തമിഴ്‌നാട്ടില്‍ ഡിഎംകെ-കോണ്‍ഗ്രസ്-ഇടതു നേതൃത്വത്തിലുള്ള പ്രതിപക്ഷ സഖ്യം വലിയ വിജയം നേടാന്‍ സാധ്യതയെന്ന് ഉത്തേരേന്ത്യന്‍ മാധ്യമസര്‍വ്വേ. 39-ല്‍ 32 മുതല്‍ 37 വരെ സീറ്റുകള്‍ കിട്ടുമെന്നാണ് വോട്ടര്‍മാരെ നേരില്‍ക്കണ്ട് നടത്തിയ അഭിപ്രായ സര്‍വ്വേയില്‍ വ്യക്തമാകുന്നത്. 2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിലും ഡിഎംകെ-കോൺഗ്രസ് സഖ്യം ആയാണ് മത്സരിച്ചത്.
എഐഎഡിഎംകെ നിലനിൽപ്പിനായി പോരാടുകയാണ്. ഡിഎംഡികെയുമായുള്ള ഈ സഖ്യത്തിന് 3 സീറ്റുകൾ പരമാവധി കിട്ടാൻ സാധ്യത പ്രവചിക്കുന്നു . എഐഎഡിഎംകെ നേതാവ് എടപ്പാടി പളനിസ്വാമി തമിഴ്‌നാട്ടിൽ ഏറ്റവും വലിയ സഖ്യം രൂപീകരിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. പക്ഷെഒന്നും സംഭവിച്ചില്ല. ഈ സഖ്യത്തിൽ ഇപ്പോൾ മൂന്ന് പാർട്ടികൾ മാത്രമാണുള്ളത്. 2014ൽ എഐഎഡിഎംകെ 39 സീറ്റുകളിലും വിജയിച്ചെങ്കിലും അന്ന് ജയലളിത ജീവിച്ചിരിപ്പുണ്ടായിരുന്ന കാലമാണ്. ജയലളിത അന്ന് ദേശീയ തലത്തിൽ തന്നെ ശ്രദ്ധിക്കപ്പെട്ട നേതാവായിരുന്നു. അവരുമായി താരതമ്യപ്പെടുത്തുമ്പോൾ പളനിസ്വാമിയെല്ലാം തീരെ അപ്രസക്തനാണ്. ജയലളിതയെപ്പോലെ ജനക്കൂട്ടത്തെ ആകർഷിക്കുന്നതിൽ അദ്ദേഹം പരാജയപ്പെട്ടു. ഈ കൂട്ടുകെട്ടിലെ മറ്റ് പാർട്ടികൾ തീരെ ചെറുതാണ്. അവർക്ക് എത്രമാത്രം പിന്തുണ ലഭിക്കുമെന്ന് പ്രവചനാതീതമാണ്.
തമിഴ്‌നാട്ടില്‍ ബിജെപിക്ക് മോദിയല്ല മുഖ്യം…അണ്ണാമലൈ
ബി.ജെ.പി തമിഴ്‌നാട്ടിൽ അതിൻ്റെ എല്ലാ ശക്തിയും പ്രയോഗിച്ചു പ്രവർത്തിക്കുന്നത് തിരഞ്ഞെടുപ്പിൽ പ്രതിഫലിക്കും. യുവാക്കൾക്കിടയിൽ പ്രിയങ്കരനാണ് പുതിയ പാർട്ടി അധ്യക്ഷൻ അണ്ണാമലൈ. ബിജെപിയുടെ വോട്ട് ശതമാനം 3ൽ നിന്ന് 15 ആയി ഉയരാനാണ് സാധ്യത. രണ്ടു സീറ്റുകൾ വരെ അവർ നേടാനും സാധ്യത. ‘ബിജെപി വോട്ട് ശതമാനം കൂട്ടുന്നതിൽ മാത്രമാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ഇരട്ട അക്ക വോട്ട് വിഹിതമാണ് അദ്ദേഹത്തിൻ്റെ സിംഗിൾ പോയിൻ്റ് അജണ്ട. കന്യാകുമാരിയിലും കൊങ്ങുനാട് മേഖലയിലും ഒന്നോ രണ്ടോ സീറ്റുകളിൽ ബി.ജെ.പി കടുത്ത പോരാട്ടം നടത്താം. ബിജെപിയുടെ വോട്ട് വിഹിതം 10 മുതൽ 12 ശതമാനം വരെ ഉയരുമെന്നും അഭിപ്രായ സർവേകൾ വ്യക്തമാക്കുന്നു. എന്നാൽ ഇതിന് പിന്നിൽ മോദി മാജിക്കില്ല, പകരം സംസ്ഥാന അധ്യക്ഷൻ അണ്ണാമലൈയുടെ ആക്രമണ രാഷ്ട്രീയമാണ് വോട്ട് കൂടാൻ സഹായിക്കുക എന്നാണ് അനുമാനം.
എഐഎഡിഎംകെയും ബിജെപിയും സഖ്യമായി തെരഞ്ഞെടുപ്പിനെ നേരിട്ടിരുന്നെങ്കിൽ 12-15 സീറ്റുകൾ അവർക്ക് നേടാമായിരുന്നു എന്നും സാധ്യതാ സർവേഫലം വെളിപ്പെടുത്തുന്നു.
