വടക്കെ ഇന്ത്യയില്‍ പ്രത്യേകിച്ച് ഉത്തര്‍പ്രദേശിലും മധ്യപ്രദേശിലും പിന്നാക്ക,ദലിത് വിഭാഗത്തിന്റെ അധികാരമാര്‍ഗത്തിലേക്കുള്ള യാത്രയ്ക്ക് വഴി തെളിച്ച, നേതാവായിരുന്ന കാന്‍ഷിറാമിനെ അദ്ദേഹത്തിന്റെ ജന്മദിനത്തില്‍ അനുസ്മരിച്ച് പുകഴ്ത്തിയ നേതാവ് ഇന്ത്യന്‍ രാഷ്ട്രീയത്തിലെ വലിയൊരു വൈരുദ്ധ്യത്തിന്റെ പ്രതിനിധിയാണ്. മനുവാദ തത്വശാസ്ത്രത്തിന്റെയും സവര്‍ണ മേധാവിത്വ രാഷ്ട്രീയത്തിന്റെയും പ്രയോക്താവായ യു.പി. മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ആണ് കാന്‍ഷിറാമിനെ പുകഴ്ത്താന്‍ മുന്‍പന്തിയിലുണ്ടായിരുന്നത്. ഉത്തര്‍പ്രദേശില്‍ എങ്ങിനെയാണ് സംഘപരിവാര്‍ രാഷ്ട്രീയം അധസ്ഥിതരെ വിലക്കെടുക്കുകയും വോട്ടു ബാങ്ക് ആക്കി മാറ്റുകയും ചെയ്തത് എന്നതിന്റെ പ്രത്യക്ഷ ഉദാഹരണം.
എക്കാലത്തും ദളിത് വിരുദ്ധ പ്രത്യയശാസ്ത്രമായ ബ്രാഹ്‌മണിക്കല്‍ രാഷ്ട്രീയത്തിന്റെ വക്താവു തന്നെയാണ് ദളിത് നേതാവിനെ ഏറ്റെടുത്ത് പുകഴ്ത്തുന്നത്. ഇത്തരം ‘നിഷ്‌കളങ്ക’ മൊഴികളില്‍ വീണുപോകുന്ന ഇന്ത്യന്‍ ദളിത് രാഷ്ട്രീയത്തെ കരുത്തുറ്റതാക്കാന്‍ ആരുണ്ടെന്ന ചോദ്യവും അവശേഷിപ്പിച്ചാണ് കാന്‍ഷിറാം ചിന്ത കടന്നു പോകുന്നത്.
അവഗണിക്കപ്പെട്ടവരുടെയും നിഷേധിക്കപ്പെട്ടവരുടെയും ചൂഷണത്തിനിരയായവരുടെയും ക്ഷേമത്തിനായി ജീവിതത്തിലുടനീളം പോരാടിയ ജനപ്രിയ രാഷ്ട്രീയക്കാരനെന്നാണ് അന്തരിച്ച നേതാവിനെ യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് വിശേഷിപ്പിച്ചത്.
” ദലിതരുടെയും അവശത അനുഭവിക്കുന്നവരുടെയും ചൂഷിതരുടെയും അവകാശങ്ങൾക്കും മൊത്തത്തിലുള്ള വികസനത്തിനും വേണ്ടി തൻ്റെ ജീവിതകാലം മുഴുവൻ പോരാടിയ ജനകീയ രാഷ്ട്രീയക്കാരനായ കാൻഷി റാം ജിക്ക് വിനീതമായ ആദരാഞ്ജലികൾ”- ആദിത്യനാഥ് എക്‌സിൽ കുറിച്ചു.
കാന്‍ഷിറാമിന്റെ മാനസ പുത്രിയായിരുന്ന മായാവതി ആയിരുന്നു ബി.എസ്.പി. എന്ന പാര്‍ടിയുടെ സ്ഥാപന്‍ കൂടിയായ കാന്‍ഷിറാമിന്റെ ചടങ്ങിന്റെ പ്രധാന കാര്‍മിക. മായാവതി പിന്നീട് ബ്രാഹ്‌മണിക്കല്‍ രാഷട്രീയത്തിന്റെ തൊഴുത്തിലേക്ക് സ്വന്തം പാര്‍ടിയെ നയിക്കാന്‍ ശ്രമിച്ചതാകട്ടെ പില്‍കാല രാഷ്ട്രീയത്തിലെ വൈരുദ്ധ്യങ്ങളില്‍ ഒന്നായി മാറി.
ദളിത് മുന്നേറ്റഗാഥകളിലൊന്നായി മാറിയ മായാവതിയുടെ ഭരണാരോഹണത്തിന് സാക്ഷ്യം വഹിച്ച മധ്യപ്രദേശ് ഒടുവില്‍ മായാവതിയുടെ അധികാരക്കൊതിയും അഴിമതിയും അവരെ സംഘപരിവാര്‍ മിഥ്യകളിലേക്ക് നയിച്ചു. പിന്നീട് സംഘപരിവാര്‍ മായാവതിയുടെ പാര്‍ടിയുടെ വോട്ട് ബാങ്ക് പതുക്കെ വിഴുങ്ങി. ഇപ്പോള്‍ മായാവതിയും അവരുടെ പാര്‍ടിയായ ബി.എസ്.പി.യും മധ്യപ്രദേശില്‍ നിലനില്‍പിനായി കേഴുകയാണ്. ഉയിര്‍ത്തെഴുന്നേല്‍ക്കാനുള്ള ശ്രമത്തിനിടയിലും തന്നില്‍ നിന്നും ബിജെപി റാഞ്ചിയെടുത്ത ദളിത് വോട്ടുബാങ്ക് തിരികെ പിടിക്കാന്‍ അശക്തയായി മായാവതി സ്വന്തം രാഷ്ട്രീയത്തില്‍ ഒട്ടേറെ ചോദ്യങ്ങള്‍ അവശേഷിപ്പിക്കുന്നു.