അധികാരത്തിൽ തിരിച്ചെത്തിയാൽ ബിജെപി വിപുലമായ കൂടിയാലോചനകൾക്ക് ശേഷം ഇലക്ടറൽ ബോണ്ടുകൾ വീണ്ടും അവതരിപ്പിക്കുമെന്ന് കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ വെള്ളിയാഴ്ച പറഞ്ഞു. പദ്ധതിയുടെ ചില വശങ്ങൾ മെച്ചപ്പെടുത്തേണ്ടതുണ്ടെന്നും കൂടിയാലോചനകൾക്ക് ശേഷം അവ തിരികെ കൊണ്ടുവരുമെന്നും നിർമല സീതാരാമൻ ഒരു ഇംഗ്ലീഷ് ദിനപത്രത്തിന് നല്‍കിയ പ്രതികരണത്തില്‍ പറഞ്ഞു. എന്നാൽ, സുപ്രീം കോടതിയുടെ വിധി പുനഃപരിശോധിക്കണമോ എന്ന് കേന്ദ്രം ഇതുവരെ തീരുമാനിച്ചിട്ടില്ല– അവർ പറഞ്ഞു.
നിർമ്മല സീതാരാമൻ്റെ പ്രസ്താവനയിൽ കോൺഗ്രസ് ശനിയാഴ്ച ബിജെപിക്കെതിരെ ആഞ്ഞടിച്ചു. 4 ലക്ഷം കോടി രൂപയുടെ പൊതുപണം കൊള്ളയടിച്ചതിന് ശേഷം കൊള്ള തുടരാൻ ബിജെപി ആഗ്രഹിക്കുന്നുവെന്നാണ് ധനമന്ത്രിയുടെ പ്രസ്താവന തെളിയിക്കുന്നതെന്ന് കോൺഗ്രസ് പറഞ്ഞു.
“ബിജെപി അധികാരത്തിൽ തിരിച്ചെത്തിയാൽ ഭരണഘടനാ വിരുദ്ധവും നിയമവിരുദ്ധവുമാണെന്ന് സുപ്രീം കോടതി പ്രഖ്യാപിച്ച ഇലക്ടറൽ ബോണ്ടുകൾ തിരികെ കൊണ്ടുവരുമെന്ന് ധനമന്ത്രി നിർമ്മല സീതാരാമൻ പ്രഖ്യാപിച്ചിട്ടുണ്ട്. അഴിമതിയിൽ ബിജെപി 4 ലക്ഷം കോടി രൂപയുടെ പൊതുപണം കൊള്ളയടിച്ചതായി ഞങ്ങൾക്കറിയാം. അവർ കൊള്ള തുടരാൻ ആഗ്രഹിക്കുന്നു.” — പാർട്ടി വക്താവ് ജയ്‌റാം രമേശ് എക്‌സിൽ എഴുതിയ കുറിപ്പിൽ പറഞ്ഞു.
ഫെബ്രുവരി 15 ന് സുപ്രീം കോടതിയുടെ അഞ്ചംഗ ഭരണഘടനാ ബെഞ്ച് രാഷ്ട്രീയ പാർട്ടികൾക്കുള്ള സംഭാവനകൾക്കായുള്ള ഇലക്ടറൽ ബോണ്ട് ‘ഭരണഘടനാ വിരുദ്ധം’ എന്ന് വിധിക്കുകയും റദ്ദാക്കുകയും ചെയ്തിരുന്നു.