ജയിലില്‍ കിടക്കുന്ന അരവിന്ദ് കെജ്രിവാളിന് ഡല്‍ഹി മുഖ്യമന്ത്രിയായി തുടരാനാവുമോ…നിയമവിദഗ്ധര്‍ ഇപ്പോള്‍ ചര്‍ച്ച ചെയ്യുന്നത് ഇതാണ്. മുഖ്യമന്ത്രിയായി തുടരാന്‍ ഭരണഘടനാപരമായി തടസ്സങ്ങളില്ലെന്നതാണ് പൊതു വിലയിരുത്തല്‍. പക്ഷേ ദീര്‍ഘകാലം ജയിലില്‍ കിടന്നുകൊണ്ട് സര്‍ക്കാരിനെയും ഉദ്യോഗസ്ഥരെയും നയിക്കാനാവുമോ…തിഹാറിൽ നിന്ന് ഡൽഹി മുഖ്യമന്ത്രിയായി തുടരുന്നത് പ്രായോഗികമായി അസാധ്യമാണെന്ന് അരവിന്ദ് കെജ്‌രിവാളിൻ്റെ അറസ്റ്റിനെ നിയമവിദഗ്ധർ വിലയിരുത്തി. മുഖ്യമന്ത്രിയെ തടവിലാകുന്ന ഒരു സാഹചര്യം ഭരണഘടനാ നിർമ്മാതാക്കൾ വിഭാവനം ചെയ്തിട്ടില്ല. അതിനാൽ ഇപ്പോഴത്തെ സാഹചര്യത്തിൽ കോടതി പ്രത്യേക ഇടപെടൽ നടത്തില്ല.
“തടവിലാക്കിയ ഒരാൾ മുഖ്യമന്ത്രിയായി തുടരുന്നത് തടയുന്നതിന് ഭരണഘടനയിൽ പ്രത്യേക വ്യവസ്ഥകളൊന്നുമില്ല. പക്ഷേ അത് പ്രായോഗികമായി അസാധ്യമാണ്. കാരണം കെജ്‌രിവാളിന് താൻ നിർദ്ദേശിക്കുന്ന എല്ലാ നടപടികൾക്കും കോടതിയിൽ നിന്ന് അനുമതി തേടേണ്ടിവരും. ഡൽഹി മുഖ്യമന്ത്രിക്കു മന്ത്രിസഭാ യോഗങ്ങൾ വിളിക്കാനാകില്ല.”– പ്രമുഖ നിയമജ്ഞർ അഭിപ്രായപ്പെടുന്നു.
ഒരിക്കൽ അറസ്റ്റിലാകുന്ന ഒരാൾ മുഖ്യമന്ത്രിയായി തുടരുന്നതിന് നിയമത്തിൽ തടസ്സമില്ലെന്നും അതായത് കെജ്രിവാളിന് ഡൽഹി മുഖ്യമന്ത്രിയായി തുടരാമെന്നും മുതിർന്ന അഭിഭാഷകൻ ഗോപാൽ ശങ്കരനാരായണൻ പിടിഐയോട് പറഞ്ഞു. “ജനപ്രാതിനിധ്യ നിയമമനുസരിച്ച്, ഒരു എം.എൽ.എ.യെ അയോഗ്യനാക്കാനും മന്ത്രിയെ അയോഗ്യനാക്കാനും കഴിയുന്ന കാര്യമാണ്. എന്നാൽ ജയിലിൽ നിന്ന് പ്രവർത്തിക്കാൻ ഒരു മുഖ്യമന്ത്രിക്ക് സാങ്കേതികമായി സാധ്യമാണ്. ”– അദ്ദേഹം പറഞ്ഞു.
ജാര്‍ഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറന്‍ അറസ്റ്റിലായപ്പോള്‍ മുഖ്യമന്ത്രി പദം കൈമാറിയാണ് ജയിലിലേക്ക് പോയത്. മുന്‍പ് ലാലുപ്രസാദ് യാദവ് കാലിത്തീറ്റ കുംഭകോണക്കേസില്‍ അകത്തായപ്പോള്‍ മുഖ്യമന്ത്രി പദം രാജിവെക്കാതിരിക്കാന്‍ ആലോചന നടന്നെങ്കിലും പ്രായോഗികമായി അസാധ്യമാണെന്നു കണ്ട് ഭാര്യ റാബ്രി ദേവിയെ മുഖ്യമന്ത്രിയാക്കുകയാണ് ചെയ്തത്. റാബ്രിദേവി കസേരയിലിരുന്നെങ്കിലും ഭരണം നിയന്ത്രിച്ചത് ജയലില്‍ നിന്നും ലാലു തന്നെയായിരുന്നു എന്നത് വേറെ കാര്യം.