പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിക്കെതിരെ ബിജെപി എംപി ദിലീപ് ഘോഷിൻ്റെ അവഹേളന കമന്റ് വലിയ വിവാദമായിരിക്കുകയാണ്. തൃണമൂൽ കോൺഗ്രസ് ഇത് സ്ത്രീകളോടുള്ള അവഹേളനമാണെന്ന് വിശേഷിപ്പിക്കുകയും തിരഞ്ഞെടുപ്പ് കമ്മീഷനോട് പരാതിപ്പെടുകയും ചെയ്തു.
സോഷ്യൽ മീഡിയയിൽ ഒരു വീഡിയോയിലാണ് മുൻ സംസ്ഥാന ബി.ജെ.പി അധ്യക്ഷൻ മമതയെ അധിക്ഷേപിക്കുന്നത്. “ദിദി ഗോവയിൽ പോയി പറയുന്നു, ‘ ഞാൻ ഗോവയുടെ മകളാണ്’. എന്നിട്ട് ത്രിപുരയിൽ പോയി പറയുന്നു ‘ഞാൻ ത്രിപുരയുടെ മകളാണ്. ഇങ്ങനെ പലരുടെയും മകളാകുന്നത് നല്ലതല്ല.
നിങ്ങളുടെ പിതാവ് ആരാണെന്ന് നിങ്ങൾ തീരുമാനിക്കുക.”– ഇതായിരുന്നു ഘോഷിന്റെ അധിക്ഷേപം.
ബിജെപിയുടെ മാണ്ഡി ലോക്‌സഭാ സ്ഥാനാർത്ഥിയും നടിയുമായ കങ്കണ റണാവത്തിനെതിരായ കോൺഗ്രസ് വക്താവ് സുപ്രിയ ഷ്രിനേറ്റിൻ്റെ ‘ലൈംഗിക’ പരാമർശത്തെ ആക്രമിച്ച ഭാരതീയ ജനതാ പാർട്ടിക്ക് സ്വന്തം നേതാവിന്റെ തികഞ്ഞ അവഹേളന വർത്തമാനം വലിയ നാണക്കേടായി. ഒടുവിൽ ചൊവ്വാഴ്ച വൈകുന്നേരത്തോടെ വിശദീകരണം തേടി ബിജെപി ഘോഷിന് കാരണം കാണിക്കൽ നോട്ടീസ് നൽകി. “നിങ്ങളുടെ അഭിപ്രായങ്ങൾ പാർലമെൻ്ററി വിരുദ്ധവും ബിജെപിയുടെ പ്രത്യയശാസ്ത്രത്തിന് എതിരുമാണ്. ഇത്തരം പരാമർശങ്ങളെ പാർട്ടി അപലപിക്കുന്നു. പാർട്ടി അധ്യക്ഷൻ ജെ.പി. നദ്ദയുടെ നിർദ്ദേശപ്രകാരം, നിങ്ങളുടെ അഭിപ്രായം ഉടൻ വിശദീകരിക്കാൻ ആവശ്യപ്പെടുന്നു”– നോട്ടീസിൽ പറയുന്നു.
മുഖ്യമന്ത്രിക്കെതിരെ ആക്ഷേപകരമായ പരാമർശം നടത്തിയതിന് ഭരണകക്ഷിയായ തൃണമൂൽ കോൺഗ്രസ് ഘോഷിനെതിരെ കൊടുങ്കാറ്റ് ഉയർത്തി. ബിജെപി എംപിക്കെതിരെ 10 അംഗ പ്രതിനിധി സംഘം ചൊവ്വാഴ്ച തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി.