തിരഞ്ഞെടുപ്പുല്‍സവത്തിലെ സൈബര്‍ കോലാഹലമല്ലാത്ത ഒരു കാര്യമാണ്, പറഞ്ഞു വരുന്നത് ആടുജീവിതം എന്ന സിനിമയെക്കുറിച്ചാണ്.
ഒറ്റ വാക്കില്‍ പറഞ്ഞാല്‍ ആടുജീവിതം എന്ന സിനിമ നിരാശപ്പെടുത്തി. വെറും സാധാരണക്കാരന്റെ മനസ്സു വെച്ചു മാത്രം പറയാം, മനസ്സില്‍ ഒരിടി വെട്ടി ആഘാതമുണ്ടാക്കുന്ന, കടുത്ത വേദന നിറയ്ക്കുന്ന ഒറ്റ രംഗം പോലും ആ സിനിമ സമ്മാനിച്ചില്ല. ആകെ വേദന തന്നത് നായകന്റെ ദൈന്യതയുടെ മുഹൂര്‍ത്തത്തിലേയല്ല, പകരം രക്ഷപ്പെടാനുള്ള ശ്രമത്തിനിടയില്‍ ഹക്കിം എന്ന യുവാവ് നേരിട്ട ദുരന്തം പകര്‍ത്തിയ രംഗങ്ങളില്‍ മാത്രമാണ്.
സത്യത്തില്‍ ഈ സിനിമയില്‍ പൃഥ്വീരാജ് അവതരിപ്പിച്ച നജീബ് എന്ന മുഴുവന്‍ സമയ നായകനെക്കാളും അത്ര സ്വാഭാവികമായ അഭിനയത്തിലൂടെ മനസ്സില്‍ നോവ് നിറയ്ക്കുന്ന കഥാപാത്രമായി മാറിയത് ഹക്കീം ആണ്. ഗോകുല്‍ എന്ന യുവനടന്‍ ആണ് ഹക്കീമിനെ അവതരിപ്പിച്ചത്.പൃഥ്വീരാജിന് സ്വതസിദ്ധമായി കൂടെയുളള കൃത്രിമ അഭിനയം ഈ സിനിമയിലും അദ്ദേഹത്തെ വിടാതെ പിന്‍തുടര്‍ന്നിരിക്കുന്നു.
ഡയലോഗിലെ ഭാഷാഭേദ കണ്‍ടിന്യൂയിറ്റിയും(ഇതൊരു സിനിമാസാങ്കേതിക പ്രയോഗമായതിനാലാണ് ഇംഗ്ലീഷ് തന്നെ ഉപയോഗിച്ചത്) വോയ്‌സ് മോഡുലേഷനും പോലും കൃത്യമാക്കാന്‍ സാധിക്കാത്ത അവസ്ഥയിലാണ് നജീബിന്റെ സംഭാഷണങ്ങള്‍ വികലമായിത്തീര്‍ത്തിരിക്കുന്നത്. ഇതൊന്നും ശ്രദ്ധിക്കാന്‍ ഡബ്ബിങ് വേളയില്‍ പോലും ബ്ലെസിക്ക് സാധിച്ചില്ലേ…അത്ഭുതം തോന്നുന്നു.
