തൃണമൂൽ കോൺഗ്രസ് നേതാവിൻ്റെ വീട്ടിൽ 2022ൽ നടന്ന സ്‌ഫോടനക്കേസ് അന്വേഷിക്കാൻ ഉദ്യോഗസ്ഥർ എത്തിയപ്പോൾ ദേശീയ അന്വേഷണ ഏജൻസിയുടെ സംഘം ശനിയാഴ്ച രാവിലെ ആക്രമിക്കപ്പെട്ടു. പശ്ചിമ ബംഗാളിലെ കിഴക്കൻ മിഡ്‌നാപൂർ ജില്ലയിലെ ഭൂപതിനഗറിൽ ആണ് സംഭവം. എൻഐഎ സംഘത്തിൻ്റെ കാറിനുനേരെ ഇഷ്ടികകൾ എറിഞ്ഞ് വിൻഡ് സ്‌ക്രീനിന് കേടുപാടുകൾ സംഭവിച്ചുവെന്നാണ് പ്രാഥമിക വിവരം. പുലർച്ചെ 5.30ഓടെ നാട്ടുകാർ വാഹനത്തിന് നേരെ കല്ലെറിയുകയായിരുന്നു. ഒരു ഉദ്യോഗസ്ഥനും പരിക്കേറ്റതായി എൻഐഎ അറിയിച്ചതായി മുതിർന്ന പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു.
കേസുമായി ബന്ധപ്പെട്ട് രണ്ട് പേരെ ഇന്ന് രാവിലെ എൻഐഎ ഉദ്യോഗസ്ഥരുടെ സംഘം അറസ്റ്റ് ചെയ്ത് കൊൽക്കത്തയിലേക്ക് മടങ്ങുന്നതിനിടെ വാഹനത്തിന് നേരെ ആക്രമണമുണ്ടായതായി വാർത്താ ഏജൻസി പിടിഐ റിപ്പോർട്ട് ചെയ്തു.
ഇതുമായി ബന്ധപ്പെട്ട് ദേശീയ അന്വേഷണ ഏജൻസിയും ( എൻഐഎ) പോലീസിൽ പരാതി നൽകിയിട്ടുണ്ട്. കേന്ദ്ര പോലീസ് സേനയുടെ ഒരു വലിയ സംഘം ഭൂപതിനഗറിൽ എത്തിയിട്ടുണ്ട്, അവിടെ അറസ്റ്റിലായ രണ്ട് പേർക്കൊപ്പം എൻഐഎ സംഘവും ഉണ്ടെന്ന് പോലീസ് പറഞ്ഞു.
2022 ഡിസംബർ 3 ന് ഭൂപതിനഗറിൽ ഓല മേഞ്ഞ മേൽക്കൂരയുള്ള ഒരു വീട്ടിൽ നടന്ന സ്‌ഫോടനത്തിൽ മൂന്ന് പേർ മരിക്കുകയുണ്ടായി. കഴിഞ്ഞ മാസം സ്‌ഫോടനവുമായി ബന്ധപ്പെട്ട് എട്ട് തൃണമൂൽ കോൺഗ്രസ് നേതാക്കളെ എൻഐഎ ചോദ്യം ചെയ്യാൻ വിളിപ്പിച്ചിരുന്നു .
പശ്ചിമ ബംഗാളിൽ കോടികളുടെ റേഷൻ വിതരണ അഴിമതിയിൽ അറസ്റ്റിലായ സംസ്ഥാന ഭക്ഷ്യമന്ത്രി ജ്യോതി പ്രിയ മല്ലിക്കുമായി അടുത്ത ബന്ധമുള്ള പ്രാദേശിക തൃണമൂൽ നേതാവ് ഷാജഹാൻ ഷെയ്ഖിൻ്റെ വീട് റെയ്ഡ് ചെയ്യാൻ പോയ എൻഫോഴ്‌സ്‌മെൻ്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥരുടെ സംഘം ആക്രമിക്കപ്പെട്ട് രണ്ട് മാസത്തിന് ശേഷമാണ് എൻഐഎ സംഘത്തിന് നേരെയും ഇപ്പോൾ ആക്രമണമുണ്ടായത്. അന്ന് ഇഡി സംഘത്തോടൊപ്പമുണ്ടായിരുന്ന കേന്ദ്രസേനാംഗങ്ങളും ആക്രമിക്കപ്പെട്ടു. മൂന്ന് ഇഡി ഉദ്യോഗസ്ഥരെ ആശുപത്രിയിൽ പ്രവേശിപ്പിക്കേണ്ടി വന്നു.