ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ അവസാനത്തെ കൂട്ടപ്പൊരിച്ചലില്‍ വീണ ഒരു തീപ്പൊരി നരേന്ദ്രമോദിയെ കൂടുതല്‍ വിമര്‍ശിക്കുന്നത് ആര് എന്ന ചോദ്യമായിരുന്നു. മുഖ്യമന്ത്രി പിണറായി വിജയനും നരേന്ദ്രമോദിയുമായി അദൃശ്യമായൊരു അന്തര്‍ധാര ഉണ്ടെന്നും മോദിയെ വിമര്‍ശിക്കാത്തതിനാലാണ് പിണറായിയെ കേന്ദ്ര ഏജന്‍സികള്‍ കുരുക്കാത്തതും എന്ന് കോണ്‍ഗ്രസ് ഏറെക്കാലമായി ഉന്നയിച്ചു വരുന്ന ആരോപണമായിരുന്നു. എന്നാല്‍ ഇത് പിണറായി വിജയനോ സിപിഎമ്മോ അവഗണിച്ചിരിക്കയായിരുന്നു ഇതുവരെ. പക്ഷേ കേരളത്തില്‍ വന്ന് രാഹുല്‍ ഗാന്ധി കഴിഞ്ഞയാഴ്ച കത്തിച്ചുവിട്ട പടക്കത്തിന്റെ പ്രതിധ്വനി ഇപ്പോള്‍ ഇടതുമുന്നണി വേദികളിലാണ് കൂടുതല്‍ മുഴങ്ങുന്നത്.
മോദിയുമായി അന്തര്‍ധാരയുണ്ടെന്നും കേന്ദ്രസര്‍ക്കാരിനെ നയിക്കുന്നവരെ പേരെടുത്ത് പോലും വിളിക്കാതെ മൃദുവായി മാത്രം വേദികളില്‍ വിമര്‍ശിക്കുകയും സര്‍ക്കാര്‍ സംവിധാനത്തെ മാത്രം വിമര്‍ശിക്കുകയും ചെയ്യുന്ന പിണറായിയെ കുരിശില്‍ കയറ്റാന്‍ ഏറെ നാളായി യു.ഡി.എഫ്. ശ്രമിക്കാറുണ്ടായിരുന്നു. അതിന് വിലകല്‍പിക്കാതിരുന്ന ഇടതുമുന്നണിയും വിശേഷിച്ച് പിണറായി വിജയനും ഇപ്പോൾ സടകുടഞ്ഞെഴുന്നേറ്റ് തങ്ങളാണ് ആര്‍.എസ്.എസ്.-നെയും ബിജെപിയെയും വിമര്‍ശിക്കുന്നതില്‍ കോണ്‍ഗ്രസിനെക്കാളും മുന്നിലെന്ന് മുഖ്യ തിരഞ്ഞെടുപ്പു വിഷയം പോലെ അവകാശപ്പെടുന്ന കാഴ്ചയാണ് കാണുന്നത്.
അതേസമയം കോണ്‍ഗ്രസിന്റെ മൃദുഹിന്ദുത്വത്തെക്കുറിച്ചുള്ള നേരത്തെ തുടരുന്ന കടുത്ത വിമര്‍ശനം പല ഇരട്ടിയാക്കി വര്‍ധിപ്പിച്ചിരിക്കയും ചെയ്തിരിക്കയാണ്. തിരഞ്ഞെടുപ്പിലെ അവസാനവട്ട പ്രചാരണവേദികളില്‍ ഇതാണ് പ്രധാന ഹൈലൈറ്റ് പ്രസംഗ വിഷയം.
തിരഞ്ഞെടുപ്പു പ്രഖ്യാപിക്കുന്നതിനു മുമ്പേ തന്നെ സിപിഎം വിമര്‍ശനത്തിന്റെ കേന്ദ്രമായി നിര്‍ത്തിയിരുന്ന ഒരാള്‍ രാഹുല്‍ ഗാന്ധിയായിരുന്നു. രാഹുലിനെതിരെ കടുത്ത മൃദുഹിന്ദുത്വ ആരോപണം ഉന്നയിച്ചില്ലെങ്കിലും അതിലും കടുത്ത മറ്റൊരു വിമര്‍ശനം ഉന്നയിക്കപ്പെട്ടുകൊണ്ടിരുന്നു. രാഹുല്‍ പേടിക്കാരനും ഭീരുവുമാണെന്നും ബിജെപിയെ നേരിട്ടെതിര്‍ക്കാന്‍ ധൈര്യമില്ലാത്തവനാണെന്നും സിപിഎം നേതാക്കള്‍ തുടര്‍ച്ചയായി വിമര്‍ശിച്ചു. ഉത്തരേന്ത്യയില്‍ മല്‍സരിക്കാതെ എന്തിന് രാഹുല്‍ ഇവിടെ ഇന്ത്യാബ്ലോക്കിലെ കക്ഷിക്കെതിരെ മല്‍സരിക്കാന്‍ വയനാട്ടില്‍ വീണ്ടും വരുന്നു എന്ന ആക്ഷേപമാണ് സിപിഎമ്മും സിപിഐയും ഉയര്‍ത്തിയത്. എന്നാല്‍ ഇതിന് രാഹുല്‍ ഗാന്ധി ഒരിക്കലും മറുപടി പറഞ്ഞതേയില്ല. സിപിഎം അഖിലേന്ത്യാ നേതൃത്വവും രാഹുലിനോട് മൃദുസമീപനമാണ് സ്വീകരിച്ചത്.
