ലൈംഗികച്ചുവയുള്ള മോർഫ് ചെയ്ത ചിത്രങ്ങൾ സമൂഹ മാധ്യമത്തിൽ അപ്‌ലോഡ് ചെയ്ത് തന്നെ അപകീർത്തിപ്പെടുത്താനുള്ള ഉദ്ദേശത്തോടെ പ്രചരിപ്പിക്കുന്നുവെന്ന് കാണിച്ച് യു.ഡി,.എഫിനെതിരെ വടകരയിലെ സിപിഎം സ്ഥാനാർത്ഥി കെ.കെ.ശൈലജ തിരഞ്ഞെടുപ്പ് കമ്മിഷനും മുഖ്യമന്ത്രിക്കും കോഴിക്കോട് സിറ്റി പൊലീസ് കമ്മിഷണർക്കും പരാതി നൽകി. തന്റെയും മുഖ്യമന്ത്രി പിണറായി വിജയന്റെയും മോർഫ് ചെയ്ത ചിത്രങ്ങൾ ഉൾപ്പെടുത്തി വ്യാജ പ്രചാരണത്തിന് ഉപയോഗിക്കുന്നുവെന്ന് പരാതിയിൽ പറയുന്നു .
സ്ത്രീയെന്ന പരിഗണന പോലുമില്ലാതെയാണ് അധിക്ഷേപമെന്നും യു.ഡി.എഫ് സ്ഥാനാർത്ഥിയുടെ അറിവും സമ്മതത്തോടെയുമാണ് പ്രചാരണം നടക്കുന്നതെന്നും ശൈലജയുടെ പരാതിയിലുണ്ട്.
വോട്ട് അഭ്യർത്ഥിച്ചു കൊണ്ടുള്ള സ്ഥാനാർത്ഥിയുടെ മെസേജുകൾക്ക് അശ്ലീലഭാഷയിൽ കമന്റിട്ട ആൾക്കെതിരെയും ചിത്രങ്ങൾ മോർഫ് ചെയ്ത് സോഷ്യൽ മീഡിയ ഗ്രൂപ്പിൽ പ്രചരിപ്പിച്ച ആൾക്കെതിരെയും നടപടി വേണമെന്ന് പരാതിയിൽ ആവശ്യപ്പെട്ടു.