Categories
kerala

പുനപരിശോധനാ ഹര്‍ജി നല്‍കിയതിനു പിന്നാലെ സര്‍ക്കാര്‍ നിലപാട് മാറ്റി, അനിതയ്ക്ക് കോഴിക്കോട് തന്നെ നിയമനം നല്‍കും

കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ സീനിയര്‍ നഴ്‌സിങ് ഓഫീസര്‍ പി.ബി.അനിതയ്ക്ക് കോഴിക്കോട്ട് തന്നെ നിയമനം നല്‍കുമെന്ന് സര്‍ക്കാര്‍. ശസ്ത്രക്രിയ നടത്തി ഐ.സി.യു.വില്‍ ര്‍ധബോധാവസ്ഥയില്‍ കിടക്കുകയായിരുന്ന യുവതിയെ ജീവനക്കാരന്‍ മാനഭംഗപ്പെടുത്തിയ കേസില്‍ അതിജീവിതയ്ക്ക് അനുകൂലമായി റിപ്പോര്‍ട്ട് നല്‍കിയ സംഭവത്തിലാണ് സീനിയര്‍ നഴ്‌സിങ് ഓഫീസറായ അനിതയെ സര്‍ക്കാര്‍ ഇടുക്കിയിലേക്ക് സ്ഥലം മാറ്റിയത്.

അനിതക്ക് നിയമനം നൽകാനുള്ള നടപടി ഉടൻ സ്വീകരിക്കുമെന്ന് ആരോഗ്യ വകുപ്പ് വൃത്തങ്ങൾ അറിയിച്ചു. ഉചിതമായ തീരുമാനം ഉടൻ ഉണ്ടാകും. കോടതി വിധി പരിശോധിക്കാൻ എടുത്ത സ്വാഭാവിക കാലതാമസം മാത്രമാണ് ഉണ്ടായതെന്നും അത് വിവാദമാക്കേണ്ട കാര്യമില്ലെന്നുമാണ് ആരോഗ്യ വകുപ്പ് വിശദീകരിക്കുന്നത്. കോഴിക്കോട് മെഡിക്കൽ കോളേജിൽ തന്നെ നിയമനം നൽകാനുള്ള ഉത്തരവ് അധികം വൈകാതെ ഇറങ്ങുമെന്നാണ് വിവരം.

thepoliticaleditor
അനിത

ചീഫ് നഴ്‌സിങ് ഓഫീസര്‍ക്ക് റിപ്പോര്‍ട്ട് നല്‍കുന്നതിനു പകരം പ്രതികളുടെ പേരുകള്‍ നേരിട്ട് അന്വേഷകസംഘത്തിനു മുന്നില്‍ വെളിപ്പെടുത്തിയതാണ് വകുപ്പധികൃതരെ പ്രകോപിപ്പിച്ചത് എന്നാണ് ആരോപണം.

അനിതയോടൊപ്പം സ്ഥലം മാറ്റിയ മറ്റു രണ്ടു പേര്‍ക്ക് തിരികെ കോഴിക്കോട്ട് നിയമനം നല്‍കിയിട്ടും അനിതയ്ക്ക് കോഴിക്കോട്ടേക്ക് മാറ്റം നല്‍കിയില്ല. ഇതിനെതിരെ ഹൈക്കോടതിയില്‍ നിന്നും അനുകൂല വിധി നേടിയ അനിത ഏപ്രില്‍ ഒന്നുമുതല്‍ നിയമനം കിട്ടുമെന്ന് പ്രതീക്ഷിച്ചെങ്കിലും സര്‍ക്കാര്‍ അതിന് അനുവദിച്ചില്ല. പകരം വിധിക്ക് പുനപരിശോധനാഹര്‍ജി നല്‍കുകയാണ് ചെയ്തത്.

എന്നാല്‍ അനിതയ്ക്ക് അനുകൂലമായി അതിജീവിത രംഗത്തു വന്നു. മാത്രമല്ല നീതിക്കായി നില കൊണ്ട അനിതയ്‌ക്കെതിരായ സര്‍ക്കാര്‍ നീക്കത്തിനെതിരെ വലിയ വിമര്‍ശനം ഉയര്‍ന്നത് തിരഞ്ഞെടുപ്പു പ്രചാരണത്തിനിടയില്‍ ഇടതുപക്ഷത്തിന് വലിയ സമ്മര്‍ദ്ദം ഉണ്ടാക്കുകയും ചെയ്തതോടെയാണ് ഇന്ന് സര്‍ക്കാര്‍ സ്വരം മാറ്റിയത്.
ഏപ്രില്‍ നാലിന് പുനപരിശോധനാ ഹര്‍ജി നല്‍കിക്കഴിഞ്ഞതിനാല്‍ ഹര്‍ജി പരിഗണിക്കുമ്പോള്‍ സര്‍ക്കാര്‍ തീരുമാനം കോടതിയെ അറിയിക്കുവാനാണ് തീരുമാനം. നിയമനം നല്‍കാനുള്ള വിധി മാനിക്കാത്തതിനെതിരെ അനിത നല്‍കിയ കോടതിയലക്ഷ്യഹര്‍ജിയും തിങ്കളാഴ്ച ഹൈക്കോടതി പരിഗണിക്കുന്നുണ്ട്.