സത്യത്തില്‍ രാഹുല്‍ വയനാട്ടില്‍ വീണ്ടും മല്‍സരിക്കുന്നത് സംസ്ഥാനത്തെ യു.ഡി.എഫിന് പഴയപോലെയല്ലെങ്കിലും വീണ്ടും ഗുണം ചെയ്യുമെന്ന തോന്നലാണ് ഇടതുമുന്നണി രാഹുലിനെ ലക്ഷ്യമിട്ടതിലെ ്‌യഥാര്‍ഥ കാര്യം എന്നത് പരസ്യമായ രഹസ്യമാണ്.
സംസ്ഥാന നേതാക്കള്‍ പ്രത്യേകിച്ച് പ്രതിപക്ഷ നേതാവ് വി.ഡി.സതീശനും പിസിസി പ്രസിഡണ്ട് കെ.സുധാകരനും പിണറായിയുടെ ആരോപിത അന്തര്‍ധാരയെ വിമര്‍ശിച്ചുകൊണ്ടിരുന്നപ്പോഴും രാഹുല്‍ അക്കാര്യത്തില്‍ ഒരക്ഷരം പോലും പറയാതെ മറ്റ് കാര്യങ്ങള്‍ സംസാരിച്ചു. രാഹുലിനെ ഭീരുവെന്ന് നിരന്തരം വിമര്‍ശിച്ചപ്പോഴും അദ്ദേഹം അതിനെ അതേ നാണയത്തില്‍ പ്രതികരിച്ച് ഇടതുമുന്നണിയുമായി കൊമ്പുകോര്‍ക്കലിന് താന്‍ തയ്യാറല്ലെന്ന സൂചനയാണ് നല്‍കിയത്.
എന്നാല്‍ ഇതെല്ലാം കഴിഞ്ഞയാഴ്ച അവസാനിച്ച പോലെയായി. മുഖ്യമന്ത്രി പിണറായി വിജയനെതിരെ രാഹുല്‍ ആഞ്ഞടിച്ചത് എല്ലാവരെയും സത്യത്തില്‍ അത്ഭുതപ്പെടുത്തിയിരിക്കാം. എന്തുകൊണ്ട് കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ പിണറായി വിജയനെ അറസ്റ്റ് ചെയ്യുന്നില്ല എന്ന ചോദ്യം രാഹുല്‍ ഉയര്‍ത്തി. ലക്ഷ്യം എന്തായിരുന്നാലും മാര്‍ഗം നാക്കുപ്പിഴ പോലെയായിപ്പോയ വിമര്‍ശനമായി ഇത്. മോദി വിമര്‍ശനത്തില്‍ പിണറായിയുടെ ആരോപിത ഇരട്ടത്താപ്പ് ഉയര്‍ത്തിക്കാട്ടുകയായിരുന്നിരിക്കണം രാഹുലിന്റെ ലക്ഷ്യം. എന്നാല്‍ പറഞ്ഞത് പാടെ പിഴച്ചുപോയി. ചക്കിനു വെച്ചത് കൊക്കിനു കൊണ്ടു എന്ന മാതിരിയായി പിന്നെ കാര്യങ്ങള്‍. പിണറായിയെ വിമര്‍ശിക്കുന്നത് സംസ്ഥാന നേതാക്കള്‍ക്ക് വിട്ടുകൊടുത്ത് വിശാലമായി കാര്യങ്ങള്‍ പറഞ്ഞിരുന്നെങ്കില്‍ ഇടതുമുന്നണിക്ക് വലിയൊരായുധം ലഭിക്കുമായിരുന്നില്ല. ഇത് വടി കൊടുത്ത് അടി വാങ്ങിയതു പോലായി.
എന്നാല്‍ അപകടം തിരിച്ചറിഞ്ഞ ഇടതുമുന്നണി നേതൃത്വം കൂടുതല്‍ ജാഗരൂകമാവുകയാണ് ചെയ്തത്.
