ക്രിമിനൽ കേസിലെ ശിക്ഷ സുപ്രീം കോടതി സ്റ്റേ ചെയ്തതിനു ശേഷവും ഡിഎംകെ നേതാവ് കെ പൊൻമുടിയെ വീണ്ടും സംസ്ഥാന മന്ത്രിസഭയിൽ ഉൾപ്പെടുത്താൻ വിസമ്മതിച്ച തമിഴ്‌നാട് ഗവർണർ ആർഎൻ രവിക്കെതിരെ സുപ്രീം കോടതി വ്യാഴാഴ്ച രൂക്ഷ വിമർശനം ഉന്നയിച്ചു. തമിഴ്‌നാട് ഗവർണർ തൻ്റെ നടപടികളിലൂടെ സുപ്രീം കോടതിയെ ധിക്കരിക്കുകയാണെന്ന്ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ മൂന്നംഗ ബെഞ്ച് പറഞ്ഞു.
അനധികൃത സ്വത്ത് സമ്പാദനക്കേസിൽ പൊൻമുടിയുടെ ശിക്ഷ മാർച്ച് 11ന് സുപ്രീം കോടതി താൽക്കാലികമായി നിർത്തിവയ്ക്കുകയും മൂന്ന് വർഷത്തെ ജയിൽ ശിക്ഷ സസ്‌പെൻഡ് ചെയ്യുകയും ചെയ്തിരുന്നു.

തിരഞ്ഞെടുക്കപ്പെട്ട സർക്കാരിൻ്റെ തീരുമാനങ്ങൾ നടപ്പിലാക്കാൻ മാത്രമുള്ള ഒരു തലവൻ മാത്രമാണ് ഗവർണറെന്ന് സുപ്രീം കോടതി പറഞ്ഞു. “ഗവർണർക്കു സർക്കാരിനെ ഉപദേശിക്കാനുള്ള അധികാരമുണ്ട്. അത്രമാത്രം”– ചീഫ് ജസ്റ്റിസ് പറഞ്ഞു.
“ഈ കേസിൽ ഗവർണറുടെ പെരുമാറ്റത്തിൽ ഞങ്ങൾക്ക് ഗൗരവമായ ഉത്കണ്ഠയുണ്ട്. അദ്ദേഹം ഇന്ത്യയുടെ സുപ്രീം കോടതിയെ ധിക്കരിക്കുകയാണ്,” ചീഫ് ജസ്റ്റിസ് പറഞ്ഞു. പൊൻമുടിയെ വീണ്ടും മന്ത്രിയാക്കാൻ മുഖ്യമന്ത്രി എംകെ സ്റ്റാലിൻ നൽകിയ ശുപാർശ അംഗീകരിക്കാൻ ഗവർണർ രവിയോട് നിർദേശിക്കണമെന്ന് ആവശ്യപ്പെട്ട് തമിഴ്നാട് സർക്കാർ സമർപ്പിച്ച ഹർജി സുപ്രീം കോടതി പരിഗണിക്കുകയായിരുന്നു. ഒരു ശിക്ഷാവിധി കോടതി മരവിപ്പിച്ചപ്പോൾ ഗവർണർക്ക് മറിച്ചൊന്നും പറയേണ്ട കാര്യമില്ലെന്ന് ചീഫ് ജസ്റ്റിസ് പറഞ്ഞു.
“ഞങ്ങൾ നാളെ വരെ കാത്തുനിൽക്കും. അല്ലാത്തപക്ഷം… ഞങ്ങൾ ഇപ്പോൾ പറയുന്നില്ല”– ചീഫ് ജസ്റ്റിസ് അറ്റോർണി ജനറൽ ആർ വെങ്കിട്ടരമണിയോട് പറഞ്ഞു.