ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ ജയിലിൽ നിന്നുള്ള ആദ്യ ഉത്തരവ് പുറപ്പെടുവിച്ചതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ജല വകുപ്പുമായി ബന്ധപ്പെട്ടതാണ് നിർദ്ദേശങ്ങൾ. ജലമന്ത്രി അതിഷി നിർദ്ദേശങ്ങൾ പിന്നീട് പ്രഖ്യാപിക്കും.
ഇന്ത്യയുടെ ചരിത്രത്തിലാദ്യമായാണ് ഒരു സംസ്ഥാന മുഖ്യമന്ത്രി ജയിലിലാകുന്നതും ജയലില്‍ ഇരുന്ന് സര്‍ക്കാരിനെ നിയന്ത്രിക്കുന്നതും. താന്‍ രാജിവെക്കില്ലെന്നും ജയിലില്‍ നിന്നും സര്‍ക്കാര്‍ ഭരണം നടത്തുമെന്നും കെജ്രിവാള്‍ പറഞ്ഞിരുന്നു.
കേന്ദ്രസര്‍ക്കാരിന് വന്‍ സമ്മര്‍ദ്ദം ഉണ്ടാക്കും വിധം കെജ്രിവാള്‍ അന്താരാഷ്ട്ര ശ്രദ്ധയാണ് ഈ സംഭവം വഴി നേടിയിരിക്കുന്നത്. ജര്‍മനി ഇക്കാര്യത്തില്‍ നടത്തിയ പരാമര്‍ശം തെളിവാണ്. കേന്ദ്രസര്‍ക്കാരിന്റെ പ്രതികാര നടപടികളുടെ സ്വഭാവം കൂടുതല്‍ ചര്‍ച്ച ചെയ്യപ്പെടാന്‍ കെജ്രിവാളിന്റെ അറസ്റ്റ് വഴി തെളിക്കുന്നുണ്ട്. മുഖ്യമന്ത്രി സ്ഥാനം രാജിവെക്കാതെ അറസ്റ്റിന് വഴങ്ങിയത് സംഭവത്തിന്റെ വാര്‍ത്താ പ്രാധാന്യം ഏറെ വര്‍ധിപ്പിക്കുകയാണ്. സമാനമായ സന്ദര്‍ഭത്തില്‍ കഴിഞ്ഞ മാസം ഝാര്‍ഖണ്ഡ് മുഖ്യമന്ത്രി സ്ഥാനം രാജിവെച്ച ശേഷമായിരുന്നു ഹേമന്ത് സോറന്‍ ഇ.ഡി.യുടെ അറസ്റ്റിന് വഴങ്ങിയത്.
എക്‌സൈസ് നയവുമായി ബന്ധപ്പെട്ട കേസിൽ എൻഫോഴ്‌സ്‌മെൻ്റ് ഡയറക്ടറേറ്റിൻ്റെ കസ്റ്റഡിയിലുള്ള മുഖ്യമന്ത്രി കെജ്‌രിവാൾ ജാമ്യത്തിനായി ഹര്‍ജി അടിയന്തിരമായി പരിഗണിക്കാന്‍ ഡെല്‍ഹി ഹൈക്കോടതിയെ സമീപിച്ചെങ്കിലും ഇന്നലെ കോടതി തള്ളുകയായിരുന്നു.
നിലവിലെ മുഖ്യമന്ത്രിക്കു സർക്കാറിനെ ജയിലിൽ നിന്ന് നയിക്കുന്നതിൽ നിന്ന് ഭരണഘടനയിലെ ഒരു വ്യവസ്ഥയും വിലക്കുന്നില്ലെന്ന് പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാൻ പത്രസമ്മേളനത്തിൽ പറഞ്ഞതിന് പിന്നാലെയാണ് ആദ്യ ഉത്തരവ് ഇറങ്ങിയത്. കെജ്‌രിവാളിന് ഡൽഹി സർക്കാർ ഭരിക്കാൻ കഴിയുന്ന തരത്തിൽ ജയിലിൽ ഓഫീസ് സ്ഥാപിക്കാനുള്ള അനുമതിക്കായി എഎപി കോടതിയെ സമീപിക്കുമെന്നും മാൻ പറഞ്ഞിരുന്നു..