ബിജെപിയില്‍ ചേര്‍ന്ന സീത സോറന് സീറ്റ് നല്‍കുന്നതും ശ്രദ്ധേയമായി. മുന്‍ ജാര്‍ഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറന്റെ സഹോദര ഭാര്യയാണ് സീത.
കൊൽക്കത്ത ഹൈക്കോടതി മുൻ ജഡ്ജി അഭിജിത് ഗംഗോപാധ്യായ ബംഗാളിലെ താംലൂക്കിൽ നിന്ന് മത്സരിക്കുന്നു എന്നതാണ് മറ്റൊരു പ്രധാന കാര്യം. ഏതാനും ദിവസം മുമ്പാണ് അഭിജിത്ത് ഗംഗോപാധ്യായ ജഡ്ജി പദവി രാജിവെച്ചത്. തുടര്‍ന്ന് അദ്ദേഹം ബിജെപിയില്‍ ചേരുകയും ചെയ്തു. ഈ സംഭവം വലിയ വിവാദമായിരുന്നു. മമത ബാനര്‍ജി ഗംഗോപാധ്യായ നേരത്തെ നടത്തിയിരുന്ന വിധിന്യായങ്ങളിലേക്ക് സംശയങ്ങള്‍ പ്രകടിപ്പിച്ച് പ്രതികരിക്കുകയുമുണ്ടായി.
അപ്രതീക്ഷിതമായ മറ്റൊരു മാറ്റത്തിൽ മേദിനിപൂരിൽ നിന്നുള്ള എംപി ദിലീപ് ഘോഷിനെ ബർധമാൻ-ദുർഗാപൂരിലേക്ക് മാറ്റി.
കഴിഞ്ഞ കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പു കാലത്ത് ബിജെപിയില്‍ നിന്നും രാജിവെച്ച് കോണ്‍ഗ്രസില്‍ ചേര്‍ന്ന് മല്‍സരിക്കുകയും തോല്‍ക്കുകയും ചെയ്ത ജഗദീഷ് ഷെട്ടാര്‍ വീണ്ടും ബിജെപിയിലേക്ക് തിരിച്ചു പോയി ബെല്‍ഗാമില്‍ നിന്നും മല്‍സരിക്കുന്നു എന്ന പ്രത്യേകതയും പുതിയ പട്ടികയില്‍ ഉണ്ട്. കേന്ദ്രമന്ത്രി അനന്ത് കുമാർ ഹെഗ്‌ഡെയെ ഉത്തര കന്നഡ മണ്ഡലത്തിൽ നിന്ന് ബിജെപി ഒഴിവാക്കി, കേന്ദ്രമന്ത്രി അശ്വിനി ചൗബെയെ ബക്‌സറിൽ നിന്നും ഒഴിവാക്കി.
ഞായറാഴ്ച കോൺഗ്രസ് വിട്ട് ബിജെപിയിൽ ചേർന്ന നവീൻ ജിൻഡാൽ ഹരിയാനയിലെ കുരുക്ഷേത്രയിൽ നിന്നാണ് ജനവിധി തേടുക. അഞ്ചാം പട്ടിക പ്രസിദ്ധീകരിക്കുന്നതിന് മണിക്കൂറുകൾക്ക് മുമ്പ് തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച മുൻ കരസേനാ മേധാവിയും പിന്നീട് കേന്ദ്ര മന്ത്രിയുമായ ജനറൽ വികെ സിംഗ് പട്ടികയിൽ ഇടം പിടിച്ചില്ല.