ഒന്നുകില്‍ ബിജെപിയില്‍ ചേര്‍ന്ന് കരിയര്‍ രക്ഷിക്കാം, അല്ലെങ്കില്‍ ജയിലില്‍ പോകാം- അടുപ്പമുളള ബിജെപി കേന്ദ്രം തന്നെ ഭീഷണിപ്പെടുത്തിയതായി ഡെല്‍ഹിയിലെ ആംആദ്മി മന്ത്രി അതിഷി മെര്‍ലേന ഇന്ന് മാധ്യമങ്ങള്‍ക്കു മുന്നില്‍ പ്രസ്താവിച്ചു. ഒരു മാസത്തിനുള്ളില്‍ തന്നെ അറസ്റ്റ് ചെയ്യുമെന്നും അത് ഒഴിവാക്കണമെങ്കില്‍ ബിജെപിയിലേക്ക് വരാമെന്നും അടുപ്പമുള്ള വ്യക്തി പറഞ്ഞെന്ന് അതിഷി പറഞ്ഞു.
എക്‌സൈസ് നയ അഴിമതിക്കേസിലെ മുഖ്യ പ്രതി വിജയ്‌നായരുമായി അതിഷിയും മറ്റൊരു മന്ത്രി സൗരഭ് ഭരദ്വാജും ബന്ധപ്പെട്ടിട്ടുണ്ടെന്നും തനിക്ക് ബന്ധമില്ലെന്നും അരവിന്ദ് കെജരിവാള്‍ മൊഴി നല്‍കിയതായി ഇ.ഡി. അവകാശപ്പെട്ടത് ഇരുവരുടെയും ആസന്നമായ അറസ്റ്റിന്റെ സൂചനയാണെന്ന് കരുതപ്പെടുന്നു. വിജയ്‌നായരുമായി ബന്ധപ്പെട്ട് ഇരുവരുടെയും പേരുകള്‍ പറയുന്നത് പുതിയ കാര്യമല്ലെന്നും എന്നാല്‍ കോടതിയില്‍ ഇത് ഇ.ഡി. പറഞ്ഞതിലൂടെ കൂടുതല്‍ നടപടികളുടെ തുടക്കമായി ഇത് കാണുന്നുവെന്നും അതിഷി പ്രതികരിച്ചു.
അരവിന്ദ് കെജ്‌രിവാളിൻ്റെ അറസ്റ്റിന് ശേഷം എഎപി തകരുമെന്ന് ബിജെപി പ്രതീക്ഷിച്ചിരുന്നുവെന്നും എന്നാൽ ഞായറാഴ്ച രാംലീല മൈതാനത്ത് പ്രതിപക്ഷ പാർട്ടികൾ ഒന്നിക്കുന്നത് കണ്ട് അവർ ഭയന്നെന്നും അതിനാൽ ഇപ്പോൾ അവർ അടുത്ത നേതൃനിരയെ ലക്ഷ്യമിടാൻ ശ്രമിക്കുകയാണെന്നും അതിഷി പറഞ്ഞു. തനിക്കും ബന്ധുക്കൾക്കും നേരെ റെയ്ഡുകൾ ഉണ്ടാകുമെന്നും പ്രതീക്ഷിക്കുന്നതായി അതിഷി കൂട്ടിച്ചേർത്തു.
“ഞങ്ങളെ ജയിലിലടക്കും. പക്ഷേ, ബിജെപിയോട് എനിക്ക് പറയാനുള്ളത്, ഞങ്ങൾക്ക് പേടിയില്ല എന്നാണ്. ഞങ്ങളെ എല്ലാവരെയും ജയിലിൽ അടയ്ക്കുക. അവസാന ശ്വാസം വരെ ഞങ്ങൾ അരവിന്ദ് കെജ്‌രിവാളിനൊപ്പം നിൽക്കും.”– അതിഷി പറഞ്ഞു.