പാർലമെൻറിൽ പൗരത്വ നിയമ ഭേദഗതി ചർച്ചയിൽ കോൺഗ്രസ് മൗനം പാലിച്ചു എന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസ്താവനയ്ക്കെതിരെ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. “പാർലമെന്റിൽ സിഎഎയ്ക്കെതിരെ കോൺഗ്രസ് ശക്തമായ നിലപാടെടുത്തു. മുഖ്യമന്ത്രി സ്ഥാനത്തിരുന്നു പിണറായി വിജയൻ നട്ടാൽ കുരുക്കാത്ത നുണ പ്രചരിപ്പിക്കുന്നു.”– സതീശൻ ആരോപിച്ചു.
“ബില്ല് പാർലമെന്റിൽ അവതരിപ്പിച്ചപ്പോൾ തന്നെ നിയമപരമായ തടസ്സങ്ങൾ ചൂണ്ടിക്കാണിച്ചത് കേരളത്തിൽനിന്നുള്ള എംപി ശശി തരൂരാണ്. ശശി തരൂരിന്റെയും ഇ.ടി. മുഹമ്മദ് ബഷീറിന്റെയും പ്രസംഗങ്ങള്‍ കേട്ടശേഷമെങ്കിലും തന്റെ പ്രസ്താവന പിൻവലിക്കാൻ മുഖ്യമന്ത്രി തയാറാകണം. കോൺഗ്രസ് അല്ലാതെ ഇവരുടെ ഒന്നോ രണ്ടോ എംപിമാരാണോ പാർലമെന്റിൽ സംസാരിച്ചത്. ആവശ്യമെങ്കിൽ ശശി തരൂരിന്റെയും ഇ.ടി. മുഹമ്മദ് ബഷീറിന്റെയും പ്രസംഗത്തിന്റെ ലിങ്ക് അയച്ചു കൊടുക്കാം. രാഹുൽ ഗാന്ധി എതിർത്തിട്ടില്ല എന്നു പറയുന്നതു പച്ചക്കള്ളമാണ്. രാഹുൽ പറഞ്ഞത് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. മുഖ്യമന്ത്രിയും മുഖ്യമന്ത്രിയുടെ ഓഫിസും മാധ്യമങ്ങളിൽ വരുന്ന വാർത്തകളൊന്നും വായിക്കുന്നില്ലേ? യാതൊരു അടിസ്ഥാനവുമില്ലാത്ത പച്ചക്കള്ളങ്ങൾ മുഖ്യമന്ത്രി പ്രചരിപ്പിക്കുകയാണ്. സിഎഎ പ്രക്ഷോഭത്തിൽ 835 കേസുകളെടുത്തിട്ടുണ്ട്. അതിൽ 69 കേസുകൾ മാത്രം പിൻവലിക്കാനാണ് മുഖ്യമന്ത്രി പറഞ്ഞത്.- സതീശൻ പറഞ്ഞു.
