ശക്തമായ പൊടിക്കാറ്റിൽ മരങ്ങളും വൈദ്യുത തൂണുകളും പിഴുതെറിയപ്പെടുകയും രാജ്യതലസ്ഥാനത്തുടനീളം മതിലുകളുടെ ഭാഗങ്ങൾ തകരുകയും ചെയ്‌തതിനാൽ ഡൽഹിയിൽ കൊടുങ്കാറ്റുമായി വിവിധ സംഭവങ്ങളിൽ 19 കാരി ഉൾപ്പെടെ മൂന്ന് പേർ കൊല്ലപ്പെടുകയും 23 പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
വെള്ളിയാഴ്ച വൈകിട്ട് രാജ്യതലസ്ഥാനത്ത് വീശിയടിച്ച പൊടിക്കാറ്റ് മൂലം പലയിടത്തും വൈദ്യുതി വിതരണവും തടസ്സപ്പെട്ടു.
ഷഹീൻ ബാഗിൽ 19 കാരിയായ ഷിറീൻ അഹമ്മദിന് സമീപത്തെ കെട്ടിടത്തിൻ്റെ ഒരു ഭാഗം തകർന്ന് ഗുരുതരമായി പരിക്കേറ്റു. ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല.
അപകടത്തിന് കാരണമായ കെട്ടിടത്തിൻ്റെ മുകളിലത്തെ നിലയുടെ ഉടമയ്‌ക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. പടിഞ്ഞാറൻ ഡൽഹിയിലെ വികാസ്പുരിയിൽ ജനക്പുരി മേൽപ്പാലത്തിന് സമീപം മരക്കൊമ്പ് വീണ് ഇരുചക്രവാഹനയാത്രികൻ മരിച്ചു.

മൂന്നാമത്തെ സംഭവത്തിൽ, കെഎൻ കട്ജു മാർഗിലെ ഐബി ബ്ലോക്കിന് സമീപം രാത്രി 11 മണിയോടെ 46 കാരനായ തൊഴിലാളി മരത്തിനടിയിൽ കുടുങ്ങി. ഇദ്ദേഹത്തെ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിച്ചു.
മോശം കാലാവസ്ഥയെത്തുടർന്ന് വെള്ളിയാഴ്ച വൈകി ഒമ്പത് വിമാനങ്ങൾ വഴിതിരിച്ചുവിട്ടതായി ഒരു ഉദ്യോഗസ്ഥൻ പറഞ്ഞു.
തീവ്രമായ സൗര കൊടുങ്കാറ്റ് ഭൂമിയെ ബാധിക്കുന്നു
ഭൂമിയിലേക്ക് വീശി വരുന്ന ശക്തമായ സൗര കാന്തിക കൊടുങ്കാറ്റുകൾ ഭൂമിയെ ബാധിക്കുന്നതിന് ലോകത്താകെ വിവിധ സൂചനാ തെളിവുകൾ പ്രത്യക്ഷമായി. ഹിമാലയത്തിലെ ഹാൻലെ ഡാർക്ക് സ്കൈ റിസർവിലെ ലഡാക്കിൻ്റെ ചില ഭാഗങ്ങളിൽ ഇരുണ്ട ആകാശം കടും ചുവപ്പ് നിറത്തിൽ പ്രത്യക്ഷപ്പെട്ടു.

സൗര കൊടുങ്കാറ്റുകൾ അല്ലെങ്കിൽ കൊറോണൽ മാസ് എജക്ഷനുകൾ നിരവധി ഉയർന്ന ഊർജ്ജ സൗരജ്വാലകൾ സൃഷ്ടിക്കുന്നുണ്ടെന്ന് കൊൽക്കത്തയിലെ സെൻ്റർ ഓഫ് എക്സലൻസ് ശാസ്ത്രജ്ഞർ പറയുന്നു.
ഭൂമിക്കും ബഹിരാകാശത്തിനും ഇടയിൽ സംഭവിക്കുന്ന വൈദ്യുത പ്രവാഹങ്ങൾ അന്തരീക്ഷത്തെ ചൂടാക്കുന്നത് മൂലമാണ് ഈ ധ്രുവദീപ്തിയുടെ ചുവന്ന വില്ലുപോലെയുള്ള രൂപങ്ങൾ ഉണ്ടാകുന്നത്. കഴിഞ്ഞ രണ്ട് പതിറ്റാണ്ടിനിടയിൽ കണ്ടിട്ടില്ലാത്തത്ര കഠിനമായ ബഹിരാകാശ കാലാവസ്ഥയ്ക്ക് ഇപ്പോൾ സാക്ഷ്യം വഹിക്കുന്നു. കൂടുതൽ സൗര കൊടുങ്കാറ്റുകൾ ഭൂമിയെ ബാധിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും ശാസ്ത്രജ്ഞർ പറഞ്ഞു.
ഓസ്ട്രിയ, ജർമ്മനി, സ്ലൊവാക്യ, സ്വിറ്റ്സർലൻഡ്, ഡെന്മാർക്ക്, പോളണ്ട് എന്നിവിടങ്ങളിൽ നിന്നുള്ള ആകാശ നിരീക്ഷകർ വടക്കൻ അർദ്ധഗോളത്തിൻ്റെ ഉയർന്ന അക്ഷാംശങ്ങളിൽ കാണപ്പെട്ട ആകാശത്തിലെ വിവിധ നിറങ്ങൾ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തു.