കോണ്‍ഗ്രസിനെതിരായി ഇടതുമുന്നണി പ്രയോഗിച്ചിരുന്ന ആരോപണമായ മൃദുഹിന്ദുത്വം ഇടതുമുന്നണിക്കെതിരെ മൃദുമോദിത്വമായി തിരിച്ചുവിട്ടത് രാഹുല്‍ ഗാന്ധിയുടെ പ്രസംഗമാണെന്ന് തിരിച്ചറിഞ്ഞ സിപിഎം പ്രതിരോധവും പ്രത്യാക്രമണവും ഏറ്റെടുത്തു. പക്ഷേ അതും അങ്ങേയറ്റം വ്യക്തിത്വഹത്യയുടെ തലത്തിലേക്ക് പോയി. ബിജെപിയും നരേന്ദ്രമോദിയും ഏറെക്കാലമായി രാഹുല്‍ ഗാന്ധിയെ താഴ്ത്തിക്കെട്ടാന്‍ പ്രയോഗിച്ചുകൊണ്ടിരുന്ന, എന്നാല്‍ അടുത്ത കുറേ വര്‍ഷങ്ങളായി അവര്‍ സ്വയം അവസാനിപ്പിച്ച പദപ്രയോഗം സൂചിപ്പിച്ച് പിണറായി വിജയന്‍ നടത്തിയ വാര്‍ത്താസമ്മേളനം വിവാദമായി.
പപ്പു എന്നും അമുല്‍ബേബി എന്നും സംഘപരിവാര്‍ രാഹുലിനെ വിശേഷിപ്പിച്ച് തരംതാഴ്ത്തിക്കട്ടിയിരുന്നത് ഒരു തന്ത്രമായിരുന്നു- രാഹുല്‍ രാഷ്ട്രീയത്തിന് കൊള്ളാത്തവനാണെന്ന ബോധം ഇന്ത്യന്‍ ജനതയില്‍ ഉണ്ടാക്കിയെടുക്കുക എന്നതായിരുന്നു അതിന്റെ ലക്ഷ്യം. അതില്‍ ആദ്യ ഘട്ടത്തില്‍ അവര്‍ വിജയിച്ചുവെങ്കിലും പിന്നീട് അത് പരാജയപ്പെട്ടതോടെ അത്തരം തരംതാഴത്തിക്കെട്ടലുകള്‍ അവര്‍ അവസാനിപ്പിക്കുകയും ചെയ്തു. പെട്ടെന്ന് ഇതേ സ്വരച്ഛായയില്‍ പിണറായി വിജയന്‍ സംസാരിച്ചത് വീണ്ടും യു.ഡി.എഫിന് തങ്ങളുടെ നേരത്തെയുള്ള ആരോപണം കടുപ്പിക്കുന്നതിനാണ് ഇട നല്‍കിയത്. രാഹുലിനെതിരെ രാഷ്ട്രീയമായ വിഷയങ്ങള്‍ ഉയര്‍ത്തിയുള്ള പ്രത്യാക്രമണമാണ് എല്ലാവരും പ്രതീക്ഷിക്കുക. രാഹുല്‍ വിമര്‍ശനത്തില്‍ പിണറായിക്ക് മോദിയുടെ അതേ സ്വരമെന്ന് കോണ്‍ഗ്രസ് ആഞ്ഞു വിമര്‍ശിക്കാന്‍ മരുന്ന് നല്‍കാനും പിണറായിക്ക് സാധിച്ചുവെന്നു പറയാം.
ഇപ്പോള്‍ ഇടതു-വലതു വേദികളില്‍ വിജയ-രാഹുല്‍ കടന്നാക്രമണ യുദ്ധമാണ് അരങ്ങേറുന്നത്. വികസന വിഷയങ്ങള്‍ക്കു മുമ്പേ ഇരുപക്ഷവും ഉന്നയിക്കുന്നത് സംഘപരിവാറിനെതിരെ വിമര്‍ശനത്തില്‍ ആരു മുമ്പില്‍ എന്ന വിഷയമാണ്. ഞങ്ങള്‍ മുന്നില്‍ ഞങ്ങള്‍ മുന്നില്‍ എന്ന് ഇരു പക്ഷവും അവകാശപ്പെടുന്നു. ബിജെപി വിരുദ്ധതയില്‍ മുന്നിലാര് എന്ന് തെളിയിക്കാനുള്ള വാക്ശരങ്ങള്‍ ആണ് ഇരു പക്ഷവും ഉയര്‍ത്തുന്നത്. അതിനിടയില്‍ വ്യക്തിത്വഹത്യയും സംഭവിക്കുന്നുണ്ടെന്ന കാര്യം ഇരു മുന്നണികളും മറന്നു പോകുന്നു.
്അതേസമയം താന്‍ പോലും വിമര്‍ശിക്കാത്ത വാക്കുകള്‍ ഉപയോഗിച്ചാണ് പിണറായി വിജയന്‍ രാഹുലിനെ വിമര്‍ശിച്ചിരിക്കുന്നതെന്ന് ചൂണ്ടിക്കാട്ടി നരേന്ദ്രമോദി ഇന്ത്യമുന്നണിക്കക്ഷികള്‍ തമ്മിലുള്ള പോരാട്ടം ദേശീയ തലത്തില്‍ തന്നെ ചര്‍ച്ചയാക്കാന്‍ ശ്രമിക്കുന്നതും ശ്രദ്ധേയം.