കഴിഞ്ഞയാഴ്ച ചട്ടങ്ങള്‍ വിജ്ഞാപനം ചെയ്ത പൗരത്വ ഭേദഗതി നിയമത്തില്‍ മതവിവേചനം ഉണ്ടെന്ന സംശയം പ്രകടിപ്പിച്ച യു.എസ്. പ്രതികരണത്തോട് ഇന്ത്യ ശക്തിയായി പ്രതിഷേധിച്ചു. സിഎഎ ഇന്ത്യയുടെ ആഭ്യന്തര കാര്യമാണെന്ന് ഇന്ത്യ കടുത്ത ഭാഷയില്‍ പ്രതികരിച്ചു. “പൗരത്വ (ഭേദഗതി) നിയമം- 2019 ഇന്ത്യയുടെ ആഭ്യന്തര കാര്യമാണെന്നും അത് നടപ്പിലാക്കുന്നതിനെക്കുറിച്ചുള്ള അമേരിക്കയുടെ പ്രസ്താവന തെറ്റായതും തെറ്റായ വിവരങ്ങളുള്ളതും അനാവശ്യവുമാണെ”ന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് രൺധീർ ജയ്‌സ്വാൾ പറഞ്ഞു. നിയമത്തിൻ്റെ വിജ്ഞാപനത്തിൽ യുഎസ് ആശങ്ക പ്രകടിപ്പിച്ചതിന് പിന്നാലെയാണ് ന്യൂഡൽഹി ശക്തമായ നിലപാട് വ്യക്തമാക്കിയത്.

“2014 ഡിസംബർ 31-നോ അതിനുമുമ്പോ ഇന്ത്യയിൽ പ്രവേശിച്ച അഫ്ഗാനിസ്ഥാൻ, പാകിസ്ഥാൻ, ബംഗ്ലാദേശ് എന്നിവിടങ്ങളിൽ നിന്നുള്ള ഹിന്ദു, സിഖ്, ബുദ്ധ, പാഴ്സി, ക്രിസ്ത്യൻ സമുദായങ്ങളിൽപ്പെട്ട പീഡിപ്പിക്കപ്പെടുന്ന ന്യൂനപക്ഷങ്ങൾക്ക് ഈ നിയമം സുരക്ഷിത താവളമൊരുക്കുന്നു. രാജ്യമില്ലായ്മയുടെ പ്രശ്നത്തെ ഈ നിയമം അഭിസംബോധന ചെയ്യുന്നു, മനുഷ്യ അന്തസ്സ് നൽകുന്നു, മനുഷ്യാവകാശങ്ങളെ പിന്തുണയ്ക്കുന്നു.”–വിദേശ കാര്യ മന്ത്രാലയ വക്താവ് പറഞ്ഞു.

ഇന്ത്യയുടെ ഭരണഘടന അതിലെ എല്ലാ പൗരന്മാർക്കും മതസ്വാതന്ത്ര്യം ഉറപ്പുനൽകുന്നുണ്ടെന്നും ന്യൂനപക്ഷങ്ങളെക്കുറിച്ച് ഒരു ആശങ്കയ്ക്കും അടിസ്ഥാനമില്ലെന്നും വക്താവ് പറഞ്ഞു.