2023 മാര്‍ച്ച് 18 നായിരുന്നു സമൂഹ മനസാക്ഷിയെ ഞെട്ടിച്ച കോഴിക്കോട് മെഡിക്കല്‍ കോളേജ് ഐസിയുവിലെ പീഡനം. തൈറോയ്ഡ് ശസ്ത്രക്രിയ കഴിഞ്ഞ യുവതിയെ ഐസിയുവില്‍ വെച്ച് എംഎം ശശീന്ദ്രനെന്ന അറ്റന്‍ഡറാണ് പീഡിപ്പിച്ചത്. ഇക്കാര്യം അതിജീവിത ബൈസ്റ്റാന്‍ഡറോടും, ഡ്യൂട്ടി നഴ്സിനോടും വെളിപ്പെടുത്തി. പിന്നാലെ ദുരനുഭവം സംബന്ധിച്ച മൊഴി മജിസ്ട്രേറ്റിന് രേഖപ്പെടുത്തി. രണ്ട് ദിവസം കഴിഞ്ഞ് മാര്‍ച്ച് 21 ന് അറ്റന്‍ഡര്‍ക്കെതിരായ മൊഴി മാറ്റാന്‍ അഞ്ച് വനിതാ ജീവനക്കാര്‍ അതിജീവിതയെ ഭീഷണിപ്പെടുത്തി. ഡ്യൂട്ടിയിലുണ്ടായിരുന്ന സിസ്റ്റര്‍ പിബി അനിതയാണ് ഇക്കാര്യം സൂപ്രണ്ടിന് റിപ്പോര്‍ട്ട് ചെയ്തത്. അതിജീവിതക്കനുകൂലമായി പൊലീസിലും ആഭ്യന്തര അന്വേഷണ സമിതിക്കും മുന്നില്‍ മൊഴി നല്‍കിയ അനിതയുടെ ഇടപെടലാണ് കേസില്‍ നിര്‍ണ്ണായകമായത്.

മൊഴി മാറ്റാന്‍ ഭീഷണിപ്പെടുത്തിയ അഞ്ചു പേരെ സസ്പെന്‍ഡ് ചെയ്തെങ്കിലും സസ്പെന്‍ഷന്‍ പിന്‍വലിച്ച മെഡിക്കല്‍ കോളേജ് അധിക‍തരുടെ നടപടി വന്‍ വിവാദമായിരുന്നു. വീണ്ടും സസ്പെന്‍ഷന്‍ പുനസ്ഥാപിച്ച അധികൃതര്‍ നടപടി പിന്നീട് സ്ഥലം മാറ്റലാക്കി മാറ്റി.

സംഭവത്തില്‍ നിരുത്തരവാദപരമായി പെരുമാറിയെന്നാണ് അനിതയ്‌ക്കെതിരായ കുറ്റം. അതിജീവിതയോട് അവരുടെ മൊഴി പിന്‍വലിക്കാന്‍ സമ്മര്‍ദ്ദം ചെലുത്താനാവശ്യപ്പെട്ട എന്‍.ജി.ഒ.യൂണിയന്‍ പ്രവര്‍ത്തകനെതിരെ താന്‍ മൊഴി നല്‍കിയതാണ് യഥാര്‍ഥത്തില്‍ തനിക്കെതിരായ കുറ്റമെന്ന് അനിതയും പറയുന്നു. തന്നെ ഭീഷണിപ്പെടുത്തിയെന്ന് കാണിച്ച് എന്‍ജിഒ യൂണിയന്‍ നേതാവിനെതിരെ പിബി അനിത പരാതി നല്‍കിയെങ്കിലും നടപടിയൊന്നും ഉണ്ടായില്ല. അനിതയും അനിതക്കൊപ്പം സ്ഥലം മാറ്റ ഉത്തരവ് കിട്ടിയ ചീഫ് നഴ്സിങ് ഓഫീസറും നഴ്സിങ് സൂപ്രണ്ടും കേരള അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണലിനു മുന്‍പാകെ ഹര്‍ജി നല്‍കി സ്റ്റേ ഉത്തരവ് സമ്പാദിച്ചു. സ്റ്റേ ലഭിച്ച രണ്ടു പേര്‍ക്കും കോഴിക്കോട്ടേക്ക് സ്ഥലം മാറ്റം തിരികെ നല്‍കിയിട്ടും അനിതയ്ക്ക് സ്ഥലം മാറ്റം ലഭിച്ചില്ല. ഇതേത്തുടര്‍ന്നാണ് അവര്‍ ഹൈക്കോടതിയെ സമീപിച്ചതും ഡിവിഷന്‍ ബഞ്ച് അവര്‍ക്കനുകൂലമായി വിധി പ്രസ്താവിച്ചതും.

Spread the love
English Summary:

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick