ലോക്സഭാ തിരഞ്ഞെടുപ്പിനുള്ള 45 സ്ഥാനാർത്ഥികളുടെ നാലാമത്തെ പട്ടിക കോൺഗ്രസ് ശനിയാഴ്ച പുറത്തിറക്കി . പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ വാരണാസിയിൽ മത്സരിക്കുന്നത് അജയ് റായ് ആണ്. മധ്യപ്രദേശ് മുൻ മുഖ്യമന്ത്രി ദിഗ്‌വിജയ് സിങ്ങിനെ രാജ്‌ഗഡിലും മത്സരിക്കുന്നു. നേരത്തെ തൃണമൂൽ എംപി ആയിരുന്ന ഡാനിഷ് അലിക്ക് അംറോഹയിൽ ടിക്കറ്റ് നൽകി. ഇമ്രാൻ മസൂദും അലോക് മിശ്രയും യഥാക്രമം സഹരൻപൂരിലും കാൺപൂരിലും മത്സരിക്കും.
മോദിക്കെതിരെ മല്‍സരിക്കുന്ന അജയ് റായ് ആരെന്ന കൗതുകച്ചോദ്യം രാഷ്ട്രീയ വൃത്തങ്ങളില്‍ ഉയരുന്നുണ്ട്. ശക്തമായ ബിജെപി പശ്ചാത്തലമുളള വ്യക്തിയാണ് ഇപ്പോള്‍ കോണ്‍ഗ്രസിന്റെ യു.പി. അധ്യക്ഷന്‍ കൂടിയായ റായ്. എ.ബി.വി.പിയിലൂടെ സംഘടനാ പ്രവർത്തനം ആരംഭിച്ച അജയ് റായ് 1996 നും 2007 നും ഇടയിൽ യുപി നിയമസഭാ തിരഞ്ഞെടുപ്പിൽ തുടർച്ചയായി മൂന്ന് തവണ ബി.ജെ.പി ടിക്കറ്റിൽ വിജയിച്ചു.
ലോക്‌സഭാ ടിക്കറ്റ് നിഷേധിച്ചതിനെ തുടർന്ന് ബിജെപി ക്യാമ്പ് വിട്ട് സമാജ്‌വാദി പാർട്ടിയിൽ ചേർന്നു. അഞ്ച് തവണ എംഎൽഎയായ റായ് 2012ൽ കോൺഗ്രസിൽ ചേരുകയും യുപി നിയമസഭാ തിരഞ്ഞെടുപ്പിൽ പിന്ദ്ര മണ്ഡലത്തിൽ നിന്ന് വിജയിക്കുകയും ചെയ്തു. 2017ൽ സംസ്ഥാന തിരഞ്ഞെടുപ്പിൽ പിന്ദ്രയിൽ പക്ഷെ പരാജയപ്പെട്ടു. 2014, 2019 ലോക്‌സഭാ തെരഞ്ഞെടുപ്പുകളിൽ വാരാണസി പാർലമെൻ്റ് മണ്ഡലത്തിൽ നിന്ന് പ്രധാനമന്ത്രി മോദിക്കെതിരെ മത്സരിച്ചതും അജയ് റായ് ആയിരുന്നു.
2023 ഓഗസ്റ്റിൽ ദളിത് നേതാവ് ബ്രിജ്‌ലാൽ ഖാബ്രിക്ക് പകരമായി ഉത്തർപ്രദേശ് കോൺഗ്രസ് കമ്മിറ്റിയുടെ പുതിയ പ്രസിഡൻ്റായി റായ് നിയമിതനായി.
ലോക്സഭാ തിരഞ്ഞെടുപ്പ്
543 പാർലമെൻ്റ് മണ്ഡലങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് ഏഴ് ഘട്ടങ്ങളിലായി നടക്കും. ഏപ്രിൽ 19 ന് ആരംഭിച്ച് ജൂൺ 1 ന് അവസാനിക്കും . വോട്ടെണ്ണൽ ജൂൺ 4 ന് നടക്കും. ഒന്നാം ഘട്ട വോട്ടെടുപ്പ് ഏപ്രിൽ 19 ന്, രണ്ടാം ഘട്ടം ഏപ്രിൽ 26, മൂന്നാം ഘട്ടം മെയ് 7, നാലാം ഘട്ടം മെയ് 13, അഞ്ചാം ഘട്ടം മെയ് 20, ആറാം ഘട്ടം മെയ് 25, അവസാനത്തേതും ഏഴാമത്തേയും ഘട്ടം ജൂൺ 1 നുമാണ്.