2014ലും ബിജെപി മൂന്നാം മുന്നണി രൂപീകരിച്ചിരുന്നുവെങ്കിലും നേതൃത്വം 14 സീറ്റിൽ മത്സരിച്ച വിജയകാന്തിൻ്റെ ഡിഎംഡികെക്കായിരുന്നു. ബിജെപി-പിഎംകെ 8 സീറ്റുകളിൽ വീതം സ്ഥാനാർത്ഥികളെ നിർത്തി. വിജയകാന്തിന്റെ മരണത്തോടെ ആ പാര്‍ടി ദുര്‍ബലമായി. ഇപ്പോള്‍ വിജയകാന്തിന്റെ ഭാര്യയാണ് പാര്‍ടി മേധാവി. എന്നാല്‍ കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ അര ശതമാനം വോട്ടുകള്‍ മാത്രമാണ് ഡി.എം.ഡി.കെ. നേടിയത്.
ബിജെപിക്ക് പുറമെ ഈ സഖ്യത്തിലെ ഏറ്റവും വലിയ കക്ഷി പിഎംകെയാണ്. അതിൻ്റെ നേതാവ് മുൻ കേന്ദ്രമന്ത്രി രാംദാസാണ്. ഇത് പിന്നാക്ക ജാതിക്കാരുടെ മാത്രം പ്രാതിനിത്യമുള്ള പാർട്ടിയാണ്. 10 സീറ്റുകളാണ് ബിജെപി പിഎംകെക്ക് നൽകിയത്. അവരുടെ വോട്ട് വിഹിതം 5 ശതമാനം ആണ് .
എന്നാൽ, ഈ കൂട്ടുകെട്ടിൻ്റെ ഗുണം ബിജെപിക്ക് ലഭിക്കുമെന്ന് തോന്നുന്നില്ല എന്ന് സർവ്വേ പറയുന്നു.. വടക്കൻ തമിഴ്‌നാട്ടിലും കാവേരി ഡെൽറ്റ മേഖലയിലും സ്വാധീനമുള്ള പാർട്ടിയാണ് പിഎംകെ. ബിജെപിയുടെ സ്വാധീനം ഇവിടെ കുറവാണ്. പടിഞ്ഞാറൻ തമിഴ്‌നാട്ടിൽ ബിജെപി ശക്തമാണ്, എന്നാൽ പിഎംകെയ്ക്ക് അവിടെ സ്വാധീനമില്ല.
ബിജെപി സഖ്യത്തിലെ മറ്റൊരു പാർട്ടി അമ്മ മക്കൾ മുന്നേറ്റ കഴകം, അതായത് എഎംഎംകെ ആണ്. ജയലളിതയുമായി അടുപ്പമുണ്ടായിരുന്ന ശശികലയുടെ അനന്തരവൻ ടിടിവി ദിനകരൻ്റെ പാർട്ടിയാണിത്. അവർ 2 സീറ്റിൽ മത്സരിക്കുന്നു . തമിഴ്‌നാടിന്റെ തെക്കൻ മേഖലയിലാണ് ഈ പാർട്ടിയുടെ സ്വാധീനം. ദേവർ സമുദായത്തിൽ ദിനകരന് വളരെ സ്വാധീനമുണ്ട്. ഇതാണ് അവരുടെ തുറുപ്പു ചീട്ട്.
മറ്റൊരു പാർട്ടി ഈ സഖ്യത്തിൻ്റെ ഭാഗമാണ്, തമിഴ് മണില കോൺഗ്രസ്. മുൻ കേന്ദ്രമന്ത്രി ജി.കെ.വാസനാണ് ഈ പാർട്ടിയുടെ നേതാവ്. ഇതിന് പുറമെ നിരവധി ചെറുപാർട്ടികളും സഖ്യത്തിൻ്റെ ഭാഗമാണ്.
സീമാന്റെ പാര്‍ടി “കറുത്ത കുതിര”യാകുമോ…
സംവിധായകൻ സീമാൻ നേതൃത്വം നൽകുന്ന നാം തമിഴർ കച്ചി പാർട്ടി തമിഴകത്ത് പതുക്കെ വളരുകയാണ്. മാധ്യമങ്ങളിൽ പക്ഷെ ഈ പാർട്ടിക്ക് മികച്ച കവറേജ് ലഭിക്കുന്നില്ല. 2016 ലെ ആദ്യ നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിച്ച പാർട്ടിക്ക് ഒരു ശതമാനം വോട്ടുകൾ ലഭിച്ചു. 2019 ലോക്‌സഭാ തിരഞ്ഞെടുപ്പിൽ, വോട്ട് വിഹിതം 3 ശതമാനം ആയി ഉയർന്നു. ഇത് ചലച്ചിത്ര താരം കമൽഹാസൻ്റെ പാർട്ടിയായ എംഎൻഎമ്മിനേക്കാൾ കൂടുതലായിരുന്നു. 2021ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ ഈ വോട്ട് വിഹിതം 7ശതമാനം ആയി ഉയർന്നു. 20 വനിതകൾക്കാണ് പാർട്ടി ഇത്തവണ ടിക്കറ്റ് നൽകിയത്. ഈ പാർട്ടി പല സീറ്റുകളിലും വലിയ പാർട്ടികൾക്ക് ദോഷം ചെയ്യും എന്നാണ് വിലയിരുത്തൽ.