അയോധ്യയിലെ രാമക്ഷേത്രത്തിന്റെ ഉദ്ഘാടന പരിപാടിയില്‍ കോണ്‍ഗ്രസ് പങ്കെടുക്കാതിരുന്നത് ക്ഷേത്രത്തിലെ പ്രാണപ്രതിഷ്ഠ നടത്തിയത് നരേന്ദ്രമോദി ആയതിനാലാണ് എന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ.കെ.ആന്റണി. ക്ഷേത്രത്തിലെ പ്രതിഷ്ഠ നടത്തേണ്ടത് രാജ്യത്തിന്റെ പ്രധാനമന്ത്രിയല്ല, പുരോഹിതന്‍മാരാണ്. മതപ്രീണനത്തിലൂടെ വോട്ടു നേടുന്ന തന്ത്രത്തിനാണ് കോണ്‍ഗ്രസ് പിന്തുണ നല്‍കാതിരുന്നത്. രാമക്ഷേത്ര നിര്‍മാണത്തിനെ കോണ്‍ഗ്രസ് ഒരിക്കലും എതിര്‍ത്തിട്ടില്ലെന്നും സുപ്രീംകോടതി വിധി വന്നയുടനെ പാര്‍ടി അത് സ്വാഗതം ചെയ്തിരുന്നുവെന്നും ആന്റണി ഒരു മാധ്യമ അഭിമുഖത്തില്‍ പറഞ്ഞു.
രാഹുലും പ്രിയങ്കയും അയോധ്യയിലേക്ക് പോകുമോ എന്ന ചോദ്യത്തിന് എപ്പോഴെങ്കിലും പോകുമായിരിക്കും എന്നും ആന്റണി മറുപടി നല്‍കി. ഇന്ത്യ ഹിന്ദു ഭൂരിപക്ഷ രാജ്യമാണെന്നത് ഒരു യാഥാര്‍ഥ്യമാണെന്നും എന്നാല്‍ മുസ്ലീം, ക്രിസ്ത്യന്‍ വിഭാഗങ്ങള്‍ക്കെല്ലാം സൗഹാര്‍ദ്ദത്തോടെ കഴിയുന്ന രാഷ്ട്രീയമാണ് ഇവിടെ വേണ്ടതെന്നും ആന്റണി പറഞ്ഞു.
നരേന്ദ്രമോദിക്ക് ഇപ്പോള്‍ ക്ഷീണിതന്റെ ശരീര ഭാഷയാണെന്നും കോണ്‍ഗ്രസ് തനിച്ച് ഭരിക്കണമെന്നതല്ല ഇന്ത്യ മുന്നണി അടുത്ത തവണയും അതിനടുത്ത പ്രാവശ്യവുമൊക്കെ ഭരിക്കണമെന്നുമാണ് തന്റെ താല്‍പര്യമെന്നും ആന്റണി പറഞ്ഞു. യാഥാര്‍ഥ്യബോധത്തോടെയാണ് താനിത് പറയുന്നത്. ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ സീറ്റിലാണ് ഇത്തവണ കോണ്‍ഗ്രസ് മല്‍സരിക്കുന്നത്. 28 പാര്‍ടികളുടെ മുന്നണി കൊണ്ടുവരാനായി എന്നതാണ് പ്രധാനപ്പെട്ട കാര്യം. മൂന്നാം തവണ മോദി അധികാരത്തില്‍ വരികയാണെങ്കില്‍ മതേതര ഇന്ത്യ ഇല്ലാതാകുമെന്നത് ഉറപ്പാണെന്നും ആന്റണി കൂട്ടിച്ചേര്‍ത്തു.