നടിയെ ആക്രമിച്ച കേസിലെ അന്വേഷണ റിപ്പോർട്ട് അതിജീവിതയ്ക്ക് നൽകരുതെന്ന് ആവശ്യപ്പെട്ട് ദിലീപ് നൽകിയ അപ്പീൽ ഹെെക്കോടതി തള്ളി. ഹെെക്കോടതി ഡിവിഷൻ ബെഞ്ചാണ് അപ്പീൽ തള്ളിയത്. ജില്ലാ ജഡ്ജി തയ്യാറാക്കിയ വസ്തുതാന്വേഷണ റിപ്പോർട്ടിലെ സാക്ഷി മൊഴി പകർപ്പ് അതിജീവിതയ്ക്ക് നൽകാനുള്ള സിംഗിൾ ബെഞ്ച് ഉത്തരവ് ചോദ്യം ചെയ്തായിരുന്നു ദിലീപ് ഇന്നലെ അപ്പീൽ നൽകിയത്.
ജസ്റ്റിസുമാരായ എം നഗരേഷ്, പി എം മനോജ് എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ചാണ് അപ്പീൽ പരിഗണിച്ചത്. തീർപ്പാക്കിയ ഹർജിയിൽ പുതിയ ആവശ്യങ്ങൾ പരിഗണിക്കുന്നത് സുപ്രീംകോടതി വിധിയുടെ ലംഘനമാണെന്നാണ് ദിലീപ് കോടതിയിൽ വാദിച്ചത്.
കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ കേരളത്തിനോ കർണാടകത്തിനോ വേണ്ടി എന്ത് സംഭാവനയാണ് നൽകിയതെന്ന് ഡി.കെ ശിവകുമാർ
ബിജെപി സ്ഥാനാർത്ഥിയായി മൽസരിക്കുന്ന കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ കേരളത്തിനോ കർണാടകത്തിനോ വേണ്ടി എന്ത് സംഭാവനയാണ് നൽകിയതെന്ന് കർണാടക ഉപ മുഖ്യമന്ത്രി ഡി.കെ ശിവകുമാർ ചോദിച്ചു. തിരുവനന്തപുരത്ത് ശശി തരൂരിനു വേണ്ട് തിരഞ്ഞെടുപ്പു പ്രചാരണത്തിനെത്തിയ ശിവകുമാര്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു.
മന്ത്രിയെന്ന നിലയിൽ എത്രമാത്രം തൊഴിലവസരങ്ങൾ സൃഷ്ടിക്കാമായിരുന്നു. കേരളത്തിലെ ഐ.ടി മേഖലയിൽ അദ്ദേഹത്തിന് എന്തൊക്കെ ചെയ്യാനാകുമായിരുന്നു. കേരളത്തിന്റെ ഏതെങ്കിലും പദ്ധതിക്ക് വേണ്ടി ഒരു കല്ലുപോലും ഇടാൻ രാജീവ് ചന്ദ്രശേഖറിന് കഴിഞ്ഞില്ല. അങ്ങനെയുണ്ടെങ്കിൽ അത് വ്യക്തമാക്കാൻ അദ്ദേഹത്തെ സ്വാഗതം ചെയ്യുന്നു. അദ്ദേഹത്തിന്റെ ബിസിനസുകളെക്കുറിച്ചോ വ്യക്തി ജീവിതത്തെക്കുറിച്ചോ താൻ ഒന്നും പറയുന്നില്ല. പക്ഷെ, എത്തിക്സും മൊറാലിറ്റിയും പലതലങ്ങളിലും ചോദ്യം ചെയ്യപ്പെടുന്നുണ്ടെന്നും ശിവകുമാർ ചൂണ്ടിക്കാട്ടി.
കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിൽ തീപിടിത്തം
കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിൽ തീപിടിത്തം. പാർലമെന്റ് മന്ദിരത്തിന്റെ നോർത്ത് ബ്ലോക്കിന്റെ രണ്ടാം നിലയിലാണ് തിപിടിത്തമുണ്ടായതെന്ന് അഗ്നിശമനാ സേനയിലെ ഉദ്യേഗസ്ഥർ അറിയിച്ചു. ഇന്ന് രാവിലെ ഒമ്പതരയോടെയായിരുന്നു സംഭവം. ഏഴ് ഫയർ ടെൻഡറുകൾ എത്തിച്ചാണ് തീ അണച്ചതെന്നും ഉദ്യോഗസ്ഥർ അറിയിച്ചു.
ഹേമമാലിനിക്കെതിരായ പരാമർശം: കോൺഗ്രസ് എംപി രൺദീപ് സുർജേവാലയെ 48 മണിക്കൂർ പ്രചാരണത്തിൽ നിന്ന് വിലക്കി
ഭാരതീയ ജനതാ പാർട്ടി എംപി ഹേമമാലിനിക്കെതിരായ പരാമർശത്തിൻ്റെ പേരിൽ കോൺഗ്രസ് എംപി രൺദീപ് സിങ് സുർജേവാലയെ 48 മണിക്കൂർ പ്രചാരണത്തിൽ നിന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ ചൊവ്വാഴ്ച വിലക്കി.
ഛത്തീസ്ഗഡിലെ കാങ്കറിൽ നക്സൽ വിരുദ്ധ ഓപ്പറേഷനിൽ 18 മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടു
ഛത്തീസ്ഗഡിലെ കാങ്കർ ജില്ലയിൽ സുരക്ഷാ ഉദ്യോഗസ്ഥരുമായുള്ള ഏറ്റുമുട്ടലിൽ 18 മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടതായി അതിർത്തി രക്ഷാ സേന ചൊവ്വാഴ്ച അറിയിച്ചു. ബിഎസ്എഫ് ജില്ലാ റിസർവ് ഗാർഡുമായി (ഡിആർജി) ചേർന്ന് കാങ്കറിലെ ഛോട്ടേബെട്ടിയ പോലീസ് സ്റ്റേഷൻ്റെ അധികാരപരിധിയിലുള്ള ബിനഗുണ്ട പ്രദേശത്ത് സംയുക്ത ഓപ്പറേഷൻ ആരംഭിച്ചിരുന്നു.
ഓപ്പറേഷൻ സമയത്ത്, ബിഎസ്എഫ് സംഘത്തിന് സിപിഐ മാവോയിസ്റ്റുകളുടെ ഭാഗത്തു നിന്നും കനത്ത വെടിവയ്പുണ്ടായി. അക്രമികൾക്കെതിരെ ബിഎസ്എഫ് സൈന്യം ഉടൻ തന്നെ തിരിച്ചടിച്ചു. ഇത് രൂക്ഷമായ വെടിവയ്പിൽ കലാശിച്ചു.
ഏറ്റുമുട്ടൽ സ്ഥലത്ത് നിന്ന് 18 മാവോയിസ്റ്റുകളുടെ മൃതദേഹങ്ങൾ കണ്ടെടുത്തതായി ബിഎസ്എഫ് അറിയിച്ചു. ഏഴ് എകെ സീരീസ് റൈഫിളുകളും മൂന്ന് ലൈറ്റ് മെഷീൻ ഗണ്ണുകളും (എൽഎംജി) ഓപ്പറേഷൻ നടന്ന സ്ഥലത്ത് നിന്ന് പിടിച്ചെടുത്തു. വെടിവെപ്പിൽ രണ്ട് സുരക്ഷാ ഉദ്യോഗസ്ഥർക്ക് പരിക്കേറ്റിട്ടുണ്ടെന്ന് കാൻകെർ പോലീസ് സൂപ്രണ്ട് പറഞ്ഞു.