ചെന്നൈയിൽ ഒരു അപ്പാർട്ട്‌മെൻ്റിൻ്റെ ജനലിൽ നിന്നും താഴേക്ക് വീണ ഒരു പിഞ്ചുകുഞ്ഞിനെ രക്ഷിക്കാൻ ഒരു ഹൗസിംഗ് സൊസൈറ്റിയിലെ താമസക്കാർ ഒന്നിച്ച രക്ഷാദൗത്യം വാർത്തകളിലെ താരമായി. നാലാം നിലയിൽ ഉള്ള വീട്ടിൽ അമ്മയുടെ മടിയിൽ കളിച്ചുകൊണ്ടിരുന്ന കുട്ടി അബദ്ധത്തിൽ കാൽ വഴുതി പ്ലാസ്റ്റിക് ഷീറ്റ് കൊണ്ട് മറച്ചിരുന്ന ജനൽ വരാന്തയിലൂടെ വീഴുകയായിരുന്നു. എന്നാൽ നാട്ടുകാരുടെ ജാഗ്രതയും ധൈര്യവും കാരണം കുഞ്ഞിനെ രക്ഷിക്കാൻ കഴിഞ്ഞു.
ചെന്നൈ ആവഡിയിലെ തിരുമുല്ലൈവോയലിലാണ് സംഭവം. നാടകീയമായ രക്ഷാപ്രവർത്തനം പകർത്തുന്ന വീഡിയോ ദൃശ്യങ്ങൾ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സിൽ വൈറലായി . കുഞ്ഞ് നേരെ താഴേക്ക് വീഴാതെ, ജനലിനു താഴെയുള്ള ഫൈബര്‍ സണ്‍ഷെയ്ഡില്‍ തങ്ങി നിന്നതോടെ ഫ്‌ലാറ്റുകളിലെ താമസക്കാരെല്ലാം ചേര്‍ന്ന് രക്ഷാപ്രവര്‍ത്തനം നടത്തുകയായിരുന്നു.
കുഞ്ഞ് താഴെക്ക് ഊര്‍ന്നു വീണാല്‍ രക്ഷിക്കാനായി കട്ടിയുള്ള പുതപ്പു കൊണ്ട് താഴെ വല പോലെ വിരിച്ചു. പിന്നീട് ചിലര്‍ മേല്‍ക്കുമേല്‍ കയറി നിന്ന് ഏറ്റവും മുകളില്‍ ഒരു യുവാവിനെ കയറ്റി നിര്‍ത്തി കുഞ്ഞിന്റെ സമീപത്തെത്തിച്ച് കുട്ടിയെ പിടിച്ചെടുക്കാനായി ശ്രമിച്ചു. യുവാവ് കുട്ടിയെ തൂക്കിയെടുത്ത് മുതിര്‍ന്നവര്‍ക്ക് സുരക്ഷിതമായി കൈമാറുകയും ചെയ്തു.