കഥയിലെ നാടകീയത ഒട്ടും മനസ്സില്‍ത്തട്ടാതെ പോയതിന് ബ്ലെസിയെ നിസ്സഹായനാക്കുന്നൊരു കാരണം ചൂണ്ടിക്കാട്ടാന്‍ കഴിയും. ്അത് ആ നോവല്‍ തന്നെയാണ്. നോവല്‍ വായിച്ച് അതിലെ ഓരോ മുഹൂര്‍ത്തവും മനസ്സില്‍ കണ്ടുതീര്‍ത്ത വായനക്കാരന്‍ തന്നെ കാഴ്ചക്കാരനുമാകുമ്പോള്‍ സിനിമാന്ത്യം ഊഹിക്കാന്‍ കഴിയുന്നതും വിരസവുമായിത്തീരും. എന്നാല്‍ മരുഭൂമിയിലെ അചിന്ത്യമായ ദുരനുഭവങ്ങളുടെ ചിത്രീകരണത്തില്‍ സ്വതന്ത്രമായ ധാരാളം സാധ്യതകള്‍ സംവിധായകന് ഉണ്ടായിരുന്നു. ഒററപ്പെട്ട ഏകാന്തതടവും പീഢനവും ചിത്രീകരിച്ച പല ലോകസിനിമകളും കണ്ട് ഉള്ള് നീറുകയും അടുത്ത നിമിഷം എന്തു സംഭവിക്കുമെന്നറിയാതെ ആകുലപ്പെടുകയും ചെയ്ത അനുഭവം ഉള്ളതു കൊണ്ടു തന്നെ പറയാം, ആടുജീവിതത്തില്‍ അത്തരം അനുഭവിപ്പിക്കല്‍ ഏതുമേ കണ്ടില്ല. എന്തിന് ഒടുവിലുള്ള രക്ഷപ്പെടല്‍ മുഹൂര്‍ത്തത്തില്‍ പോലും നോവല്‍ വായിച്ചപ്പോള്‍ ലഭിച്ച ആവേഗം ഒട്ടുമേ പകര്‍ത്തി നല്‍കാന്‍ ബ്ലെസിക്ക് സാധിച്ചില്ല എന്നു തന്നെ ഞാന്‍ പറയും. പ്രവാസജീവിതത്തിന്റെ ദുരിതപര്‍വ്വങ്ങളും ഒടുവിലുള്ള രക്ഷപ്പെടലും ചിത്രീകരിച്ച കമലിന്റെ ഗദ്ദാമ എന്ന സിനിമ നല്‍കിയ ആഘാതമോ, ജിജ്ഞാസയോ പോലും ഉണര്‍ത്താന്‍ ആടുജീവിതത്തിന് സാധിച്ചില്ല എന്ന ഖേദത്തോടെ പറയേണ്ടി വരുന്നു.
ഈ സിനിമയുടെ ഏകാഗ്രത ഇടക്കിടെ നഷ്ടപ്പെടുത്തിക്കൊണ്ട് ഒരാവശ്യവുമില്ലാത്ത പ്രണയരംഗങ്ങളും സൈനുവും നജീബും തമ്മിലുള്ള പ്രണയഗാനരംഗ ചിത്രീകരണവും കൂട്ടിച്ചേര്‍ത്തു എന്നത് സത്യത്തില്‍ വെറും മൂന്നാംകിട കമേഴ്‌സ്യല്‍ ചേരുവയില്‍ നിന്നും പുറത്തുകടക്കാന്‍ സംവിധായകന്‍ ചിന്തിച്ചില്ല എന്നതിനു തെളിവാണ്. ഒറ്റ പാട്ടു പോലുമില്ലാതെ ചിത്രീകരിച്ച ഭരതന്റെ ‘താഴ് വാരം’ എന്ന സിനിമയുടെ ഹൃദയാവര്‍ജ്ജകമായ പിരിമുറുക്കവും നാടകീയതയും ബ്ലെസി തീര്‍ച്ചയായും ഒന്നു കൂടി പഠിക്കുന്നത് നല്ലതാണ്. എ.ആര്‍.