അന്തരിച്ച പ്രമുഖ നടൻ കലാഭവൻ മണിയുടെ സഹോദരനും കലാകാരനുമായ ആർഎൽവി രാമകൃഷ്ണനെ അധിക്ഷേപിച്ച് നർത്തകി കലാമണ്ഡലം സത്യഭാമ. ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് രാമകൃഷ്ണന്റെ നിറത്തെയും പ്രകടനത്തെയും സത്യഭാമ അധിക്ഷേപിച്ചത്. എന്നാൽ പറഞ്ഞതിൽ കുട്ടാ ബോധം ഇല്ല എന്നാണ് ഇപ്പോഴും സത്യഭാമ പറയുന്നത്. കലാ സാഹിത്യ രംഗത്തെ പ്രശസ്തരും പ്രമുഖരും മന്ത്രിമാരും രാമകൃഷ്ണനു പിന്തുണയുമായി രംഗത്ത് വന്നിട്ടുണ്ട്.
കറുപ്പ് എനക്ക് പുടിച്ച കളറ് എന്ന് മന്ത്രി വി.ശിവന്‍ കുട്ടി ഫേസ്ബുക്കില്‍ കുറിച്ചപ്പോള്‍ മന്ത്രി ആര്‍.ബിന്ദു മോഹിനിയാട്ടത്തിന്റെ ചരിത്രം തിരുത്തിയ പ്രതിഭയാണ് രാമകൃഷ്ണന്‍ എന്നും പുഴുക്കുത്ത് പിടിച്ച മനസ്സുള്ളവര്‍ എന്തും പറയട്ടെയെന്നും എഴുതി. സത്യഭാമയ്ക്ക് വിവരവും വിവേകവുമാണ് വേണ്ടതെന്ന് നടനും സാമൂഹിക നിരീക്ഷകനുമായ ജോയ് മാത്യു പ്രതികരിച്ചു. പ്രശസ്ത കവി സച്ചിദാനന്ദന്‍ ഉള്‍പ്പെടെ നിരവധി പേര്‍ സത്യാഭാമയുടെ അധിക്ഷേപത്തിനെതിരെ രംഗത്തു വന്നിട്ടുണ്ട്.
മോളെ സത്യഭാമേ ഞങ്ങൾക്ക് നീ പറഞ്ഞ ‘കാക്കയുടെ നിറമുള്ള’ രാമകൃഷ്ണന്റെ മോഹിനിയാട്ടം മതി എന്ന് നടൻ ഹരീഷ് പേരടി ഫേസ്ബുക്കിൽ പ്രതികരിച്ചു. “രാമകൃഷ്ണനോടും ഒരു അഭ്യർത്ഥന..ഇനി മോഹിനിയാട്ടം കളിക്കുമ്പോൾ ഒരു പ്രതിഷേധമെന്ന നിലക്ക് മുഖത്തും ശരീരത്തിലും വെള്ള പൂശരുത്..ഭൂമി കുലുങ്ങുമോ എന്ന് നമുക്ക് നോക്കാം..കറുപ്പിനൊപ്പം..രാമകൃഷ്ണനൊപ്പം”– പേരടി എഴുതി.