2019 ഏപ്രിൽ 12 മുതൽ 2024 ജനുവരി 24 വരെയുള്ള കാലയളവിൽ രാഷ്ട്രീയ പാർട്ടികൾക്ക് ഏറ്റവും കൂടുതൽ സംഭാവന നൽകിയത് വിവാദ ലോട്ടറി വ്യവസായി സാൻ്റിയാഗോ മാർട്ടിൻ മാനേജിംഗ് ഡയറക്ടറായ ഫ്യൂച്ചർ ഗെയിമിംഗ് ആൻ്റ് ഹോട്ടൽ സർവീസസ് പിആർ ആണ്. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ വെളിപ്പെടുത്തിയ രേഖയിൽ ആണിത് പറയുന്നത് . ഈ കാലയളവിൽ ഇലക്ടറൽ ബോണ്ടുകളായി 1,368 കോടി രൂപ മാർട്ടിന്റെ കമ്പനി സംഭാവന ചെയ്തു.
എൻഫോഴ്‌സ്‌മെൻ്റ് ഡയറക്ടറേറ്റ് 2022 മാർച്ചിൽ സ്ഥാപനത്തിൻ്റെയും മറ്റ് കമ്പനികളുടെയും ബാങ്ക് അക്കൗണ്ടുകളിലെ 411 കോടി രൂപ അറ്റാച്ച് ചെയ്തിരുന്നു. പിന്നീട് 2002 ലെ കള്ളപ്പണം വെളുപ്പിക്കൽ തടയൽ നിയമപ്രകാരം 2023 സെപ്റ്റംബർ 09 ന് കൊൽക്കത്തയിലെ പിഎംഎൽഎ കോടതിയിൽ ഫയൽ ചെയ്യുകയും ചെയ്തിരുന്നു.
ഇരുപത്തിരണ്ട് സ്ഥാപനങ്ങൾ ഈ കാലയളവിൽ 100 കോടി രൂപയിലധികം സംഭാവന നൽകി. ഹൈദരാബാദ് ആസ്ഥാനമായി പ്രവർത്തിക്കുന്ന മേഘാ എഞ്ചിനീയറിംഗ് ആൻഡ് ഇൻഫ്രാസ്ട്രക്ചേഴ്സ് ലിമിറ്റഡ് (MEIL) ആണ് മൊത്തം സംഭാവനകളുടെ അടിസ്ഥാനത്തിൽ 966 കോടി രൂപയുടെ ബോണ്ടുകൾ വാങ്ങി പട്ടികയിൽ രണ്ടാം സ്ഥാനത്ത്. എംഇഐഎൽ ഗ്രൂപ്പിൻ്റെ വെസ്റ്റേൺ യുപി പവർ ട്രാൻസ്മിഷൻ കമ്പനി ലിമിറ്റഡ് 220 കോടി രൂപ സംഭാവന നൽകി. ക്വിക്ക് സപ്ലൈ ചെയിൻ പ്രൈവറ്റ് ലിമിറ്റഡ് – 410 കോടി, ഹൽദിയ എനർജി ലിമിറ്റഡ് 377 കോടി, വേദാന്ത ലിമിറ്റഡ് ₹ 375.65 കോടി, എസ്സൽ മൈനിംഗ് ആൻഡ് ഇൻഡസ്ട്രീസ് ലിമിറ്റഡ് ₹ 224.45 കോടി, ഭാരതി എയർടെൽ ലിമിറ്റഡ് ₹ 198 കോടി, കെവെൻ്റർ ഫുഡ്‌പാർക്ക് ഇൻഫ്രാ ലിമിറ്റഡ് 195 കോടി രൂപ, എംകെജെ ഗ്രൂപ്പ് ഓഫ് കമ്പനികൾ ₹192 കോടി എന്നിങ്ങനെയാണ് പ്രധാന ദാതാക്കൾ..