റഹ്‌മാന്റെ ആ ഒറ്റ പാട്ടുശകലം മാത്രം നിലനിര്‍ത്തേണ്ട കാര്യമേ ആടുജീവിതത്തില്‍ ഉണ്ടായിരുന്നുള്ളൂ. സിനിമ കൈകാര്യം ചെയ്യുന്ന അതിനാടകീയമായ, ദുരന്താനുഭവത്തെ എത്രയോ ദുര്‍ബലമാക്കുന്ന കിന്നാരത്തുമ്പികള്‍ മാതൃകയിലുളള പ്രണയഗാനരംഗ ചിത്രീകരണമാണ് പൃഥ്വീരാജും അമല പോളും ചേര്‍ന്ന് ഓടിയും കിടന്നും കളിക്കുന്ന രംഗങ്ങളാക്കി ബ്ലെസി ചെയ്യിച്ചിരിക്കുന്നത് എന്നത് അദ്ദേഹത്തിലെ മികച്ച സംവിധായകത്വം എന്ന കഴിവിനെ റദ്ദാക്കുന്ന സമീപനമത്രേ. പ്രിയപ്പെട്ട ബ്ലെസ്സി…ഇപ്പോഴും ജീവിച്ചിരിക്കുന്ന ഒരു മനുഷ്യന്റെ യഥാര്‍ഥ ജീവിത കഥയല്ലേ നിങ്ങള്‍ ചിത്രീകരിച്ചത്…അത് ഒരു “ബയോപിക്” അല്ലേ. നജീബിന്റെ ഭാര്യയില്‍ നിങ്ങള്‍ അമല പോളിന്റെ ചുംബനവും പ്രണയകേളികളും കണ്ടെങ്കില്‍ അതെന്തൊരു തോന്ന്യാസമാണ്! നജീബും ഭാര്യയും ഇങ്ങനെ കിന്നാരത്തുമ്പി കളിച്ചു നടന്നവരാണെന്നാണോ നിങ്ങള്‍ പറയുന്നത്. എല്ലാത്തിനും വേണം ഒരു അതിര്.
എന്നാല്‍ രണ്ടു കാര്യത്തിലൂടെ മറ്റെല്ലാ നെഗറ്റീവുകളെയും തുടച്ചുമാറ്റാനാണ് സംവിധായകന്‍ ശ്രമിച്ചിട്ടുള്ളത്. അത് ഒന്ന്, മരുഭൂമിയുടെയും അവിടുത്തെ ആട്-ഒട്ടകപ്പന്തിയുടെയും മേച്ചില്‍ ജീവിതത്തിന്റെയും അതീവ കഷ്ടതരമായ ചിത്രീകരണത്തിലൂടെ. രണ്ട്, നായകനടനെ അസാധാരണമാം വിധം മെലിയിപ്പിക്കാന്‍ നിര്‍ദ്ദേശിച്ച് ഒരു നടന്റെ ഏറ്റവും ദുഷ്‌കരമായ ശരീര സാധ്യതകള്‍ ഉപയോഗപ്പെടുത്തിയതിലൂടെ. ഇത് രണ്ടും ഒരുപോലെ ദുഷ്‌കരമായിരുന്നു. മഹാമാരിക്കാലത്തെ ചിത്രീകരണം ഉള്‍പ്പെടെ തങ്ങള്‍ കടന്നുപോയ പ്രയാസകാലത്തെപ്പറ്റി ബ്ലെസി തന്നെ പറഞ്ഞിട്ടുണ്ട്. തീര്‍ച്ചയായും ഈ മേഖലയില്‍ പുരസ്‌കാരം അര്‍ഹിക്കുന്ന സിനിമിയാണിത്.
ശരിക്കും നെറുകയില്‍ സത്യമിട്ട് പറയാം, നായകന്റെ ദുരന്തം അല്‍പം പോലും മനസ്സിനകത്തേക്ക് നോവായി പടര്‍ത്താന്‍ ഈ സിനിമയ്ക്ക് സാധിക്കാതിരുന്നപ്പോള്‍ത്തന്നെ, അല്‍പനേരത്തേക്ക് മാത്രം ആദ്യവും അവസാനത്തിലും മാത്രം നമ്മളില്‍ നിറയുന്ന ഹക്കീം എന്ന ചെറുപ്പക്കാരന്റെ അതീവ സ്വാഭാവികമായ അഭിനയവും ഡയലോഗ് പ്രസന്റേഷനും ദുരന്തനിമിഷങ്ങളും എല്ലാം നായകനെക്കാളും എത്രയോ ഉയരത്തില്‍ ഈ കഥാപാത്രത്തെ നമ്മളുടെ മനസ്സില്‍ ബാക്കിയാക്കുന്നു, അയാളുടെ ദുരന്തം നമ്മളെ വേട്ടയാടുന്നു.
