Categories
kerala

ആറാം ക്ലാസില്‍ പഠിക്കുമ്പോള്‍ തന്നെ അവന്‍ മൂലധനം വായിച്ചു തീര്‍ത്തു…പാര്‍ടി ഓഫീസില്‍ നേരിട്ടു ചെന്നു…പിതാവിന്റെ പേര് അവന്‍ വെളിപ്പെടുത്തിയില്ല – മകന്‍ നന്ദനെപ്പറ്റി വാചാലയായി സുഹാസിനി

പന്ത്രണ്ടാം വയസ്സില്‍ തന്റെ മകന്‍ കാള്‍മാര്‍ക്‌സിന്റെ ബൃഹദ്ഗ്രന്ഥമായ മൂലധനം വായിച്ചു തീര്‍ത്തിരുന്നുവെന്നും രാഷ്ട്രീയകാര്യങ്ങളില്‍ സ്വതന്ത്രമായ ചിന്താരീതിയും ഇടതു പക്ഷ ചിന്തയും വളരെ ചെറുപ്പത്തിലേ അവന് ഉണ്ടായിരുന്നുവെന്നും ഓര്‍മിച്ച് പ്രശസ്ത നടി സുഹാസിനി മണിരത്‌നം. കണ്ണൂര്‍ ജില്ലയിലെ തളിപ്പറമ്പില്‍ കേരള ചലച്ചിത്ര അക്കാദമി സംഘടിപ്പിച്ച ഹാപ്പിനെസ് ഫെസ്റ്റിവല്‍ അന്തര്‍ദ്ദേശ്ശീയ ചലച്ചിത്രമേളയുടെ ഉദ്ഘാടനം നിര്‍വ്വഹിച്ചു സംസാരിക്കുകയായിരുന്നു സുഹാസിനി. നിറഞ്ഞ കയ്യടിയോടെയാണ് സദസ്സ് സുഹാസിനിയുടെ വാക്കുകളെ കേട്ടത്.

നന്ദന്‍ മണിരത്‌നം

സുഹാസിനിയുടെ മകന്‍ നന്ദനെ സിപിഎം അഖിലേന്ത്യാസമ്മേളനത്തിലെ വളണ്ടിയറായി കണ്ടിരുന്ന കാര്യം അധ്യക്ഷപ്രസംഗത്തില്‍ എം.വി.ഗോവിന്ദന്‍ എം.എല്‍.എ. പറഞ്ഞതാണ് സുഹാസിനി മകനെക്കുറിച്ച് വിശദമായി സദസ്സിനോട് സംസാരിക്കാന്‍ കാരണമായത്.
‘ ആറാം ക്ലാസില്‍ പഠിക്കുമ്പോള്‍ തന്നെ മകന്‍ ദാസ് ക്യാപിറ്റല്‍ വായിച്ചു കഴിഞ്ഞിരുന്നു. സ്‌കൂള്‍ വിട്ടുവന്നാല്‍ ബാഗ് വെച്ച ശേഷം അവന്‍ പാര്‍ലമെന്റ് ടി.വി.ചാനല്‍ ആയിരുന്നു കാണാറുണ്ടായിരുന്നത്. സാധാരണ കുട്ടികള്‍ കോമിക് ചാനലുകള്‍ കാണുന്ന കാലത്ത് അവന്‍ ഇങ്ങനെയായിരുന്നു. താന്‍ ഇങ്ങനെയൊരു സവിശേഷസ്വഭാവക്കാരനായ കുട്ടിക്കാണ് ജന്മം നല്‍കിയതല്ലോ എന്ന് ഞാന്‍ ചിന്തിച്ചു പോയിട്ടുണ്ട്.

thepoliticaleditor

ഒരിക്കല്‍ ചെന്നൈ ടി.നഗറില്‍ ഒറ്റയ്ക്ക് പോയി സി.പി.എമ്മിന്റെ പാര്‍ടി ഓഫീസ് കണ്ടു പിടിച്ച് അവിടേക്ക് എത്തി. കയ്യില്‍ കരുതിയിരുന്ന ദാസ് ക്യാപിറ്റല്‍ ആയിരുന്നു അവന്റെ വിസിറ്റിങ് കാര്‍ഡ്. ഇത് കണ്ടയുടനെ അവിടുത്തെ പ്രവര്‍ത്തകര്‍ ഭക്ഷണം കഴിക്കാന്‍ ക്ഷണിച്ചു. അതാണ് പാര്‍ടിയുടെ ക്വാളിറ്റി. അത് സാധാരണ മറ്റിടങ്ങളില്‍ പ്രതീക്ഷിക്കാന്‍ കഴിയാത്ത മനോഹരമായ സമീപനമായിരുന്നു. അവര്‍ പേരെന്താണെന്ന് ചോദിച്ചില്ല, എവിടെ നിന്നു വരുന്നു എന്ന് ചോദിച്ചില്ല, ഭക്ഷണം കഴിക്കാന്‍ നേരിട്ട് ക്ഷണിക്കുകയായിരുന്നു. ആഹാരം കഴിച്ച ശേഷമാണ് അവന്റെ വിശദാംശങ്ങള്‍ ആരാഞ്ഞത്. അച്ഛന്റെ പേര് ചോദിച്ചപ്പോള്‍ മണിരത്‌നം എന്ന് അവന്‍ പറഞ്ഞില്ല. പകരം അവരുടെ ശരിയായ പേരായ ഗോപാല രത്‌ന സുബ്രഹ്‌മണ്യം എന്നു മാത്രം പറഞ്ഞു. എന്നാല്‍ അമ്മയുടെ പേര് ചോദിച്ചപ്പോള്‍ അവന് കള്ളം പറയാന്‍ കഴിഞ്ഞില്ല. സുഹാസിനി എന്നു പറഞ്ഞപ്പോള്‍ അവര്‍ ആശ്ചര്യത്തോടെ സുഹാസിനി മണിര്തനത്തിന്റെ മകനാണോ നീ എന്ന് ചോദിച്ചു’- സുഹാസിനി പറഞ്ഞു.

‘ നീ ഇവിടെ വന്നത് മാതാപിതാക്കള്‍ക്ക് അറിയുമോ എന്ന് ചോദിച്ചപ്പോള്‍ അവര്‍ എന്തിന് അതറിയണം എന്നാണ് മകന്‍ തിരിച്ചു ചോദിച്ചത്. അങ്ങിനെയായിരുന്നു മകന്‍ എല്ലായ്‌പ്പോഴും.’- നന്ദന്‍ മണിരത്‌നത്തെ കുറിച്ച് സുഹാസിനി പറഞ്ഞു. സുഹാസിനിയുടെ പാരന്റിങിനെ കുറിച്ച് പിന്നീട് സംസാരിച്ച നടന്‍ സന്തോഷ് കീഴാറ്റൂര്‍ സുഹാസിനി എന്ന അമ്മയെ ഏറെ പുകഴ്ത്തുകയും ചെയ്തു.

Spread the love
English Summary:

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick