ആള്‍ക്കൂട്ടക്കൊലപാതകത്തിനും സദാചാരക്കൊലപാതകത്തിനും കേരളീയര്‍ ഉത്തരേന്ത്യക്കാരെ നിരന്തരം പഴിപറയുമ്പോള്‍ സംസ്ഥാനത്തും ഇത്തരം മാനസികാവസ്ഥ നിലനില്‍ക്കുന്നതിന്റെ തെളിവാണ് ഇന്നലെ മൂവാറ്റുപുഴയ്ക്കടുത്ത വാളകത്ത് നടന്ന ‘കൊലപാതകം.’ അരുണാചല്‍ സ്വദേശിയായ യുവാവാണ് മനസ്സാക്ഷിയും യുക്തിബോധവുമില്ലാതെ പോയ ജനക്കൂട്ടത്തിന്റെ മര്‍ദ്ദനമേറ്റ് മരിച്ചത്. ഉത്തരേന്ത്യയുമായി ഇക്കാര്യത്തിലുള്ള ഏക വ്യത്യാസം അവിടെ മതത്തിന്റെയും ജാതിയുടെയും പേരില്‍ ഇത്തരം ആള്‍ക്കൂട്ടക്കൊലകള്‍ നടക്കുമ്പോള്‍ ഇവിടെ ഇതര സംസ്ഥാനക്കാരോട് ആള്‍ക്കൂട്ട മനസ്സ് സൂക്ഷിക്കുന്ന ഈര്‍ഷ്യയുടെയും ഇവിടുത്തെ അമിതമായ സദാചാരപ്പൊലീസ് കളിയുടെയും ഇരകളായി മനുഷ്യര്‍ മാറുന്നു എന്നതു മാത്രമാണ്.
രാത്രിയില്‍ മുന്‍ സഹപ്രവര്‍ത്തകയുടെ താമസസ്ഥലത്ത് പോയി ബഹളമുണ്ടാക്കിയതിന്റെ പേരിലാണ് വ്യാഴാഴ്ച രാത്രി ആള്‍ക്കൂട്ടം ചോദ്യം ചെയ്ത് തൂണില്‍ കെട്ടിയിട്ട് മര്‍ദ്ദിച്ച അരുണാചല്‍ പ്രദേശ് സ്വദേശി അശോക് ദാസ് (26) മരണമടഞ്ഞത്. ദീര്‍ഘനാളായി വാളകത്ത് വാടകയ്ക്കു താമസിക്കുകയായിരുന്നു അശോക്ദാസ്.
വാളകം കവലയിലെ ചെറിയ ഊരകം റോഡില്‍ ക്ഷേത്രത്തിലേക്കുള്ള ദിശാസൂചി ബോര്‍ഡ് സ്ഥാപിച്ച ഇരുമ്പുതൂണില്‍ കെട്ടിയിട്ട് അശോക്ദാസിനെ ഒരു കൂട്ടം ആളുകള്‍ ചോദ്യം ചെയ്യുകയും ഒപ്പം നെഞ്ചിലും തലയിലും ഭീകരമായി മര്‍ദ്ദിക്കുകയും ചെയ്തതായാണ് സൂചന. പൊലീസ് എത്തിയപ്പോഴേക്കും ചോര വാര്‍ന്നൊഴുകി ഇയാള്‍ അവശനായിരുന്നു. ആന്തരികാവയവങ്ങള്‍ക്ക് ഏറ്റ മാരക ക്ഷതം ആണ് മരണകാരണമായത് എന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലെ പ്രാഥമിക വിവരം. സംഭവത്തില്‍ പത്തു പേരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
അതിഥിത്തൊഴിലാളികളെ ആശ്രയിച്ചാണ് കേരളത്തിലെ കാര്‍ഷിക, ഗാര്‍ഹികസേവന മേഖല മുതല്‍ വ്യവസായ മേഖല വരെ നിലനിന്നു പോരുന്നത്. പക്ഷേ അവരിലെ ക്രിമിനല്‍ വാസനയുള്ളവര്‍ സൃഷ്ടിക്കുന്ന ഭീകരതയാണ് മറുനാടന്‍ തൊഴിലാളികള്‍ക്കു നേരെ സമൂഹമനസ്സ് അതിവേഗത്തില്‍ അന്ധമായി പ്രതികരിക്കുന്നതിന് ഒരു കാരണമായി മാറുന്നത്. കഴിഞ്ഞ ദിവസം ഒഡിഷക്കാരനായ രജനീകാന്ത രണകാന്ത് എന്നയാളുടെ അക്രമത്തില്‍ പൊലിഞ്ഞത് ഒരു ട്രെയിന്‍ ടിക്കറ്റ് പരിശോധകന്റെ ജീവന്‍ തന്നെയാണ്. അന്യസംസ്ഥാന തൊഴിലാളികള്‍ക്കു നേരെ അനാവശ്യ സംശയങ്ങള്‍ ഉണ്ടാക്കാന്‍ പ്രേരണ നല്‍കുന്നത് ഇത്തരം ക്രിമിനലിസം ആണെന്നത് ഇവിടുത്തെ അധികാരികള്‍ പരിശോധിക്കേണ്ട വസ്തുതയാണ്. സംശയം മാത്രം മുന്‍നിര്‍ത്തി മറുനാടന്‍ മനുഷ്യരെ ഭീകരമായി ആക്രമിക്കുന്നതിനു പിന്നിലെ സമൂഹമനസ്സ് രൂപപ്പെടുന്നത് നിയന്ത്രിച്ചില്ലെങ്കില്‍ സര്‍ക്കാരിന് ഇത് വലിയ തലവേദനയായി മാറാന്‍ പോകുകയാണ്-പ്രത്യേകിച്ച് 35 ലക്ഷത്തോളം അന്യസംസ്ഥാന തൊഴിലാളികള്‍ ജീവിക്കുന്ന കേരളത്തില്‍.
പെരുമ്പാവൂര്‍ ജിഷ വധക്കേസ് ഉള്‍പ്പെടെയുള്ള സംഭവങ്ങള്‍ ജനമനസ്സാക്ഷിയില്‍ ഇപ്പോഴും നില്‍ക്കുന്നുണ്ട് എന്നതും ഓര്‍ക്കേണ്ടതുണ്ട്. എന്നാല്‍ കേരളത്തില്‍ വന്ന് കേരളീയരെപ്പോലെ കുടുംബസമേതം ജീവിക്കുകയും സ്വന്തമായി വീട് പോലും ഉണ്ടാക്കി മലയാളികളെപ്പോലെ സാമൂഹിക ജീവിതം നയിക്കുകയും കുട്ടികളെ മലയാളം സ്‌കൂളില്‍ അയച്ച് മലയാളികളായി വളര്‍ത്തി ജീവിക്കുകയും ചെയ്യുന്ന ആയിരക്കണക്കായ ഇതര സംസ്ഥാന തൊഴിലാളികള്‍ ഇവിടെയുണ്ടെന്ന കാര്യം നമ്മള്‍ ചിലപ്പോള്‍ മറന്നുപോകുകയും ചെയ്യുന്നുണ്ട്.