കേരളത്തിലെ അറിയപ്പെടുന്ന കലാകാരനായ ആര്‍.എല്‍.വി.രാമകൃഷ്ണനെതിരെ മോഹിനിയാട്ടം കലാകാരിയായ കലാമണ്ഡലം സത്യഭാമയുടെ വ്യക്തിയധിക്ഷേപം ക്രിമിനല്‍ കുറ്റമാണ് എന്ന് അവര്‍ നല്‍കിയ അഭിമുഖത്തിലെ വാക്കുകള്‍ തന്നെ തെളിയിക്കുന്നു. സവര്‍ണ ബോധത്തിന്റെ നാറ്റം വമിക്കുന്ന മനസ്സാണ് വലിയ കലാകാരിയെന്ന് അഭിമാനിക്കുന്ന അവരില്‍ നിന്നും ഉണ്ടായതെന്നും വ്യക്തമാകുന്നു.
സത്യഭാമയുടെ അധിക്ഷേപം ഇങ്ങനെ ആയിരുന്നു– “മോഹിനിയാട്ടം കളിക്കുന്നവർ എപ്പോഴും മോഹിനിയായിരിക്കണം. ഇയാളെ കണ്ടുകഴിഞ്ഞാൽ കാക്കയുടെ നിറമാണ്. എല്ലാം കൊണ്ടും കാല് അകത്തിവച്ച് കളിക്കുന്ന ഒരു കലാരൂപമാണ്. ഒരു പുരുഷൻ കാലും കവച്ചുവച്ച് കളിക്കുന്നത് പോലൊരു അരോചകം ഇല്ല. എന്റെ അഭിപ്രായത്തിൽ മോഹിനിയാട്ടം കളിക്കുന്ന ആൺകുട്ടികൾക്ക് സൗന്ദര്യം ഉണ്ടായിരിക്കണം. ആൺപിള്ളേരിൽ സൗന്ദര്യം ഉള്ളവർ ഇല്ലേ. ഇവനെ കണ്ടാൽ പെറ്റതള്ള പോലും സഹിക്കില്ല”.
സെക്‌സ് രൂപേണയുളള ഒരു പാട് ഐറ്റങ്ങള്‍ മോഹിനിയാട്ടത്തിലുണ്ട് എന്നും സത്യഭാമ പിന്നീട് പ്രതികരിച്ചു.
‘ഒരു മണിയറ പുരുഷന്‍മാര്‍ ചെയ്താല്‍ എങ്ങിനെ ശരിയാകും മോഹിനിയാട്ടം പെണ്‍കുട്ടികള്‍ മാത്രമേ ചെയ്യാവൂ എന്നാണ് എന്റെ പക്ഷം. കറുത്ത കുട്ടിയെ കൊണ്ടുവന്നിട്ട് മേക്കപ്പ് ചെയ്തിട്ട് രക്ഷപ്പെടുന്നവരുണ്ട്. ആളെ മനസ്സിലാകുക പോലുമില്ല മേക്കപ്പ് ചെയ്താല്‍. അതു പോലെ ചെയ്യുന്ന പയ്യന്‍മാരുണ്ട്. കറുത്ത കുട്ടികൾക്ക് സൗന്ദര്യമത്സരത്തിൽ സമ്മാനം കിട്ടിയിട്ടുണ്ടോ?. എനിക്കെതിരെ കേസിന് പോകുമെന്ന് ഒരു വ്യക്തി പറഞ്ഞു. കേസിന് പോകട്ടെ. പട്ടിയുടെ വാലിലും ഭരതനാട്യമാ ഇപ്പോ. അറിയോ? ‘– സത്യഭാമ മാധ്യമങ്ങളോട് പ്രതികരിച്ചത് ഇങ്ങനെ.