ബ്ലെസി എന്ന സംവിധായകന്റെ നല്ല കയ്യടക്കവും വൈകാരിക മുറുക്കവും ഒത്തൊരുമിച്ച സിനിമകള്‍- കാഴ്ച, തന്‍മാത്ര- കണ്ടതിന്റെ അനുഭവം വെച്ചു പറയാം, അതിനൊപ്പമൊന്നും ഒട്ടും അനുഭവജന്യമായ വളര്‍ച്ച ഈ സിനിമയ്ക്കില്ല, ചിത്രീകരണത്തിലെ റിസ്‌കിന്റെ മൂല്യത്തിനപ്പുറം.
ബന്യാമിന്റെ നോവല്‍ തന്നെ ചക്രവര്‍ത്തി. വര്‍ഷങ്ങള്‍ക്കു മുമ്പേ വായിച്ചപ്പോള്‍ മലയാളി അനുഭവിച്ച ഒരു വീര്‍പ്പുമുട്ടലുണ്ട്. അടുത്ത താളില്‍ എന്താണ് സംഭവിക്കുക എന്ന ആകാംക്ഷയാല്‍ ഞാനും പിടഞ്ഞുപോയിട്ടുണ്ട്, അത് വായിക്കുമ്പോള്‍. ആ നോവല്‍ സൃഷ്ടിച്ച ആഘാതം, അവസാനത്തെ രക്ഷപ്പെടലിലും അര്‍ബാബ് തിരിച്ചറിഞ്ഞിട്ടു പോലും നജീബ് രക്ഷപ്പെടുന്നതിലെ നാടകീയത സമ്മാനിച്ച ആകാംക്ഷ…അത് തുടരുന്നു. സിനിമയിലും ഇതെല്ലാം ഉണ്ട്…പക്ഷേ ഒന്നും മനസ്സില്‍ തട്ടിയതായി അനുഭവപ്പെട്ടില്ല. നോവല്‍ തന്നെ ഇപ്പോഴും വിജയിക്കുന്നു, സിനിമ അത് പകര്‍ത്താന്‍ പരാജയപ്പെടുന്നു, അതെ, നോവല്‍ മനോഹരമായി പകര്‍ത്താനെങ്കിലും….
സിനിമ കാണുംവരെ, നജീബിന്റെ ജീവിതം നോവലിലുള്ളത് കൂടുതല്‍ വൈകാരികസംഘര്‍ഷത്തോടെ സിനിമിയിലുണ്ടാവും എന്ന പ്രതീക്ഷയില്‍ ‘ആടുജീവിതം’ നമ്മെ ആകാംക്ഷയുടെ കൊടുമുടിയില്‍ നിര്‍ത്തുന്നു, കണ്ടു തീരുമ്പോള്‍ നിരാശയുടെ കൊടുംകുഴിയിലേക്ക് ഉന്തിയിടുന്നു.
സിനിമ തീര്‍ന്നപ്പോള്‍ എനിക്കൊപ്പം അത് കണ്ടെഴുന്നേറ്റ നൂറുകണക്കിനു പേരിലൊരാള്‍ പറഞ്ഞുകേട്ട ആത്മഗതം എന്റെ ചിന്തയെ ന്യായീകരിക്കാന്‍ ധാരാളമാണ്-‘ മൂന്നു മണിക്കൂര്‍ വെറുതെയായി!!’
ഈ സിനിമ “കോടികളുടെ ക്ലബ്ബു”കളില്‍ കയറിക്കഴിഞ്ഞതിനാല്‍ ഈ അവലോകനത്തിലെ വിപരീതപരാമര്‍ശങ്ങള്‍ സിനിമയുടെ വാണിജ്യവിജയത്തെ ഒരു തരത്തിലും ബാധിക്കില്ല. അതിനാല്‍ ബ്ലെസിയുടെ ഈ ചലച്ചിത്രത്തിന് നോവലിന്റെ അഭ്രരൂപം എന്ന നിലയിലുള്ള നിശിതമായ വിമര്‍ശനം അനിവാര്യമാണ്.