വാട്ട്‌സ്ആപ്പിലൂടെ നരേന്ദ്ര മോദിയുടെയും സർക്കാരിന്റെയും “വികസിത് ഭാരത്” സന്ദേശങ്ങൾ അയക്കുന്നത് ഉടനടി നിർത്താൻ ഇലക്‌ട്രോണിക്‌സ് ആൻഡ് ഇൻഫർമേഷൻ ടെക്‌നോളജി മന്ത്രാലയത്തിന് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ നിർദ്ദേശം നൽകി. കംപ്ലയൻസ് റിപ്പോർട്ട് ഉടൻ സമർപ്പിക്കാൻ മന്ത്രാലയത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്.
പൊതുതെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുകയും മാതൃക പെരുമാറ്റച്ചട്ടം പ്രാബല്യത്തിൽ വരികയും ചെയ്തിട്ടും സർക്കാരിൻ്റെ സംരംഭങ്ങൾ ഉയർത്തിക്കാട്ടുന്ന ഇത്തരം സന്ദേശങ്ങൾ പൗരന്മാരുടെ ഫോണുകളിൽ ഇപ്പോഴും അയക്കുന്നതായി കമ്മീഷനു നിരവധി പരാതികൾ ലഭിച്ചിരുന്നു.
കേന്ദ്രസർക്കാരിൻ്റെ “വികസിത് ഭാരത്” (വികസിത ഇന്ത്യ) അജണ്ട രൂപീകരിക്കുന്നതിനുള്ള നിർദ്ദേശങ്ങൾ തേടിക്കൊണ്ട് പ്രചാരണപരമായ സന്ദേശങ്ങൾ ആണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പേരിൽ അയച്ചിരുന്നത്. ബിജെപിയുടെ “മോദി കാ പരിവാർ” (മോദിയുടെ കുടുംബം) പ്രചാരണത്തിന് അനുസൃതമായി “എൻ്റെ പ്രിയപ്പെട്ട കുടുംബാംഗങ്ങളെ” എന്ന് അഭിസംബോധന ചെയ്ത മോദിയുടെ കത്ത് ആണ് ഫോണുകളിൽ വന്നുകൊണ്ടിരുന്നത്.