എൻഫോഴ്‌സ്‌മെൻ്റ് ഡയറക്ടറേറ്റിൻ്റെ കസ്റ്റഡിയിൽ കഴിയുന്ന ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന് ഡൽഹി ഹൈക്കോടതി ബുധനാഴ്ച ഇടക്കാല ജാമ്യം അനുവദിച്ചില്ല. കെജ്‌രിവാളിൻ്റെ ഹർജിയിൽ ഹൈക്കോടതി നോട്ടീസ് മാത്രം പുറപ്പെടുവിക്കുകയും വിഷയം കൂടുതൽ വാദം കേൾക്കുന്നതിനായി ഏപ്രിൽ 3-ന് മാറ്റുകയും ചെയ്തു..
കെജ്‌രിവാളിന് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ മനു അഭിഷേക് സിംഗ്വി ഇഡിയുടെ മറുപടി ആവശ്യമില്ലെന്ന് വാദിച്ചു. സിംഗ്വിയുടെ വാദം തള്ളിയ ഹൈക്കോടതി സ്വാഭാവിക നീതിയുടെ തത്വങ്ങൾ മനസ്സിൽ വെച്ചുകൊണ്ട് ഇരുപക്ഷത്തെയും ന്യായമായി കേൾക്കാൻ ബാധ്യതയുണ്ടെന്നും അതിനാൽ ഇഡിയുടെ മറുപടി ഈ കേസ് തീർപ്പാക്കാൻ അത്യന്താപേക്ഷിതവും നിർണായകവുമാണെന്നും പറഞ്ഞു.

അരവിന്ദ് കെജ്‌രിവാളിൻ്റെ ഹർജിയിൽ ജസ്‌റ്റിസ് സ്വർണ കാന്ത ശർമ ഇഡിക്ക് നോട്ടീസ് അയച്ചു. ഏപ്രിൽ രണ്ടിനകം മറുപടി നൽകാൻ ഏജൻസിയോട് ആവശ്യപ്പെട്ടു. ” ഈ ഹരജിയിൽ ഉന്നയിക്കപ്പെട്ട പ്രശ്നങ്ങളുടെ സ്വഭാവം കണക്കിലെടുക്കുമ്പോൾ, ഫലപ്രദമായ പ്രാതിനിധ്യത്തിനുള്ള അവസരമെന്ന നിലയിൽ പ്രതിഭാഗത്തിന് മറുപടി ഫയൽ ചെയ്യാൻ അവസരം നൽകേണ്ടതുണ്ടെന്നും ഈ അവസരം നിരസിക്കുന്നത് നീതി നിരസിക്കുന്നതിന് തുല്യമാണെന്നും ഈ കോടതി അഭിപ്രായപ്പെടുന്നു. ന്യായമായ വാദം കേൾക്കൽ രണ്ട് കക്ഷികൾക്കും ബാധകമാണ് ”– കോടതി പറഞ്ഞു.