കണ്ണൂരിൽ നഗര പ്രാന്തത്തിലെ വീട്ടിൽ അമ്മയേയും മകളേയും വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. കൊറ്റാളിക്കാവിനു സമീപം സുവിഷത്തിൽ സുനന്ദ വി.ഷേണായി (78), മകൾ ദീപ വി.ഷേണായി (44) എന്നിവരാണ് മരിച്ചത്. വീട്ടിൽ നിന്ന് ദുർഗന്ധം വമിച്ചതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. മൃതദേഹങ്ങൾക്ക് മൂന്നു ദിവസത്തെ പഴക്കമുണ്ട്. പൊലീസ് സ്ഥലത്തെത്തി പരിശോധന തുടങ്ങി.
ഇന്ന് രാവിലെ ദുർഗന്ധം വമിക്കാൻ തുടങ്ങിയതോടെ അയൽവാസികളിൽ ചിലർ വന്നു നോക്കിയത്. ഇതോടെ ഇരുവരെയും മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. സുനന്ദയുടെ മൃതദേഹം ഡൈനിങ് ഹാളിലും ദീപയുടെ മൃതദേഹം അടുക്കളയിലും കിടക്കുന്ന നിലയിലായിരുന്നു. വീട്ടിലെ ഫാനും ലൈറ്റുകളും ഓൺ ചെയ്ത നിലയിലായിരുന്നു. തുടർന്ന് നാട്ടുകാർ പൊലീസിൽ വിവരം അറിയിച്ചു.
മരിച്ചവർ മംഗലാപുരം സ്വദേശികളാണെന്ന് നാട്ടുകാർ പറയുന്നു. പത്തു വർഷത്തോളമായി ഇവർ ഇവിടെയാണ് താമസം. നാട്ടുകാരുമായി ഇവർക്ക് വലിയ ബന്ധമുണ്ടായിരുന്നില്ല. പരേതനായ വിശ്വനാഥ ഷേണായിയാണ് സുനന്ദയുടെ ഭർത്താവ്. ദീപ അവിവാഹിതയാണ്. മൂന്നു ദിവസം മുൻപ് ഇവർ വോട്ടു ചെയ്യാനായി പോയിരുന്നു. അതിനു ശേഷം ഇവരെ ആരും പുറത്തു കണ്ടിട്ടില്ല.