തിരഞ്ഞെടുപ്പ് സമയത്ത് രാഷ്ട്രീയ പാർട്ടികൾ സൗജന്യങ്ങൾ വാഗ്ദാനം ചെയ്യുന്ന രീതിക്കെതിരായ പൊതുതാൽപര്യ ഹർജി സുപ്രീം കോടതി മാർച്ച് 21 വ്യാഴാഴ്ച പരിഗണിക്കും. ലോക്‌സഭാ തിരഞ്ഞെടുപ്പിന് ആഴ്ചകൾക്ക് മുമ്പ് വരുന്ന സുപ്രധാന കേസ് ആണിത്. ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്, ജസ്റ്റിസുമാരായ ജെ ബി പർദിവാല, മനോജ് മിശ്ര എന്നിവരടങ്ങിയ ബെഞ്ച് ആണ് കേസ് പരിഗണിക്കുന്നത്. അഭിഭാഷകനും പൊതുതാൽപര്യ ഹർജിക്കാരനുമായ അശ്വിനി ഉപാധ്യായ ആണ് ഹർജിക്കാരൻ.
ഭരണഘടനാ ലംഘനമായതിനാൽ, വോട്ടർമാരിൽ നിന്ന് അനാവശ്യ രാഷ്ട്രീയ പ്രീതി നേടുന്നതിനുള്ള ജനകീയ നടപടികൾ പൂർണ്ണമായും നിരോധിക്കണമെന്നും ഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻ ഉചിതമായ പ്രതിരോധ നടപടികൾ കൈക്കൊള്ളണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടിരുന്നു.

തെരഞ്ഞെടുപ്പിന് മുമ്പ് പൊതു ഫണ്ടിൽ നിന്ന് യുക്തിരഹിതമായ സൗജന്യങ്ങൾ വാഗ്ദാനം ചെയ്യുന്നത് വോട്ടർമാരെ അനാവശ്യമായി സ്വാധീനിക്കുകയും തിരഞ്ഞെടുപ്പ് പ്രക്രിയയുടെ പരിശുദ്ധിയെ നശിപ്പിക്കുകയും ചെയ്യുന്നുവെന്ന് പ്രഖ്യാപിക്കണമെന്ന് പൊതുതാൽപര്യ ഹർജി സുപ്രീം കോടതിയോട് ആവശ്യപ്പെട്ടു.
തിരഞ്ഞെടുപ്പിൽ കണ്ണുവെച്ച് സൗജന്യങ്ങൾ വാഗ്ദാനം ചെയ്ത് വോട്ടർമാരെ സ്വാധീനിക്കുന്ന രാഷ്ട്രീയ പാർട്ടികളുടെ സമീപകാല പ്രവണത ജനാധിപത്യ മൂല്യങ്ങളുടെ നിലനിൽപ്പിന് ഏറ്റവും വലിയ ഭീഷണി മാത്രമല്ല, ഭരണഘടനയുടെ ആത്മാവിനെ വ്രണപ്പെടുത്തുന്നുവെന്നും ഹർജിക്കാരൻ പറയുന്നു.
അധികാരത്തിൽ തുടരാൻ ഖജനാവിൻ്റെ ചെലവിൽ വോട്ടർമാർക്ക് കൈക്കൂലി നൽകുന്നത് പോലെയാണ് ഈ അനാശാസ്യ സമ്പ്രദായം എന്നും ജനാധിപത്യ തത്വങ്ങളും സമ്പ്രദായങ്ങളും സംരക്ഷിക്കാൻ അത് ഒഴിവാക്കണമെന്നും ഹർജിക്കാരൻ വാദിക്കുന്നു.