ഈ മാസം 28-ന് പുറത്തിറങ്ങാന്‍ പോകുന്ന ബ്ലെസ്സി- പൃഥ്വിരാജ് സിനിമ ആടുജീവിതത്തിൽ തന്റെ കഥാപാത്രത്തിന്റെ പുതിയ ദൃശ്യം ഇൻസ്റ്റാഗ്രാമിൽ ഇട്ട് നടൻ പൃഥ്വിരാജ്. നായക കഥാപാത്രമായ നജീബിനെ അവതരിപ്പിക്കുന്ന പൃഥ്വിരാജ് സിനിമയിലെ തന്റെ കഥാപാത്രത്തിൻ്റെ നിർണായക ഘട്ടത്തിലെ ജീവിതം പ്രതിഫലിപ്പിക്കുന്ന ചിത്രം ആണ് പുറത്തു വിട്ടിരിക്കുന്നത്.
നജീബിനെ സാക്ഷാത്കരിക്കാന്‍ പൃഥ്വിരാജ് എത്രയേറെ കഷ്ടപ്പെട്ടിട്ടുണ്ടെന്നും തയ്യാറെടുപ്പുകള്‍ നടത്തിയിട്ടുണ്ടെന്നും വ്യക്തമാക്കുന്ന ദൃശ്യം ആണിത്. മരുഭൂമിയിലെ അജ്ഞാത കേന്ദ്രത്തില്‍ ആട്ടിടയനായി തളയ്ക്കപ്പെട്ട് നരകതുല്യമായ ജീവിതം നയിക്കുന്ന നജീബിനെ അവതരിപ്പിക്കാന്‍ തന്റെ ശരീരം പോലും അസാധ്യമാം വിധം ശോഷിപ്പിച്ചാണ് പൃഥ്വീരാജ് ഈ രംഗങ്ങളില്‍ അഭിനയിച്ചതെന്നതിന് സാക്ഷ്യമാണ് ഈ ചിത്രം.
വര്‍ഷങ്ങളുടെ കാത്തിരിപ്പിനും അധ്വാനത്തിനും ശേഷമാണ് പ്രശസ്ത എഴുത്തുകാരന്‍ ബന്യാമിന്റെ നോവലിന്റെ ചലച്ചിത്രാവിഷ്‌കാരമായ ആടുജീവിതം തിയേറ്ററിലെത്തുന്നത്. സൗദി അറേബ്യൻ മരുഭൂമിയിൽ കന്നുകാലികളെ മേയ്‌ക്കുന്നതിനിടെ കോഴിക്കോട് ജില്ലക്കാരനായ കുടിയേറ്റ തൊഴിലാളി നജീബ് അഹമ്മദിൻ്റെ യഥാർത്ഥ ജീവിതത്തിലെ നരകയാതനയാണ് ബെന്യാമിൻ നോവലിൽ ആവിഷ്കരിച്ചത്. നജീബിനെ വെള്ളിത്തിരയിൽ അവതരിപ്പിക്കുന്നത് പൃഥ്വി ആണ്.
മലയാളത്തിന് പുറമെ, ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും സിനിമ റിലീസ് ചെയ്യുന്നുണ്ട്. തന്റെ ജീവിതത്തിലെ ഏറ്റവും വലിയ പ്രൊജക്റ്റ് എന്നാണ് പൃഥ്വിരാജ് സുകുമാരന്‍ നജീബിന്റെ കഥാപാത്രത്തെ വിശേഷിപ്പിക്കുന്നത്. സുകുമാരൻ നജീബായി അഭിനയിച്ചതിന് പുറമേ, അമല പോളും ഹെയ്തിയൻ നടൻ ജിമ്മി ജീൻ ലൂയിസും ഈ സിനിമയിൽ അഭിനയിക്കുന്നുണ്ട്.