ജൂലായില്‍ ഒഴിവുവരുന്ന രാജ്യസഭാ സീറ്റ് മുസ്ലീംലീഗിന് നല്‍കാമെന്ന ഫോര്‍മുല നടപ്പാക്കുകയാണെങ്കില്‍ സീറ്റ് മുസ്ലീം ലീഗ് ജനറല്‍ സെക്രട്ടറി പിഎംഎ സലാമിന് ലഭിക്കുമെന്ന് സൂചന. കഴിഞ്ഞ ലോക്‌സഭാ സീറ്റ് വിഭജനവേളയില്‍ മൂന്നാം സീറ്റ് ആവശ്യപ്പെട്ട് ഇടഞ്ഞു നിന്ന ലീഗിനെ ഒഴിവു വരുന്ന രാജ്യസഭാസീറ്റ് എന്ന വാഗ്ദാനം കാട്ടിയാണ് കോണ്‍ഗ്രസ് അനുനയിപ്പിച്ചത്. ഇനി അത് നടപ്പാക്കാനുളള അവസരമാണ്. പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍ ലീഗിന് നല്‍കിയ വാഗ്ദാനം ഏകപക്ഷീയമായിപ്പോയെന്ന കടുത്ത വിമര്‍ശനം അന്ന് ഉയര്‍ന്നിരുന്നെങ്കിലും ലീഗ് രണ്ടു സീറ്റ് കൊണ്ട് വഴങ്ങി വിവാദം അവസാനിപ്പിച്ചതിനു പിന്നില്‍ രാജ്യസഭാ സീറ്റ് എന്ന സ്വപ്‌നം ഉണ്ടായിരുന്നതിനാലാണ്.
പൊന്നാനി, മലപ്പുറം സീറ്റുകൾക്ക് പുറമെ മൂന്നാം ലോക്സഭാ സീറ്റ് വേണമെന്ന ആവശ്യവുമായി ലീഗ് മുന്നോട്ട് പോകുന്നതിനിടെയാണ് ചർച്ചയ്ക്കിടെ സതീശൻ പ്രധാനവാർത്തകളിൽ ഇടംപിടിച്ചത്. സ്വയം തീരുമാനിച്ച് രാജ്യസഭാ സീറ്റ് വാഗ്ദാനം നടത്തിയതില്‍ സതീശന്‍ വലിയ വിമര്‍ശനത്തിന് അന്ന് ഇരയായി. എന്നാല്‍ പി.വി.അബ്ദുല്‍ വഹാബിന്റെ സീറ്റ് കോണ്‍ഗ്രസ് തിരിച്ചെടുക്കുമെന്ന് പറഞ്ഞാണ് സതീശന്‍ തടി രക്ഷിച്ചത്. 2027-ലാണ് ഈ സീറ്റ് ഒഴിവു വരിക.
ബാബരി മസ്ജിദ് തകര്‍ത്ത ഘട്ടത്തില്‍ മുസ്ലീംലീഗില്‍ നിന്നും പുറത്തുപോയി രൂപീകരിക്കപ്പെട്ട പാര്‍ടിയായ ഐ.എന്‍.എല്‍-ന്റെ നേതാവായ പിഎംഎ സലാം ഇടതുപക്ഷത്തിന്റെ പിന്തുണയോടെ എം.എല്‍.എ.യുമായിരുന്നിട്ടുണ്ട്. പിന്നീട് മുസ്ലംിലീഗിലേക്ക് തിരികെ ചേരുകയായിരുന്നു. കുഞ്ഞാലിക്കുട്ടിയുടെ വിശ്വസ്തനായിത്തീര്‍ന്ന ഈ 71-കാരനെ പിന്നീട് പാര്‍ടിയുടെ ജനറല്‍ സെക്രട്ടറിയാക്കി. ലീഗിന്റെ സജീവമായ രാഷ്ട്രീയ വക്താവും മുഖവുമാണ് സലാം ഇപ്പോള്‍. സംഘടനാ വിഷയങ്ങളില്‍ ശക്തമായി ഇടപെടുന്ന ലീഗിലെ പ്രമുഖ നേതാവായാണ് ഇദ്ദേഹം അറിയപ്പെടുന്നത്.