ഡൽഹി എക്‌സൈസ് നയ കേസിൽ എൻഫോഴ്‌സ്‌മെൻ്റ് ഡയറക്‌ടറേറ്റ് അയച്ച സമൻസിൽ നിന്നും ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന് ഇടക്കാല സംരക്ഷണം നൽകാൻ ഡൽഹി ഹൈക്കോടതി വിസമ്മതിച്ചു. സമൻസ് അനുസരിച്ചാൽ അറസ്റ്റ് ചെയ്യില്ലെന്ന് എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റിൽ നിന്ന് ഉറപ്പ് നൽകണമെന്ന് ആവശ്യപ്പെട്ട് അരവിന്ദ് കെജ്രിവാൾ പുതിയ ഹർജി സമർപ്പിച്ചിരുന്നു.
“ഈ ഘട്ടത്തിൽ ഞങ്ങൾ അത്തരമൊരു ഉത്തരവ് പുറപ്പെടുവിക്കാൻ ആഗ്രഹിക്കുന്നില്ല”-ജസ്റ്റിസ് സുരേഷ് കുമാർ കൈറ്റും ജസ്റ്റിസ് മനോജ് ജെയിനും അടങ്ങുന്ന ഡിവിഷൻ ബെഞ്ച് പറഞ്ഞു
“ഞാൻ സമൻസ് അനുസരിച്ചാൽ എനിക്കെതിരെ നിർബന്ധിത നടപടിയെടുക്കില്ലെന്ന് എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ് കോടതിക്ക് മുന്നിൽ ഉറപ്പ് നൽകണം”- ആം ആദ്മി പാർട്ടി മേധാവി കോടതിയിൽ സമർപ്പിച്ച ഹർജിയിൽ പറഞ്ഞു .
ഹാജരാകാൻ ആവശ്യപ്പെട്ട് ഇഡി നൽകിയ ഒമ്പതാമത്തെ സമൻസിൻറെ പശ്ചാത്തലത്തിലാണ് അരവിന്ദ് കെജ്രിവാൾ കോടതിയെ സമീപിച്ചത്.
സമൻസ് നിയമവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി ഡൽഹി മുഖ്യമന്ത്രി അന്വേഷണ ഏജൻസിക്ക് മുന്നിൽ ഹാജരാകാൻ പലതവണയായി തയ്യാറാവാതെ ഇരിക്കയാണ്. ചോദ്യം ചെയ്യലിനു ശേഷം അറസ്റ്റ് ചെയ്യുമെന്ന സംശയം ബലപ്പെട്ടതിനാലാണ് സമന്‍സ് നിരസിക്കുന്നത്.