ഉജ്ജയിനിലെ മഹാകാൽ ക്ഷേത്രത്തിൻ്റെ ശ്രീകോവിലിൽ തിങ്കളാഴ്ച പുലർച്ചെയുണ്ടായ തീപിടിത്തത്തിൽ 13 പൂജാരിമാർക്ക് പരിക്കേറ്റു. ‘ഭസ്മ ആരതി’ക്കിടെയാണ് സംഭവം . ഭസ്മ ആരതിയുടെ മുഖ്യ പുരോഹിതൻ സഞ്ജയ് ഗുരുവും പരിക്കേറ്റവരിൽ ഉൾപ്പെടുന്നു. ഒമ്പത് പേരുടെ നില ഗുരുതരമാണെന്നാണ് റിപ്പോർട്ട്. ഇവരെ ഇൻഡോറിലേക്ക് റഫർ ചെയ്തിട്ടുണ്ട്.
13 വൈദികർക്ക് പൊള്ളലേറ്റ് ജില്ലാ ആശുപത്രിയിൽ ചികിത്സയിലാണ്. മജിസ്റ്റീരിയൽ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.”– ഉജ്ജയിൻ കളക്ടർ നീരജ് കുമാർ സിംഗ്വാർത്താ ഏജൻസിയായ എഎൻഐയോട് പറഞ്ഞു. ഹോളി ആഘോഷത്തിൻ്റെ ഭാഗമായി ശ്രീകോവിലിനുള്ളിൽ ‘ഗുലാൽ’ എറിയുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികൾ പറഞ്ഞു . ആരോ നിറമുള്ള ഗുലാൽ ഒരു മൺവിളക്കിൽ എറിഞ്ഞു. ഗുലാലിനുള്ളിലെ രാസവസ്തുക്കൾ തീപിടുത്തത്തിന് കാരണമായിരിക്കാമെന്ന് അവർ കരുതുന്നു. മഹാകാൽ ക്ഷേത്രത്തിലെ സ്ഥിതി നിയന്ത്രണവിധേയമാണെന്ന് മുഖ്യമന്ത്രി മോഹൻ യാദവ് പറഞ്ഞു.
അപകടം അത്യന്തം വേദനാജനകമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. “ഉജ്ജയിനിലെ മഹാകാൽ ക്ഷേത്രത്തിൽ നടന്ന അപകടം അങ്ങേയറ്റം വേദനാജനകമാണ്. ഈ അപകടത്തിൽ പരിക്കേറ്റ എല്ലാ ഭക്തജനങ്ങൾക്കും വേഗം സുഖം പ്രാപിക്കട്ടെ എന്ന് ആശംസിക്കുന്നു. സംസ്ഥാന സർക്കാരിൻ്റെ മേൽനോട്ടത്തിൽ, പ്രാദേശിക ഭരണകൂടം ഇരകൾക്ക് സാധ്യമായ എല്ലാ സഹായങ്ങളും നൽകുന്നുണ്ട്. ”– അദ്ദേഹം പറഞ്ഞു.