കഴിഞ്ഞ കൊല്ലം സെപ്റ്റംബറിൽ രാഹുൽ ഗാന്ധിയും ലാലു പ്രസാദ് യാദവും മട്ടൺ കഴിച്ചത് രാജ്യത്തെ ഹിന്ദു വികാരത്തെ വ്രണപ്പെടുത്തിയെന്ന് ആരോപിച്ച് പച്ച വിദ്വേഷ പ്രസംഗം നടത്തി പ്രധാനമന്ത്രി. ജമ്മുവിലെ ഉദ്ദംപൂരിൽ ആയിരുന്നു മോദിയുടെ പ്രസംഗം. കഴിഞ്ഞ വർഷം “സാവൻ” മാസത്തിൽ ആട്ടിറച്ചി കഴിച്ച രാഹുൽ ഗാന്ധിയും ലാലു പ്രസാദ് യാദവും രാജ്യത്തെ ബഹുഭൂരിപക്ഷത്തിന്റെയും വികാരം മാനിക്കുന്നില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. ഇരുനേതാക്കളെയും പേരെടുത്ത് പറയാതെ പ്രധാനമന്ത്രി മോദി അവരെ മുഗളന്മാരുമായി താരതമ്യം ചെയ്യുകയും രാജ്യത്തെ ജനങ്ങളെ പരിഹസിക്കാൻ അവർ ശ്രമിക്കുകയാണെന്ന് ആരോപിക്കുകയും ചെയ്തു. മുഗളന്മാരെപ്പോലെ രാജ്യത്തെ ജനങ്ങളെയും പരിഹസിക്കുക എന്നതായിരുന്നു ഈ ആളുകളുടെ ലക്ഷ്യമെന്ന് മോദി പറഞ്ഞു.
വരാൻ പോകുന്ന തിരഞ്ഞെടുപ്പിൽ അത്ര അനുകൂലമല്ല പല കാര്യങ്ങളും എന്ന സംശയം സംഘ്പരിവാർ ബുദ്ധികേന്ദ്രങ്ങളിൽ ഉയർന്നതിന്റെ പ്രതിഫലനമാണ് വീണ്ടും വിദ്വേഷപരമായ ഉയർത്തിവിട്ട് ഹിന്ദു വോട്ട് സമാഹരിക്കാനുള്ള മോദിയുടെ ശ്രമം എന്ന് കരുതപ്പെടുന്നു.
ആര്ജെഡി നേതാവ് ലാലു പ്രസാദ് യാദവും മുതിര്ന്ന കോണ്ഗ്രസ് എംപി രാഹുല് ഗാന്ധിയും ഒരുമിച്ച് ആട്ടിറച്ചി പാചകം ചെയ്യുന്ന വീഡിയോ കഴിഞ്ഞ വര്ഷം സെപ്റ്റംബറില് പുറത്തുവന്നിരുന്നു.
“കോണ്ഗ്രസിലെയും ഇന്ത്യ മുന്നണിയിലെയും നേതാക്കൾ രാജ്യത്തെ ഭൂരിഭാഗം ജനങ്ങളുടെയും വികാരം പരിഗണിക്കുന്നില്ല. ജനങ്ങളുടെ വികാരങ്ങൾ വെച്ച് കളിക്കുന്നത് അവർ ആസ്വദിക്കുന്നു. കോടതി ശിക്ഷിച്ചതും ജാമ്യത്തിലുള്ളതുമായ ഒരു വ്യക്തിയുടെ – അത്തരമൊരു കുറ്റവാളിയുടെ — വീട് അവർ സന്ദർശിക്കുകയും സാവൻ മാസത്തിൽ ആട്ടിറച്ചി പാചകം ചെയ്യുന്നത് ആസ്വദിക്കുകയും ചെയ്യുന്നു.”– പ്രധാനമന്ത്രി ആക്ഷേപിച്ചു.
തേജസ്വി യാദവിന്റെ പഴയൊരു വീഡിയോയെയും പ്രധാനമന്ത്രി വിമർശിച്ചു. “നവരാത്രി സമയത്ത്, നോൺ-വെജ് ഭക്ഷണം കഴിക്കുക, ഈ വീഡിയോകൾ കാണിക്കുക, ജനങ്ങളുടെ വികാരം വ്രണപ്പെടുത്തുക, ആരെയാണ് നിങ്ങൾ സ്വാധീനിക്കാൻ ശ്രമിക്കുന്നത്?”– പ്രധാനമന്ത്രി ചോദിച്ചു.